‘ഇനി ഞാൻ ഒഴുകട്ടെ’; ചെറുപുഴയുടെ ജനകീയ വീണ്ടെടുപ്പിനായി ഒരുമ റസിഡൻസ് അസോസിയേഷൻ നൂറ് കുടുംബങ്ങളെ പങ്കെടുപ്പിക്കും


കടിയങ്ങാട്: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ചെറുപുഴയുടെ ജനകീയ വീണ്ടെടുപ്പിനായുള്ള സന്നദ്ധ പ്രവർത്തകരുടെ ശ്രമദാന പങ്കാളിത്തത്തിൽ ഒരുമ റസിഡൻസ് അസോസിയേഷൻ കടിയങ്ങാട് ജനകീയ കൂട്ടായ്മയിലെ നൂറ് കുടുംബങ്ങൾ പങ്കെടുക്കും. ഇവരെ കൂടാതെ ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ തുടങ്ങിയവരെ അണിനിരത്തി ചെറുപുഴയുടെ ഭാഗമായ കരിങ്ങാട്ട് നരിക്കലക്കണ്ടി, ആട്ടോത്ത്, സ്റ്റേഡിയം എന്നീ കടവുകൾ കേന്ദ്രമാക്കി പ്രവർത്തനം ക്രമീകരിക്കാനും യോഗത്തിൽ ധാരണയായി.

ദേശീയ ജലദിനമായ മാർച്ച്‌ 22-നാണ് അയ്യായിരത്തോളംപേരുടെ പങ്കാളിത്തത്തോടെ ചെറുപുഴയിലെ മാലിന്യം നീക്കി ആവാസ വ്യവസ്ഥക്ക് യോഗ്യമാക്കി കുറ്റിക്കാടുകൾ വെട്ടിമാറ്റാനുള്ള പ്രവർത്തനം നടക്കുന്നത്. തീരം ഇടിഞ്ഞും മരങ്ങൾ വീണടിഞ്ഞും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിറഞ്ഞും പുഴ മലിനമായി കിടക്കുകയാണ്.

വേനൽക്കാലമാകുന്നതോടെ പുഴയിലേക്കുള്ള നീരൊഴുക്ക് നിലയ്ക്കും. ഈ സാഹചര്യത്തിലാണ് പുഴയുടെ സമീപവാസികൾ പുഴ സംരക്ഷണം ഏറ്റെടുക്കാനായി മുന്നോട്ടു വന്നത്. സലാം ചേനായിയുടെ അധ്യക്ഷതയിൽ നടന്ന സന്നദ്ധ പ്രവർത്തകരുടെ യോഗത്തിൽ വിനോദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. പടിഞ്ഞാറയിൽ അമ്മദ് മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. വി.പി.രാജീവൻ, കുമാരൻ എന്നിവർ പങ്കെടുത്തു.