നിപ: കോഴിക്കോട് ജില്ലയിലെ നിയന്ത്രണങ്ങള്‍ തുടരും; ഒക്ടോബര്‍ ഒന്ന് വരെ അത്യാവശ്യമല്ലാത്ത പൊതു പരിപാടികള്‍ മാറ്റിവെക്കണം


കോഴിക്കോട്: നിപയെ തുടര്‍ന്ന് ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം നീട്ടിയതായി ജില്ലാ കലക്ടറുടെ ഉത്തരവ്‌. വിദഗ്ധസമിതിയുടെ നിർദേശങ്ങൾ അനുസരിച്ച്, ജില്ലയിൽ നിപ ജാഗ്രത പൂർണമായും പിൻവലിക്കാനായിട്ടില്ലെന്നും, ഈ സാഹചര്യത്തിൽ ഒക്ടോബർ ഒന്ന് വരെ അത്യാവശ്യമല്ലാത്ത എല്ലാ പൊതുപരിപാടികളും മാറ്റിവെക്കണമെന്നും കലക്ടർ ഉത്തരവിട്ടു.

സാമൂഹിക അകലം പാലിക്കണമെന്നും, മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കണമെന്നും ഉത്തരവില്‍ പറയുന്നു. മുമ്പ് സെപ്തംബര്‍ 24വരെയായിരുന്നു നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നത്. സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ ക്വാറന്റയിന്‍ കാലാവധി കഴിയുന്നത് വരെ നിയന്ത്രണം തുടരാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

അതേ സമയം, നിപ ജാഗ്രതയുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ക്കു ശേഷം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് വീണ്ടും തുറന്നു. കണ്ടെയ്ന്‍മെന്റ്‌ സോണില്‍ ഉള്‍പ്പെടാത്ത വിദ്യാഭ്യാസസ്ഥാപനങ്ങളാണ് ഇന്ന് തുറന്നത്. കണ്ടെയ്ന്‍മെന്റ്‌ സോണിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ പിന്‍വലിക്കും വരെ ഓണ്‍ലൈന്‍ പഠനം തുടരുന്നതായിരിക്കും.