കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു-ഈസ്റ്റര്‍-റംസാന്‍ സഹകരണ വിപണികള്‍ ആരംഭിക്കും; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (05/04/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

അസാപിൽ ഗ്രാഫിക് ഡിസൈനർ കോഴ്‌സ്

അഡോബി സോഫ്റ്റ് വെയറുകൾ പഠിക്കാനുള്ള അസാപിന്റെ ആറ് മാസത്തെ കോഴ്സിലേക്ക് അപേക്ഷിക്കാം. കോഴ്‌സ് കാലാവധി 216 മണിക്കൂർ. ഫീസ് – 16,000 രൂപ. അപേക്ഷിക്കാൻ https://asapkerala.gov.in/course/graphic-designer/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9495999723, 9495999787.

ജില്ലാ ആസൂത്രണ സമിതി യോഗം 11ന്

ജില്ലാ ആസൂത്രണ സമിതി യോഗം ഏപ്രിൽ 11 ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേരും.

ക്വട്ടേഷൻ ക്ഷണിച്ചു

കോഴിക്കോട് ഗവ. എൻജിനീയറിങ്ങ് കോളേജിലെ എ.ഇ. ആൻഡ് ഐ. വിഭാഗത്തിലെ ഇൻസ്ട്രുമെന്റേഷൻ ലാബിലേക്കും കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് ലാബിലേക്കും കൺസ്യൂമബിൾസ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഏപ്രിൽ 19 ഉച്ചക്ക് രണ്ട് മണിവരെ സ്വീകരിക്കും. ഫോൺ : 0495 2383220, 2383210. വെബ്‌സൈറ്റ് : www.geckkd.ac.in.

ഫയൽ അദാലത്ത്

മാർച്ച് അഞ്ച് വരെ ജില്ലാ നഗരാസൂത്രകന്റെ ഓഫീസിൽ നൽകിയതും തീർപ്പാക്കാത്തതുമായ കെട്ടിട നിർമാണ അപേക്ഷകൾ തീർപ്പാക്കുന്നതിനായി ഏപ്രിൽ 21 രാവിലെ 11 മണിക്ക് ഫയൽ അദാലത്ത് നടത്തുന്നു. അദാലത്തിൽ പങ്കെടുക്കാനായി ഏപ്രിൽ 16 വരെ അപേക്ഷിക്കാം. ഫോൺ: 0495 2369300.

ക്വട്ടേഷൻ ക്ഷണിച്ചു

ടൂറിസം വകുപ്പിന് കീഴിലുള്ള ഓഷ്യാനസ് ചാലിയം ഫേസ്-1 പദ്ധതിയുടെ നടത്തിപ്പിനായി മത്സരാധിഷ്ഠിത പിഎംസി ഏജൻസികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഏപ്രിൽ 18 ഉച്ചക്ക് ഒരു മണിവരെ. വിവരങ്ങൾക്ക് : www.dtpckozhikode.com / www.keralatourism.gov.in ഫോൺ : 0495-2720012.

മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു

വടകര നഗരസഭയിലെ ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. സജീവ് കുമാര്‍ അധ്യക്ഷനായി. 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വാഹനങ്ങള്‍ വിതരണം ചെയ്തത്.

നഗരസഭ സെക്രട്ടറി എന്‍.കെ ഹരീഷ്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ പി. വിജയ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ എ.പി പ്രജിത. എം. ബിജു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ജാസ്മിന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ലാപ്‌ടോപ്പ് വിതരണം ചെയ്തു

നാദാപുരം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയര്‍മാന്‍മാരായ സി കെ നാസര്‍, എംസി സുബൈര്‍ , അസി.സെക്രട്ടറി ടി പ്രേമാനന്ദന്‍, എസ്.സി പ്രമോട്ടര്‍ സിജി തുടങ്ങിയവര്‍ പങ്കെടുത്തു.

റോഡ് ഉദ്ഘാടനം ചെയ്തു

ചോറോട് ഗ്രാമപഞ്ചായത്തിലെ നവീകരിച്ച തയ്യില്‍മുക്ക് – അടുവാറി താഴെ റോഡ് നാടിന് സമര്‍പ്പിച്ചു. റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ മധുസൂദനന്‍ അധ്യക്ഷനായി. 2021- 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു-ഈസ്റ്റര്‍-റംസാന്‍ സഹകരണ വിപണികള്‍ ആരംഭിക്കും

പൊതുമാര്‍ക്കറ്റിലുണ്ടാകുന്ന വിലവര്‍ധന തടയുന്നതിനായി കേരള സര്‍ക്കാരിന്റെ സാമ്പത്തികസഹായത്തോടുകൂടി സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് വിഷു ഈസ്റ്റര്‍ റംസാന്‍ സഹകരണ വിപണികള്‍ ആരംഭിക്കും. ജില്ലയിലെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലും, പ്രാഥമിക സഹകരണസംഘങ്ങളുടെ വിപണന കേന്ദ്രങ്ങളിലും, നഗരങ്ങളിലും ഗ്രാമങ്ങളിലുമായാണ് വിപണികള്‍ സംഘടിപ്പിക്കുന്നത്.

സര്‍ക്കാര്‍ സബ്‌സിഡിയോടുകൂടി പൊതുമാര്‍ക്കറ്റിനേക്കാള്‍ ശരാശരി 30 മുതല്‍ 60 ശതമാനം വരെ വിലക്കുറവിലാണ് 13 ഇനം നിത്യോപയോഗസാധനങ്ങള്‍ വില്‍പ്പന നടത്തുന്നത്. സര്‍ക്കാര്‍ സബ്‌സിഡി ഇല്ലാതെതന്നെ വിലക്കുറവില്‍ പലയിനങ്ങളും ലഭ്യമാകും. ഏപ്രില്‍ 12 മുതല്‍ 18 വരെ വിപണികള്‍ തുറന്നു പ്രവര്‍ത്തിക്കും.

കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

പൊതുജനങ്ങളുടെ പരാതിയെ തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ കൊല്ലം, പിഷാരികാവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന വിവിധ കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. പലകടകളിലും സ്റ്റോക്ക് ബോര്‍ഡും, വിലവിവരപട്ടികയും പ്രദര്‍ശിപ്പിക്കാതെ കച്ചവടം നടത്തുന്നതായും അമിതവില ഈടാക്കുന്നതായും ഭക്ഷണശാലകള്‍ വൃത്തിഹീനമായ രീതിയിലും കണ്ടെത്തി.

വിലവിവരപട്ടികയും സ്റ്റോക്ക്ബോര്‍ഡും പ്രദര്‍ശിപ്പിക്കാതെ കച്ചവടം നടത്തുന്ന വ്യാപാരികള്‍ക്ക് ഇവ പ്രദര്‍ശിപ്പിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി. അമിതവില ഈടാക്കിയതിനും, കടകള്‍ വൃത്തിയാക്കാത്തതിനും ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. വരുംദിവസങ്ങളിലും താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ കെ. ഷിംജിത്ത്, കെ.കെ. ബിജു, കെ. സുരേഷ്, വില്ലേജ് ഓഫീസര്‍ കെ.പി. രമേശന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സി. രാജേഷ്, സജിത്ത്കുമാര്‍, ടി.കെ. ഷീബ, സുരേന്ദ്രന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വിതരണം ചെയ്തു

എലത്തൂര്‍ നിയോജക മണ്ഡലത്തിലെ പുതിയാപ്പ, തലക്കുളത്തൂര്‍, കക്കോടി ആശുപത്രികളിലേക്കുള്ള ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ വിതരണോദ്ഘാടനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. പുതിയാപ്പ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സജ്ജമാക്കിയ പുതിയ ലാബും മന്ത്രി ഉദ്ഘാടനം ചെയ്തു.

ആരോഗ്യരംഗത്ത് അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെ സംഘടനയായ ഡോക്ടേഴ്‌സ് ഫോര്‍ യു ആണ് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ സംഭാവന ചെയ്തത്. കൗണ്‍സിലര്‍ വി.കെ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ വി പി മനോജ്,ഇ പി സഫീന, എസ്എം തുഷാര, മെഡിക്കല്‍ ഓഫീസര്‍ ഡോ.മിഥുന്‍ശശി തുടങ്ങിയവര്‍ പങ്കെടുത്തു.

തലക്കുളത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പന്‍കണ്ടി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ. സര്‍ജാസ്, ഹരിദാസന്‍ ഈച്ചരോത്ത്, ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ജി പ്രജിത, ബ്ലോക്ക് പഞ്ചായത്ത് അംഗം ഐപി ഗീത, മെഡിക്കല്‍ ഓഫീസര്‍ ബേബി പ്രീത തുടങ്ങിയവര്‍ പങ്കെടുത്തു.

കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി പി വിനോദ്, മെഡിക്കല്‍ ഓഫീസര്‍ ദിവ്യ, സ്ഥിരം സമിതി അംഗം പുനത്തില്‍ മല്ലിക, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.