വടകര പഴയ ബസ് സ്റ്റാന്റ് ഇനി പുതുമോടിയിൽ; നവീകരണ പ്രവൃത്തി ആരംഭിച്ചു


വടകര: വടകര പഴയ ബസ് സ്റ്റാൻഡ് നവീകരണം തുടങ്ങി. ബസ് സ്റ്റാൻഡിന് അരനൂറ്റാണ്ടോളം പഴക്കമുണ്ട്. 1973 ലാണ് പഴയ ബസ്റ്റാൻഡ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. ശേഷം നവീകരണ പ്രവൃത്തികൾ ഒന്നും നടന്നിട്ടില്ല.

കെട്ടിടത്തിൽ ചോർച്ച ഉണ്ടായതോടെ അറ്റകുറ്റപ്പണികൾ നടത്തണമെന്ന ആവശ്യം ശക്തമായിരുന്നു. തുടർന്ന് നഗരസഭ പ്ലാൻ ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ ചെലവഴിച്ച് പ്രവൃത്തി ആരംഭിച്ചിരിക്കുകയായിരുന്നു.

സ്റ്റാൻഡിനുള്ളിൽ ആളുകൾ ബസ് കാത്തുനിൽക്കുന്നതിന്റെ ഭാഗത്ത് തൂണുകൾക്ക് മുകളിൽ നിന്നും, ഇരിപ്പിടത്തിന്റെ മേൽഭാഗത്തു നിന്നുമെല്ലാം കോൺക്രീറ്റ് അടർന്ന് വീഴുന്നുണ്ടായിരുന്നു. മഴക്കാലമായാൽ സ്റ്റാന്റിനുള്ളിലേക്ക് ആളുകൾക്ക് കയറാൻ കഴിയാത്ത സ്ഥിതിയായിരുന്നു. സ്റ്റാൻഡിനുള്ളിലെ കച്ചവടക്കാരും കോൺക്രീറ്റ് അടർന്നു വീഴുന്നത് കാരണം വളരെ പ്രയാസം അനുഭവിച്ചിരുന്നു. അപകടകരമായ ഈ അവസ്ഥയിലാണ് നവീകരണ പ്രവൃർത്തി ആരംഭിച്ചത്.

മേൽക്കൂര മുഴുവനായി പൊളിച്ചുമാറ്റിയതിന് പിന്നാലെ ഒരു ഭാഗത്തുനിന്ന് പുതിയ ഷീറ്റ് പാകി തുടങ്ങി. യു.എൽ.സി.സി.എസാണ് പ്രവർത്തി ഏറ്റെടുത്തിരിക്കുന്നത്. കച്ചവടക്കാരുടേയും യാത്രക്കാരുടെയും സൗകര്യത്തിന് രാത്രിയിലാണ് പണി നടക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ പണി പൂർത്തിയാകുമെന്ന് നഗരസഭ അധികൃതർ പറഞ്ഞു.