ദേശീയപാത വികസനം; ഡി.പി.ആര്‍ പുറത്തുവിടാത്തതില്‍ വടകര ഉള്‍പ്പെടെയുള്ള മേഖലകളില്‍ പ്രതിഷേധം


വടകര: ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് വെങ്ങളം-അഴിയൂര്‍ റീച്ചില്‍ ഡീറ്റൈല്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആര്‍) പുറത്തുവിത്തതില്‍ പ്രതിഷേധമുയരുന്നു. ഡി.പി.ആര്‍ പുറത്തു വിടാന്‍ ദേശീയപാത അതോറിറ്റി തയാറാകാത്തതിനാല്‍ വലിയ ആശങ്കയാണ് നിലനില്‍ക്കുന്നത്.

ഡി.പി.ആര്‍ ലഭിക്കാത്തതിനാല്‍ പല ഭാഗങ്ങളിലും നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ദേശീയപാത നിര്‍മാണപ്രവൃത്തി പകുതിയിലധികം പിന്നിട്ടിട്ടും അധികൃതര്‍ ഡി.പി.ആര്‍ നല്‍കാതെ ഉരുണ്ടുകളിക്കുകയാണ്. നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയരുമ്പോള്‍ വിളിച്ചുചേര്‍ക്കുന്ന യോഗങ്ങളില്‍ ജനപ്രതിനിധികള്‍ ഡി.പി.ആര്‍ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുമ്പോാള്‍ അധികൃതര്‍ മൗനംപാലിക്കുകയാണ്.

ഡി.പി.ആര്‍ ലഭ്യമല്ലാത്തതിനാല്‍ നിര്‍മാണം പാതിയിലെത്തുമ്പോഴാണ് യാത്രാപ്രശ്‌നത്തിന്റ രൂക്ഷത ജനം മനസ്സിലാക്കുന്നത്. നാദാപുരം റോഡിലും മുക്കാളിയിലും ജനങ്ങള്‍ സമരമുഖത്താണ്. വടക്കേ മുക്കാളിയില്‍ നിലവിലുള്ള അടിപ്പാത സംരക്ഷിക്കാനും ചോമ്പാല്‍ ബംഗ്ലാവില്‍ ക്ഷേത്രത്തിനടുത്ത് ഹൈവേയില്‍ നിര്‍മിച്ച ഡ്രെയ്നേജിലെ വെള്ളം പൊതുവഴിയിലേക്ക് തുറന്നുവിടുന്നതിനുമെതിരെ മുക്കാളി അടിപ്പാത ഡ്രെയ്‌നേജ് സംരക്ഷണ സമിതി പ്രത്യക്ഷ സമരം തുടങ്ങിയിട്ടുണ്ട്.

മടപ്പള്ളിയില്‍ അടിപ്പാത നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാണ്. സര്‍വിസ് റോഡുകളില്‍നിന്ന് ദേശീയപാതയിലേക്കു കയറാന്‍ ടൗണുകളില്‍നിന്ന് ദീര്‍ഘദൂരം പോകേണ്ട അവസ്ഥയാണ്. ഇതിന് ശാശ്വതപരിഹാരം കാണാന്‍ ഡി.പി.ആര്‍ ഉള്‍പ്പെടെ ലഭ്യമാക്കി ജനങ്ങളെ വിശ്വാസത്തിലെടുത്ത് അധികൃതര്‍ മുന്നോട്ടുപോകണമെന്ന ആവശ്യം ശക്തമാണ്.

ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് ഡി.പി.ആര്‍ പുറത്തുവിടാന്‍ ദേശീയപാത അതോറിറ്റി തയാറാവണമെന്ന് ദേശീയപാത കര്‍മസമിതി ജില്ല കമ്മിറ്റി യോഗവും ആവശ്യപ്പെടുന്നുണ്ട്. ജനപ്രതിനിധികള്‍ക്കുപോലും ഡി.പി.ആര്‍ നല്‍കാത്തതില്‍ ദുരൂഹതയുണ്ടെന്നും കുറ്റപ്പെടുത്തി. കര്‍മസമിതി വിവരാവകാശം മുഖേന ഡി.പി.ആര്‍ ലഭ്യമാക്കാനും നടപടി തുടങ്ങിയിട്ടുണ്ട്.

ചെയര്‍മാന്‍ സി.വി. ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. എ.ടി മഹേഷ്, പ്രദീപ് ചോമ്പാല, കെ കുഞ്ഞിരാമന്‍, പി സുരേഷ്, പി.കെ കുഞ്ഞിരാമന്‍, പി പ്രകാശ് കുമാര്‍, അബു തിക്കോടി, പി ബാബുരാജ്, ശ്രീധരന്‍ മൂരാട്, രാമചന്ദ്രന്‍ പൂക്കാട് എന്നിവര്‍ സംസാരിച്ചു.