പൊയില്‍ക്കാവ് ദുര്‍ഗാ-ദേവീ ക്ഷേത്ര മഹോത്സവം മാര്‍ച്ച് 14 ന് കൊടിയേറും; ഗാനമേള, സംഗീതസന്ധ്യ, ഡയനാമിറ്റ് ഡിസ്‌പ്ലേ; മാറ്റ് കൂട്ടാന്‍ തെച്ചിക്കോട്ടുകാവ് ദേവീദാസന്‍ ഉള്‍പ്പെടെയുള്ള ഗജവീരന്മാരും


കൊയിലാണ്ടി: ഉത്തര കേരളത്തിലെ പ്രസിദ്ധ ക്ഷേത്രമായ പൊയില്‍ക്കാവ് ദുര്‍ഗാ-ദേവീ ക്ഷേത്ര മഹോത്സവം മാര്‍ച്ച് 14 മുതല്‍ 20 വരെ നടക്കും. വൈവിധ്യമായ നിരവധി പരിപാടികളോടെയാണ് ഉത്സവം ആഘോഷിക്കാന്‍ ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും നാട്ടുകാരും തീരുമാനിച്ചിരിക്കുന്നത്.

മാര്‍ച്ച് 14 നാണ് കൊടിയേറ്റം. അന്നേദിവസം ഭജനാമൃതം ഉണ്ടായിരിക്കും. 17 ഉച്ചയ്ക്ക് 12 മണി മുതല്‍ ക്ഷേത്ര പരിസരത്ത് പ്രസാദ ഊട്ട് ഉണ്ടാകും. അന്നേ ദിവസം രാത്രി എട്ട് മണിക്ക് ഗന്ധര്‍വ്വസംഗീതം, മണിമേളം, കോമഡി ഉത്സവം ഫെയിം വിപിന്‍നാഥ് നയിക്കുന്ന ഗാനമേള നടക്കും. ഉത്സവം ലവേഴ്‌സ് ട്വന്റി-22 സ്‌പോണ്‍സര്‍ ചെയ്യുന്ന ഗാനമേള അവതരിപ്പിക്കുന്നത് റിഥം ഓര്‍ക്കസ്ട്ര കോഴിക്കോടാണ്.

വലിയവിളക്ക് ദിവസമായ മാര്‍ച്ച് 18 ന് രാത്രി ഏഴരയ്ക്ക് സാഹിത്യ, സാംസ്‌കാരിക, കലാ, ശില്‍പ്പ, ബൗദ്ധിക മണ്ഡലങ്ങളില്‍ പ്രതിഭ കൊണ്ട് പ്രശോഭിതരായ അഞ്ച് പേരെ ഉത്സവാഘോഷ കമ്മിറ്റി ആദരിക്കുന്ന ‘ആദരം സാദരം’ എന്ന പരിപാടി നടക്കും. ശ്രീജിത്ത് പൊയില്‍ക്കാവ്, സി.വി.ബാലകൃഷ്ണന്‍, സത്യചന്ദ്രന്‍ പൊയില്‍ക്കാവ്, ഷാജി പൊയില്‍ക്കാവ്, രശ്മി രമേശ് എന്നിവരെയാണ് ആദരിക്കുന്നത്. എട്ട് മണിക്ക് സുസ്മിത ഗിരീഷ് അവതരിപ്പിക്കുന്ന സംഗീതസന്ധ്യ ‘ലതാജീ കീ ആവാസ്’ അരങ്ങേറും.

പൊയിൽക്കാവ് വനദുർഗാ ക്ഷേത്രം

ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടിന് പേരുകേട്ട ക്ഷേത്രമാണ് പൊയില്‍ക്കാവിലേത്. ഈ വര്‍ഷവും ഗംഭീര ആകാശവിസ്മയമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഉത്സവത്തിന്റെ പ്രധാന ദിവസമായ മാര്‍ച്ച് 19 ന് രാത്രിയാണ് പൊയില്‍ക്കാവിന്റെ ആകാശത്ത് ഡയനാമിറ്റ് ഡിസ്‌പ്ലേ വിരിയുക.

ഉത്സവത്തിന് മാറ്റുകൂട്ടാനായി ഗജവീരന്മാരും പൊയില്‍ക്കാവിലെത്തും. തെച്ചിക്കോട്ടുകാവിന്റെ യുവരാജാവ് എന്നും നവയുഗ ഛത്രാധിപതി എന്നും വിശേഷണമുള്ള തെച്ചിക്കോട്ടുകാവ് ദേവീദാസന്‍ ഉള്‍പ്പെടെയുള്ള ആനകളാണ് പൊയില്‍ക്കാവ് ദുര്‍ഗാ-ദേവി ക്ഷേത്രോത്സവത്തിനായി എത്തുക.