ഏപ്രിൽ ഒന്ന് വെള്ളിയാഴ്ച റേഷൻ കട അവധി; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (31/03/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

മത പാഠശാലകളിലെ വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷൻ

സംസ്ഥാനത്തെ വിവിധ മത പാഠശാലകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവായി. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യം ഉറപ്പു വരുത്തണം. കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യംചെയ്യാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപടി സ്വീകരിക്കേണ്ടതാണ്. ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി, പഞ്ചായത്ത് ഡയറക്ടർ, തിരുവനന്തപുരം നഗരാസുത്രണ ഡയറക്ടർ എന്നിവർക്ക് കമ്മീഷൻ അംഗങ്ങളായ കെ.നസീറും ബി. ബബിതയും ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് നിർദ്ദേശം നൽകി.

നല്ലളത്ത് പ്രവർത്തിക്കുന്ന അൽഫിത്റ ഇസ്ലാമിക് പ്രീ സ്‌കൂളിൽ പ്രത്യേക മത വിഭാഗത്തിൽപ്പെട്ടവരെ മാത്രമാണ് പ്രവേശിപ്പിക്കുന്നതെന്നും, സ്‌കൂൾ സ്വന്തമായി സിലബസ്സ് തയ്യാറാക്കുകയാണെന്നും മറ്റും ചൂണ്ടിക്കാട്ടി അമീനുദ്ദീൻ കമ്മീഷന് പരാതി നൽകിയിരുന്നു. ഏതെങ്കിലും നിയമ ലംഘനമോ ബാലാവകാശ ലംഘനമോ സ്ഥാപനം നടത്തിയതായി കമ്മീഷൻ കണ്ടെത്തിയിട്ടില്ല. പ്രീപ്രൈമറി വിദ്യാഭ്യാസമാണ് സ്ഥാപനം നൽകുന്നത്. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള ദേശീയ കമ്മീഷൻ നിയമ പ്രകാരമുള്ള ലൈസൻസും അവർ നേടിയിട്ടുണ്ട്. അതിനാൽ പരാതിയിന്മേൽ പ്രത്യേക ഉത്തരവ് കമ്മീഷൻ പുറപ്പെടുവിക്കേണ്ടതില്ല. എന്നാൽ സംസ്ഥാനത്തെ ഒരു കുട്ടിക്ക് പോലും വിദ്യാഭ്യാസ അവസരം നിഷേധിക്കപ്പെടാതിരിക്കാനാണ് കമ്മീഷന്റെ ഇടപെടൽ.

റേഷൻ കട അവധി

ഏപ്രിൽ ഒന്ന് വെള്ളിയാഴ്ച ഓൾ കേരള റീ-ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ സംഘടന അംഗങ്ങൾ പങ്കെടുക്കുന്നതിനാൽ ഈ സംഘടനയിൽപ്പെട്ട റേഷൻ കടകൾ അന്നേ ദിവസം തുറന്നു പ്രവർത്തിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

കൺവെൻഷൻ നടത്തും

കുന്ദമംഗലം ബ്ലോക്കിലെ ഹരിതകർമ്മസേന അംഗങ്ങൾക്ക് ഏപ്രിൽ ഒന്നിന് കൺവെൻഷൻ നടത്തും. മാവൂർ പഞ്ചായത്തിലെ രാജീവ് ഗാന്ധി സെന്ററിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെയാണ് കൺവെൻഷൻ.

കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്റ് ബാബു നെല്ലുളി ഉദ്ഘാടനം ചെയ്യും. വർഷകാല പ്രവർത്തനങ്ങൾ പങ്കുവെയ്ക്കൽ, ട്രെയിനിംഗ് സെഷനുകൾ, ഹരിതകർമ്മസേന അംഗങ്ങളുടെ കലാപരിപാടികൾ, വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും.

ഐ.ടി ഡെമോ എൻട്രികൾ ക്ഷണിച്ചു

മന്ത്രിസഭാ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രദർശനമേളയിൽ ഐടി ഡെമോ ചെയ്യുന്നതിനായി ജില്ലയിലെ എൻജിനീയറിങ് കോളേജുകളിൽനിന്ന് എൻട്രികൾ ക്ഷണിച്ചു.ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്, സെക്യൂരിറ്റി ആപ്ലിക്കേഷൻസ് മേഖലകളിൽ നിന്നുള്ള പ്രൊജക്ടുകൾക്കാണ് അവസരം. സ്റ്റാൾ സ്പേസ് സൗജന്യമായിരിക്കും. താത്പര്യമുള്ളവർക്ക് പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം സഹിതം [email protected], [email protected] എന്നീ മെയിൽ ഐഡികളിലേക്ക് പ്രോജക്ടിന്റെ വിശദാംശങ്ങൾ അടങ്ങിയ അപേക്ഷ ഏപ്രിൽ 4-ന് മുമ്പായി അയക്കാം. ഫോൺ: 0495 2304775, 2964775

ഓംബുഡ്സ്മാൻ സിറ്റിംഗ്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് കോഴിക്കോട് ജില്ലാ എം.ജി.എൻ.ആർ.ഇ.ജി.എസ് ഓംബുഡ്‌സ്മാൻ ഏപ്രിൽ 6ന് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രത്യേക സിറ്റിംഗ് നടത്തുന്നു. രാവിലെ 11 മുതൽ ഒരുമണി വരെയായിരിക്കും സിറ്റിംഗ്. പൊതുജനത്തിനും പദ്ധതി തൊഴിലാളികൾക്കും നേരിട്ട് ഓംബുഡ്‌സ്മാന് പരാതി നൽകാം.

അവധിക്കാല ഫോസ്റ്റർ കെയർ പദ്ധതി അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള ശിശു സംരക്ഷണ സ്ഥാപനത്തിലെ കുട്ടികൾക്ക് മധ്യവേനലവധിക്കാലത്ത് കുടുംബാന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായി നടപ്പാക്കുന്ന പദ്ധതിയാണ് ഇമ്പം-2022 അവധിക്കാല ഫോസ്റ്റർ കെയർ പദ്ധതി. 6 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളെ പദ്ധതിയുടെ ഭാഗമാക്കാൻ പൊതുജനങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 10നകം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, ബി ബ്ലോക്ക്, സിവിൽ സ്റ്റേഷൻ എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0495-2378920.

ബേപ്പൂർ ഉത്തരവാദിത്ത ടൂറിസം ഡയറക്ടറി പ്രകാശനം

ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ടൂറിസം റിസോഴ്സ് ഡയറക്ടറി ഇ-ബുക്കിന്റെയും ഇ- ബ്രോഷറിന്റെയും പ്രകാശനം ഏപ്രിൽ ഒന്നിന് രാവിലെ 11 മണിക്ക് ഫറോക്ക് പി വി കോൺഫറൻസ് ഹാളിൽ നടത്തും. പദ്ധതിയുടെ ഭാഗമായി നടത്തിയ വിവിധ പരിശീലന പരിപാടികളുടെ ഒന്നാംഘട്ടം പൂർത്തിയാക്കിയവരുടെ സംയുക്ത യോഗത്തിന്റെ ഉദ്ഘാടനവും നടക്കും. മുൻസിപ്പൽ ചെയർമാൻ എൻ സി അബ്ദുൽ റസാഖ് അദ്ധ്യക്ഷനാകുന്ന പരിപാടി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

സീനിയർ റസിഡന്റ് ഡോക്ടർ താത്കാലിക നിയമനം

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലേക്ക് സീനിയർ റസിഡന്റ് ഡോക്ടർമാരായി കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കൂടിക്കാഴ്ചക്കായി കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ഓഫീസിൽ ഏപ്രിൽ അഞ്ചിന് രാവിലെ 11 മണിക്ക് ഹാജരാകാം. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ്: govtmedicalcollegekozhikode.ac.in, ഫോൺ: 0495 2350216.

ആർദ്ര കേരളം പുരസ്‌കാര നേട്ടവുമായി നൊച്ചാട് ഗ്രാമപഞ്ചായത്ത്

ആർദ്ര കേരളം പുരസ്‌കാര നേട്ടവുമായി നൊച്ചാട് ഗ്രാമപഞ്ചായത്ത്. ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് ആർദ്ര കേരള പുരസ്‌കാരം നൽകുന്നത്. ഇതിന്റെ ഭാഗമായി നടത്തിയ മൂല്യനിർണയത്തിലാണ് സംസ്ഥാനത്ത് ഏറ്റവുംമികച്ച പ്രകടനം നടത്തിയ മൂന്നാമത്തെ ഗ്രാമപഞ്ചായത്തായി നൊച്ചാടിനെ തിരഞ്ഞെടുത്തത്. ആറ് ലക്ഷം രൂപയാണ് അവാർഡ് തുക.

നവകേരളം കർമ പദ്ധതിയുടെ ഭാഗമായുള്ള ആർദ്രം മിഷന്റെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അംഗീകാരമായി ആർദ്രകേരളം പുരസ്‌കാരം ഏർപ്പെടുത്തിയത്. ഇൻഫർമേഷൻ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്‌കാരം നൽകുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ മുൻഗണനപ്പട്ടിക തയ്യാറാക്കുന്നത്.

തദ്ദേശസ്ഥാപനങ്ങൾ ആരോഗ്യമേഖലയിൽ ചെലവഴിച്ച തുക, സാന്ത്വനപരിചരണ പരിപാടികൾ, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മറ്റുപ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ച് മുൻഗണനപ്പട്ടിക തയ്യാറാക്കിയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കുന്നത്. പ്രതിരോധകുത്തിവെപ്പ്, വാർഡുതല പ്രവർത്തനങ്ങൾ, നടപ്പാക്കിയ നൂതന ആശയങ്ങൾ, പൊതുസ്ഥലങ്ങളിലെ മാലിന്യനിർമാർജനം തുടങ്ങിയവയും പുരസ്‌കാരത്തിനായി വിലയിരുത്തുന്ന ഘടകങ്ങളാണ്.

കോവിഡ് തീർത്ത സാമ്പത്തിക, സാമൂഹിക ആഘാതത്തെ കുറിച്ച് പഠനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ‘നൊച്ചാട് മുതൽ ഗംഗ വരെ’ എന്ന പേരിൽ പഞ്ചായത്ത് പുസ്തകം പുറത്തിറക്കിയിരുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും വരും വർഷങ്ങളിൽ പഞ്ചായത്തിൽ വിവിധ പദ്ധതികൾ നടപ്പാക്കുക.

കുടുബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ എല്ലാ പ്രദേശങ്ങളുലുമുള്ളവർക്ക് ഉപകാരപ്രദമാകുന്ന തരത്തിൽ വ്യാപിപ്പിച്ചു. ഡയാലിസിസ് രോഗികളുടെ വില കൂടിയ മരുന്നുകൾ, ജീവിത ശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ എന്നിവ രോഗികൾക്ക് ലഭിക്കുന്നതിനുള്ള നടപടികളും പഞ്ചായത്ത് സ്വീകരിച്ചു. ആരോഗ്യ മേഖലയും കാർഷിക വകുപ്പും ചേർന്ന് വീടുകളിലും തരിശ് നിലങ്ങളിലും ജൈവ പച്ചക്കറി കൃഷി നടപ്പാക്കിയിരുന്നു.

ആർദ്ര കേരളം പുരസ്കാര നിറവിൽ പുറമേരി ഗ്രാമപഞ്ചായത്ത്

ആരോഗ്യ മേഖലയിലെ മികവാർന്ന പ്രവർത്തനങ്ങൾ പരിഗണിച്ച് സംസ്ഥാന സർക്കാരിന്റെ ആർദ്രകേരളം പുരസ്കാര നിറവിൽ പുറമേരി ഗ്രാമപഞ്ചായത്ത്. കോഴിക്കോട് ജില്ലയിൽ മൂന്നാം സ്ഥാനമാണ് പുറമേരി ഗ്രാമ പഞ്ചായത്ത് നേടിയത്. 2 ലക്ഷം രൂപയാണ് അവാർഡ് തുക.

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് നടപ്പാക്കിയ പദ്ധതികൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, വാക്സിനേഷൻ സംവിധാനം, പകർച്ചവ്യാധി നിയന്ത്രണം, കുടുംബാരോഗ്യ കേന്ദ്രം, ഹോമിയോ, ആയുർവേദ ആശുപത്രികളുടെ സംഘാടനം എന്നീ ഘടകങ്ങളാണ് അവാർഡിന് പരിഗണിച്ചത്.

പുറമേരി പിഎച്ച്സിയിൽ ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് പശ്ചാത്തല സൗകര്യം വികസിപ്പിച്ചത്. കുടുംബാരോഗ്യ കേന്ദ്രത്തിന് എൻക്യുഎഎസ് പുരസ്കാരം ലഭിച്ചിരുന്നു. ആയുർവേദ ആശുപത്രിയും നല്ലരീതിയിലാണ് പ്രവർത്തിക്കുന്നത്. കോവിഡ് കാലത്ത് വാക്സിനേഷൻ അടക്കമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും കൃത്യമായി ഇടപെടാനും ഭരണ സമിതിക്കും ആരോഗ്യ മേഖലയിലെ ജീവനക്കാർക്കും സാധിച്ചതായി പ്രസിഡന്റ് വി.കെ ജ്യോതിലക്ഷ്മി പറഞ്ഞു.

ആയുർവേദ ആശുപത്രിയെ കിടത്തി ചികിത്സ കേന്ദ്രമാക്കാനുള്ള പദ്ധതി രേഖയും പഞ്ചായത്ത് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

ഒഞ്ചിയം ഗ്രാമപഞ്ചായത്ത് 2022-23 വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് റഹീസ നൗഷാദ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. സേവന മേഖലയ്ക്കു മുൻഗണന നൽകിയും ഉത്പാദന- പശ്ചാത്തല മേഖലയ്ക്ക് പ്രാധാന്യം നൽകിയും തീരദേശ മേഖലയിലെ വിനോദസഞ്ചാര സാധ്യതകളെ പരിപോഷിപ്പിക്കാനും കുടിവെള്ള പ്രശ്‌നത്തിനും ശാശ്വത പരിഹാരം കാണാനും ഉതകുന്നതാണ് ബജറ്റ്.

തീരദേശ ടൂറിസത്തിന് 75 ലക്ഷം, കുടിവെള്ള പ്ലാന്റിന് 1.36 കോടി, ഭവന പദ്ധതിക്ക് 2 കോടി, കാർഷിക മേഖലയ്ക്ക് 97 ലക്ഷം, ആരോഗ്യ മേഖലയ്ക്ക് 45 ലക്ഷം, തൊഴിലുറപ്പ് പദ്ധതിക്ക് 4.5 കോടി, വയോജനക്ഷേമത്തിന് 25 ലക്ഷം, യോഗ സെന്ററിന് 15 ലക്ഷം തീരദേശമേഖലയിലെ വികസനത്തിന് 2.41 കോടിരൂപയും പഞ്ചായത്ത് വകയിരുത്തി.

ആകെ 23.52 കോടി രൂപയുടെ പ്രതീക്ഷിത വരവും 23.20 പ്രതീക്ഷിത ചിലവും 31 ലക്ഷംരൂപ മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്. വനിതകൾക്ക് സംരംഭകത്വ പ്രോത്സാഹനം, പ്രതിരോധ പരിശീലനം, ലേബർ ബാങ്ക് എന്നിവ രൂപവത്കരിക്കാൻ തീരുമാനിച്ചു. മൃഗാശുപത്രിക്കും ഹോമിയോ ഡിസ്‌പെൻസറിക്കും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനും പുതിയ കെട്ടിടങ്ങൾ നിർമിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.

സ്ത്രീകൾക്ക് യാത്ര ചെയ്യാൻ തിരഞ്ഞെടുക്കാവുന്ന മികച്ച സംസ്ഥാനം കേരളം – മന്ത്രി മുഹമ്മദ് റിയാസ്

നിലവിൽ ഇന്ത്യയിൽ സ്ത്രീകൾക്ക് ഒറ്റയ്ക്കോ കൂട്ടമായോ യാത്ര ചെയ്യാൻ തിരഞ്ഞെടുക്കാവുന്ന മികച്ച സംസ്ഥാനം കേരളമാണെന്ന് പൊതുമരാമത്തു – ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ്. ടൂറിസം വകുപ്പും വേൾഡ് ഓഫ് വുമണും സംയുക്തമായി സംഘടിപ്പിച്ച സ്വതന്ത്ര യാത്രിക ഫ്ലാഗ് ഓഫ്‌ ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ടൂറിസം വകുപ്പ് കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ലോകത്തിനുമുന്നിൽ പരിചയപ്പെടുത്തുന്ന വാട്സ്ആപ്പ് വിർച്വൽ അസിസ്റ്റന്റ് ‘മായ’യെ മന്ത്രി പരിചയപ്പെടുത്തി.

മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി. ബേപ്പൂർ നിയോജക മണ്ഡലത്തിലെ വിനോദ സഞ്ചാരമേഖലകളിലൂടെ സ്ത്രീകൾ നടത്തുന്ന ടൂ വീലർ യാത്ര ഗോതീശ്വരം ബീച്ചിൽ നിന്നും ആരംഭിച്ചു. ബേപ്പൂർ ബീച്ച്, ചാലിയം പുലിമൂട്ട്, പുഴക്കരപ്പള്ളി ചാലിയം, കടലുണ്ടിക്കടവ് പാലം, കടലുണ്ടി പക്ഷി സങ്കേതം, കടലുണ്ടി കണ്ടൽ വനം, കാൽവരി ചർച്ച്, നല്ലൂർ ക്ഷേത്രം എന്നീ മേഖലകളിലൂടെയാണ് യാത്ര. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും മാറ്റി നിൽക്കപ്പെടേണ്ടി വരുന്ന സ്ത്രീകൾക്ക് അന്യമായ സ്വതന്ത്രമായ യാത്രകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബേപ്പൂരിൻ്റെ പ്രകൃതിഭംഗിയും, സാംസ്കാരിക തനിമയും, പൈതൃക കേന്ദ്രങ്ങളും കോർത്തിണക്കിക്കൊണ്ട് സ്ത്രീകളെ മാത്രം പങ്കെടുപ്പിച്ച് നടത്തുന്ന യാത്രയാണ് ‘സ്വതന്ത്ര യാത്രിക’.

വാർഡ് കൗൺസിലർമാരായ സുരേഷ് കൊള്ളറത്ത്, വാടിയിൽ നവാസ് എന്നിവർ ആശംസ പറഞ്ഞു. വേൾഡ് ഓഫ് വുമൺ സ്ഥാപക കെ. സി. അഫ്സീന സ്വാഗതവും ഡി ടി പി സി സെക്രട്ടറി നിഖിൽദാസ് നന്ദിയും പറഞ്ഞു.

ആർദ്ര കേരള പുരസ്‌കാരം; കാരശ്ശേരി ഗ്രാമപഞ്ചായത്ത് ജില്ലയിൽ രണ്ടാമത്

ആരോഗ്യ മേഖലയിൽ സുവർണ്ണ നേട്ടവുമായി കാരശ്ശേരി ഗ്രാമപഞ്ചായത്ത്. മികച്ച ആരോഗ്യ പ്രവർത്തനങ്ങൾ നടപ്പാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേരള സർക്കാർ നൽകുന്ന ആർദ്ര കേരള പുരസ്‌കാരത്തിന് കോഴിക്കോട് ജില്ലയിൽ രണ്ടാം സ്ഥാനമാണ് കാരശ്ശേരി പഞ്ചായത്ത് സ്വന്തമാക്കിയത്. മൂന്ന് ലക്ഷം രൂപയാണ് അവാർഡ് തുക.

ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട പദ്ധതികൾ, പ്രതിരോധ കുത്തിവെപ്പ്, വാർഡു തല പ്രവർത്തനങ്ങൾ, മറ്റ് പ്രതിരോധ പ്രവർത്തനങ്ങൾ, പൊതുസ്ഥലങ്ങളിലെ മാലിന്യ നിർമാർജ്ജനം, കോവിഡ് പ്രതിരോധവും വാക്‌സിനേഷൻ, പകർച്ച വ്യാധി നിയന്ത്രണം, കുടുംബാരോഗ്യ കേന്ദ്രം, ഹോമിയോ ആയുർവേദ യുനാനി ആശുപത്രികളുടെ മികച്ച സംഘാടനം എന്നീ ഘടകങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. പഞ്ചായത്തിന്റെ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് പ്രസിഡന്റ് സ്മിത പറഞ്ഞു.