എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (26/03/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ഇ.ഡബ്ല്യൂ.എസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ (ഇ.ഡബ്ല്യൂ.എസ്) ആയതു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സർക്കാർ നിശ്ചയിച്ചു നൽകിയിട്ടുള്ള അധികാരികളിൽ നിന്നും ലഭ്യമാക്കി അവരവരുടെ രജിസ്‌ട്രേഷൻ നിലനിൽക്കുന്ന എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ അടിയന്തിരമായി ഹാജരാക്കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ.

മെഡിക്കൽ ഓഫീസർ അഭിമുഖം ഏപ്രിൽ എട്ടിന്

സംസ്ഥാന സർക്കാരിന്റെ ജില്ലാ മാനസികാരോഗ്യ/ വിമുക്തി മിഷൻ പദ്ധതികൾക്ക് കീഴിൽ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഏപ്രിൽ 8ന് രാവിലെ 10.30ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകാം. വിവരങ്ങൾക്ക് 0495 2370494.

കുടിവെള്ള വിതരണം മുടങ്ങും

കേരള ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജല ശുദ്ധീകരണശാലയിൽ നിന്നുള്ള കുടിവെള്ള വിതരണം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ട്രാൻസ്‌ഫോർമറിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മാർച്ച് 27ന് ഭാഗികമായി മുടങ്ങുമെന്ന് പി.എച്ച്. ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കോഴിക്കോട് കോർപ്പറേഷനിലും, ബാലുശ്ശേരി, നന്മണ്ട, കാക്കൂർ, പെരുമണ്ണ, ഒളവണ്ണ, ബേപ്പൂർ, ചെറുവണ്ണൂർ, കടലുണ്ടി, കക്കോടി, കുന്ദമംഗലം, നരിക്കുനി, കുരുവട്ടൂർ, തലക്കുളത്തൂർ എന്നീ പഞ്ചായത്തുകളിലേക്കുമുള്ള ജലവിതരണവും ഭാഗികമായി മുടങ്ങും.

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കൽ

വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മുൻകാല സീനിയോറിറ്റിയോടുകൂടി 2022 ഏപ്രിൽ 30 വരെയുള്ള ദിവസങ്ങളിൽ രജിസ്‌ട്രേഷൻ പുതുക്കി നൽകും. 2000 ജനുവരി മുതൽ 2021 ആഗസ്റ്റ് വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്കാണ് അവസരം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായോ www.eemployment.kerala.gov.in ഓൺലൈൻ പോർട്ടലിന്റെ ഹോം പേജിൽ നൽകിയിട്ടുള്ള സ്‌പെഷ്യൽ റിന്യൂവൽ ഓപ്ഷൻ വഴിയോ ഉദ്യോഗാർത്ഥികൾക്ക് രജിസ്‌ട്രേഷൻ പുതുക്കാവുന്നതാണ്.

ഓൺലൈൻ സർവ്വീസുകൾ മുടങ്ങും

കോഴിക്കോട് ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഏപ്രിൽ 1, 2, 3 തീയ്യതികളിൽ ഓൺലൈൻ സർവ്വീസുകൾ മുടങ്ങും. ഓൺലൈൻ സർവീസ് സോഫ്റ്റ്വെയറായ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം (ILGIMS) വിന്യസിക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് സർവ്വീസുകൾ മുടങ്ങുന്നത്. എൽ.എം.എസ് ഗ്രാമപഞ്ചായത്തുകളിൽ ഏപ്രിൽ 12ന് ഫ്രണ്ട് ഓഫീസ് മുഖേന അപേക്ഷകൾ സ്വീകരിക്കുവാൻ കഴിയില്ല. മാർച്ച് 25 മുതൽ ഏപ്രിൽ 3 വരെ സിറ്റിസൺ പോർട്ടൽ മുഖേന സേവനങ്ങൾ ലഭിക്കുന്നതിനുള്ള സൗകര്യങ്ങളും ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളും ഉണ്ടാവില്ലെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം

കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ മാർച്ച് 31ന് രാവിലെ 10.30ന് കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് സൗജന്യമായും അല്ലാത്തവർക്ക് 250 രൂപ ഒറ്റത്തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകാം. കൂടുതൽ വിവരങ്ങൾക്ക്: calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0495 2370178, വാട്ട്‌സ്ആപ്പ് നമ്പർ: 0495 2370176

സമ്മതിദായകർക്ക് മത്സരം സംഘടിപ്പിക്കും

ജനുവരി 25ന് ആചരിച്ച 12-ാമത് ദേശീയ സമ്മതിദായക ദിനത്തിന്റെ ഭാഗമായി സമ്മതിദായകർക്ക് ‘എന്റെ ഭാവി എന്റെ വോട്ട്’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ക്വിസ്, സംഗീതം വീഡിയോ നിർമാണം, പോസ്റ്റർ ഡിസൈൻ, പരസ്യവാചകം, എന്നീ ഇനങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. വിജയികൾക്ക് ക്യാഷ് പ്രൈസ് നൽകുന്നതാണ്. പങ്കെടുക്കുന്നവർ പേര്, മേൽവിലാസം, ഫോൺ നമ്പർ തുടങ്ങിയ വിശദവിവരങ്ങൾ സഹിതം മാർച്ച് 31 ന് മുമ്പായി [email protected] എന്ന മെയിലിലേക്ക് സൃഷ്ടികൾ അയക്കണം. ഫോൺ: 0495- 2374875

കെ.എസ്.ഇ.ബി തെളിവെടുപ്പ് മാറ്റി

വരവുചെലവു കണക്കുകൾ, വൈദ്യുതി നിരക്കുകൾ പുനർനിർണയിക്കുന്നതിനുള്ള അപേക്ഷകൾ എന്നിവയിൽ കെ.എസ്.ഇ.ബി മാർച്ച് 28നും 30നും നടത്താനിരുന്ന പൊതുതെളിവെടുപ്പ് മാറ്റിവെച്ചു. മാർച്ച് 28, 29 തീയതികളിൽ നടത്തുന്ന പണിമുടക്ക് കാരണം പൊതുജനങ്ങൾക്കുണ്ടാവുന്ന അസൗകര്യം കണക്കിലെടുത്താണ് തെളിവെടുപ്പ് മാറ്റിവെച്ചത്. ഏപ്രിൽ 11, 13 എന്നിവയാണ് പുതുക്കിയ തീയതികൾ. വിശദവിവരങ്ങൾ www.erckerala.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

മലബാർ ബോട്ടാണിക്കൽ ഗാർഡനിൽ ഇലക്ട്രിക് ബഗ്ഗി പ്രവർത്തനം ആരംഭിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിലുള്ള കോഴിക്കോട് മലബാർ ബോട്ടാണിക്കൽ ഗാർഡനിൽ സന്ദർശകർക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ബഗ്ഗി പ്രവർത്തനം ആരംഭിച്ചു. മുതിർന്ന പൗരന്മാർക്കും, ഭിന്നശേഷിക്കാർക്കും വേണ്ടിയാണ് ഇലക്ട്രിക് ബഗ്ഗി പ്രധാനമായും പ്രവർത്തിക്കുന്നത്. എട്ടു പേർക്ക് ഒരേ സമയം ഗാർഡനിലെ വിവിധ കാഴ്കചൾകണ്ടു സഞ്ചരിക്കാൻ സാധിക്കും.

എല്ലാ ദിവസവും രാവിലെ പത്തു മണി മുതൽ ഗാർഡനിൽ സന്ദർശകരെ അനുവദിക്കും. മുപ്പതു രൂപയാണ് നിരക്ക്. സ്‌കൂൾ കുട്ടികൾക്കും ഗ്രൂപ്പുകൾക്കും പ്രത്യേകം നിരക്കുകൾ നിലവിലുണ്ട്. വൈകുന്നേരങ്ങളിൽ സൂര്യാസ്തമയം ആസ്വദിക്കാനായി ധാരാളം ആൾക്കാർ ഗാർഡനിൽ എത്തുന്നുണ്ട്. വ്യത്യസ്ത സസ്യങ്ങൾക്കായുള്ള സംരക്ഷണ കേന്ദ്രങ്ങളും വിവിധതരം അലങ്കാര സസ്യങ്ങളും ഇവിടെയുണ്ട്.

ഇരുവഴിഞ്ഞി പുഴ ശുചീകരിച്ചു

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇരുവഴിഞ്ഞി പുഴ ശുചീകരിച്ചു. ‘തെളിനീരൊഴുകും നവകേരളം; എന്റെ നദി എന്റെ ജീവൻ’ എന്ന മുദ്രാവാക്യവുമായി ആരംഭിച്ച ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം തെയ്യത്തുംകടവിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി നിർവ്വഹിച്ചു. പുതിയോട്ടിൽകടവ് മുതൽ ഇടവഴിക്കടവ് വരെ ഒരു സംഘവും തെയ്യത്തുംകടവ് മുതൽ കാരാട്ട് കടവ് വരെ മറ്റൊരു സംഘവുമാണ് ശുചീകരണത്തിന് നേതൃത്വം നൽകുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് ഷംലുലത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കരീം പഴങ്കൽ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം.ടി റിയാസ്, ബ്ലോക്ക് പഞ്ചായത്ത് ചെയർപേഴ്‌സൺ എം.കെ നെദീറ, മെമ്പർമാരായ ഫസൽ കൊടിയത്തൂർ, അബൂബക്കർ മാസ്റ്റർ, ആയിഷ ചേലപ്പുറം, സുഹ്‌റ വെള്ളങ്ങോട്ട്, ചാത്തമംഗലം പഞ്ചായത്ത് മെമ്പർ റഫീഖ്, നാസർ എറക്കോടൻ തുടങ്ങിയവർ പങ്കെടുത്തു. പുഴയുടെ സംരക്ഷണം ലക്ഷ്യമിടുന്ന ശുചീകരണ പരിപാടിയിൽ വിവിധ രാഷ്ട്രീയ, മത, സാംസ്‌കാരിക സംഘടനകളും ക്ലബുകളും പങ്കാളികളായി.

വേളം ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

എല്ലാവർക്കും കുടിവെള്ളം, കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം എന്നിവയ്ക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് വേളം ഗ്രാമപഞ്ചായത്ത് 2022 – 23 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. ജലജീവൻ മിഷനുമായി സഹകരിച്ച് പഞ്ചായത്തിലെ എല്ലാ കുടുംബങ്ങൾക്കും കുടിവെള്ളം എത്തിക്കാൻ 72 ലക്ഷംരൂപ വകയിരുത്തി. കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കാൻ 25 ലക്ഷം രൂപയും പഞ്ചായത്തിലെ അങ്കണവാടികൾ നവീകരിച്ച് സ്മാർട്ടാക്കാൻ 33 ലക്ഷംരൂപയും ബജറ്റിൽ വകയിരുത്തി.

നെൽകൃഷി വികസനത്തിന് 40 ലക്ഷംരൂപയും കാർഷിക, ക്ഷീര വികസന മേഖലകൾക്ക് 62.25 ലക്ഷം രൂപയും വകയിരുത്തി. വിവിധ ക്ഷേമ പെൻഷനുകൾക്ക് 55.25 ലക്ഷംരൂപ നീക്കിവെച്ചു. ശുചിത്വം, മാലിന്യസംസ്‌കരണം എന്നിവയ്ക്ക് 18 ലക്ഷംരൂപ നീക്കിവെച്ചു. തെരുവ് വിളക്കുകൾക്ക് 31.5 ലക്ഷം രൂപയും വിദ്യാഭ്യാസ പ്രോത്സാഹനം എസ്എസ്എ ഫണ്ട് നൽകൽ തുടങ്ങിയവയ്ക്ക് 22 ലക്ഷം രൂപയും വകയിരുത്തി.

35.21 കോടിരൂപ വരവും 35.08 കോടിരൂപ ചെലവും കഴിച്ച് 12.94 ലക്ഷംരൂപ മിച്ചമുള്ള ബജറ്റാണ് വൈസ് പ്രസിഡന്റ് കെ.സി. ബാബു അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ അധ്യക്ഷയായി. സ്റ്റാന്റിങ്ങ് കമ്മറ്റി അധ്യക്ഷരായ പി.സൂപ്പി മാസ്റ്റർ, സുമ മലയിൽ, സറീന നടുക്കണ്ടി, മെമ്പർമാരായ കെ. അസീസ്, കെ.കെ. മനോജൻ, വി.പി.സുധാകരൻ, അഞ്ജന സത്യൻ, സിത്താര കെ.സി. എം.സി. മൊയ്തു, പഞ്ചായത്ത് സെക്രട്ടറി ഇ.ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.

ഇരുതുള്ളിയിൽ തെളിനീരൊഴുകും; ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു

ഇരുതുള്ളിപ്പുഴയുടെയും തീരത്തിന്റെയും സംരക്ഷണത്തിനായി ഓമശ്ശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ‘മനുഷ്യ മഹായജ്ഞം’ ശുചീകരണ പരിപാടി ജില്ലാകലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്തു. ‘ഇരുതുള്ളിയിൽ തെളിനീരൊഴുകട്ടെ’ എന്ന മുദ്രാവാക്യവുമായി ഇരുതുള്ളിപ്പുഴയുടെയും തീരത്തിന്റെയും ശുചീകരണത്തിന്റെ ഭാഗമാവാൻ ഹരിത കർമ്മസേന, കുടുംബശ്രീ പ്രവർത്തകർ, പഞ്ചായത്ത് അംഗങ്ങൾ, മറ്റു രാഷ്ട്രീയ-സാംസ്‌കാരിക സംഘടനകൾ തുടങ്ങി നിരവധിപ്പേർ പരിപാടിയിൽ പങ്കാളികളായി.

കൊളത്തക്കര, നടമ്മൽപൊയിൽ, കൂടത്തായി, വെളിമണ്ണ വാർഡുകളിലായി 15-ഓളം കിലോമീറ്റർ വിസ്തൃതിയിലാണ് ശുചീകരണ പരിപാടികൾ നടന്നത്. ശേഖരിച്ച മാലിന്യം ഗ്രീൻ വേംസ് എന്ന മാലിന്യ സംസ്‌കരണ ഏജൻസിയുടെ ആഭിമുഖ്യത്തിൽ സംസ്‌കരിക്കും. പഞ്ചായത്ത് പ്രസിഡന്റ് നാസർ പുളിക്കൽ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് രാധാമണി ടീച്ചർ സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ യൂനുസ് അമ്പലക്കണ്ടി പദ്ധതി വിശദീകരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ സൈനുദ്ധിൻ കൊളത്തക്കര പ്രതിജ്ഞ ചൊല്ലി. ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ അബ്ദുള്ളക്കുട്ടി, ഹരിതകേരള മിഷൻ ആർ.പിമാരായ ഡോണ, സുദിന, ഫാഷിദ്, കൊടുവള്ളി ബ്ലോക്ക് ബി.ഡി.ഒ ബിജിൻ ജേക്കബ്ബ് തുടങ്ങിയവർ പങ്കെടുത്തു.

ലൈഫ് ഗുണഭോക്താക്കൾക്ക് ഗ്രീൻ ചാനൽ സംവിധാനം ഒരുങ്ങുന്നു

പിഎംഎവൈ- ലൈഫ് പദ്ധതി പ്രകാരം വീട് നിർമാണത്തിന് തിരഞ്ഞെടുക്കപ്പെട്ട വടകര നഗരസഭയിലെ ഗുണഭോക്താക്കൾ ധനസഹായത്തിന്റെ വിവിധ ഗഡുക്കൾ ലഭിക്കുന്നതിന് അപേക്ഷയുമായി ഇനി നഗരസഭ ഓഫീസ് കയറിയിറങ്ങേണ്ട. സേവനം അതിവേഗം ലഭിക്കുന്നതിനായി നഗരസഭ ഗ്രീൻചാനൽ സംവിധാനം ഒരുക്കുന്നു.

വീട് നിർമാണത്തിന്റെ ഓരോ ഘട്ടവും പൂർത്തിയാക്കിയ ശേഷം ഗുണഭോക്താവ് ആവശ്യപ്പെടുന്ന മുറയ്ക്ക് നഗരസഭ നിയോഗിക്കുന്ന ജിയോടാഗ് സർവേയർ വീടുകളിലെത്തും. ഇതിലൂടെ പിഎംഎവൈ പദ്ധതിക്കുള്ള ഓൺലൈൻ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി പരമാവധി വേഗത്തിൽ ആനുകൂല്യം ലഭ്യമാക്കും. പുതിയ ഡി.പി.ആറിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്കാണ് ഗ്രീൻ ചാനൽ സംവിധാനം ലഭ്യമാവുക.

ഗ്രീൻ ചാനൽ സിസ്റ്റത്തിലേക്ക് മാറുന്നതിന്റെ ഉദ്ഘാടനം വടകര നഗരസഭാ ചെയർപേഴ്‌സൺ കെ.പി ബിന്ദു നിർവഹിച്ചു. വൈസ് ചെയർപേഴ്‌സൺ വനജ അധ്യക്ഷയായി. സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷരായ എം.ബിജു, എം.പ്രജിത, എ.പി സിന്ധു പ്രേമൻ, വിജയി, കൗൺസിലർമാരായ സി.വി പ്രതീശൻ, പി.എസ് അബ്ദുൽ ഹഖീം, നഗരസഭ സെക്രട്ടറി എൻ.കെ ഹരീഷ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ എ.എസ് സുധീപ് എന്നിവർ പദ്ധതി അവതരണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സജീവ് കുമാർ, പ്രൊജക്ട് ഓഫീസർ സന്തോഷ് കുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ജീവതാളം പദ്ധതിയിലൂടെ ആരോഗ്യ കേന്ദ്രത്തിൽ ഫിറ്റ്‌നെസ് സെന്റർ ഒരുക്കി; മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

തലക്കുളത്തൂർ നിവാസികൾക്ക് വ്യായാമം ചെയ്യാൻ ഇനി മുതൽ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് പോയാൽമതി. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തും തലക്കുളത്തൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി ആറ് ലക്ഷംരൂപ മുടക്കി ഇവിടെയൊരു വ്യായാമ കേന്ദ്രം ഒരുക്കിയിട്ടുണ്ട്. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾക്ക് വേണ്ടി നിർമ്മിച്ച ഫിറ്റ്‌നെസ് സെന്റർ ശരിയായ രീതിയിൽ പരിപാലിക്കപ്പെടണം. കൂടുതൽപ്പേർ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ജീവതാളം പദ്ധതിയുടെ ഭാഗമായാണ് ഫിറ്റ്‌നസ് സെന്റർ ഒരുക്കിയത്.

തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ടി പ്രമീള അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സർജാസ്, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൺ കെ.ജി പ്രജിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഐ.പി ഗീത, സി.കെ രാമചന്ദ്രൻ, പഞ്ചായത്ത് അംഗം ചിന്നമ്മ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.