ചേമഞ്ചേരിയിലും ചെങ്ങോട്ടുകാവിലും വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി ഉദ്ഘാടനം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (17/03/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

താത്പര്യപത്രം തീയതി നീട്ടി

കോഴിക്കോട് ജില്ലയിലെ വിവിധ ഉത്പന്നങ്ങള്‍ക്ക് ഭൗമസൂചിക പദവി ലഭിക്കുന്നതിനായുള്ള രജിസ്‌ട്രേഷനും കോഴിക്കോട് ബീച്ചില്‍ പാരാഗ്ലൈഡിങ്/ പാരാമോട്ടോര്‍ എന്നിവ ചെയ്യുന്നതിനും വിവിധ ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം സ്വീകരിക്കുന്നതിനുള്ള തീയതി നീട്ടി. മാര്‍ച്ച് 28 വൈകിട്ട് 3 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.dtpckozhikode.com. ഫോണ്‍: 0495- 2720012

വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി 2022 കേന്ദ്രതല ഉദ്ഘാടനം

വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി 2022 കേന്ദ്രതല ഉദ്ഘാടനം ചേമഞ്ചേരിയിലും ചെങ്ങോട്ടുകാവിലും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് നിര്‍വഹിച്ചു. ചേമഞ്ചേരിയില്‍ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ചു. സുനില്‍ തിരുവങ്ങൂര്‍, യു.കെ. രാഘവന്‍ മാസ്റ്റര്‍, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ടി.എം. കോയ, വിജയന്‍ കണ്ണഞ്ചേരി എന്നിവര്‍ സംസാരിച്ചു. വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി പന്തലായനി ബ്ലോക്ക് കണ്‍വീനര്‍ കെ. ഹരിത സ്വാഗതവും വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. ഷീല നന്ദിയും പറഞ്ഞു.

ചെങ്ങോട്ടുകാവില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വേണു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മേലൂര്‍ വാസുദേവന്‍ മുഖ്യാതിഥിയായി. കെ.ടി.എം. കോയ, സുരേഷ് ഉണ്ണി എന്നിവര്‍ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി മധു സ്വാഗതവും കെ. ഹരിത നന്ദിയും പറഞ്ഞു.

60 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കരുതല്‍ ഡോസ്

60 വയസ്സ് കഴിഞ്ഞവരും കോവിഡ് വാക്‌സിനിന്റെ രണ്ട് ഡോസ് എടുത്തവരുമായ എല്ലാവര്‍ക്കും കരുതല്‍ ഡോസ് കൂടി നല്‍കിത്തുടങ്ങി. കോവിഡിനെതിരെ കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. രണ്ടാം ഡോസെടുത്ത് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. ഈ വിഭാഗത്തില്‍ പെട്ടവര്‍ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രവുമായോ ആരോഗ്യപ്രവര്‍ത്തകരുമായോ ബന്ധപ്പെട്ട് കരുതല്‍ ഡോസ് സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.