നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിനെത്തിയ തൊഴിലാളികള്‍ക്ക് കരാറ് കമ്പനി ഒരുക്കിയത് വൃത്തിഹീനമായ താമസസ്ഥലം; ലേബര്‍ ക്യാമ്പിനെതിരെ സമരവുമായി സി.പി.എം (വീഡിയോ കാണാം)


കൊയിലാണ്ടി: ദേശീയപാത 66 ൽ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണത്തിനായി എത്തിയ തൊഴിലാളികൾക്കായി കരാറ് കമ്പനി ഒരുക്കിയത് വൃത്തിഹീനമായ താമസസ്ഥലം. നന്തി ശ്രീശൈലം കുന്നിലെ ലേബർ ക്യാമ്പ് പ്രദേശവാസികളുടെ ആരോഗ്യത്തിന് പോലും ഭീഷണിയുയർത്തുന്നതാണ്. ഇതൊന്നും കണക്കിലെടുക്കാതെയാണ് കമ്പനി നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്നത്.

വാഗാഡ് ഇൻഫ്ര എന്ന കമ്പനിയാണ് ബൈപ്പാസ് നിർമ്മാണത്തിന്റെ കരാറെടുത്തിരിക്കുന്നത്. കമ്പനിയുടെ മനുഷ്യത്തരഹിതമായ നിലപാടിനെതിരെ സി.പി.എം രംഗത്തെത്തി. പ്രദേശവാസികൾ വികസനത്തിനെതിരല്ലെന്നും എന്നാൽ കമ്പനിയുടെ മനുഷ്യത്വമില്ലാത്ത നിലപാടിനെതിരെ അധികൃതരോട് നേരിട്ടുള്ള സമരം പ്രഖ്യാപിക്കുകയാണെന്നും സി.പി.എം അറിയിച്ചു.

മൂന്ന് മാസം മുമ്പ് സി.പി.എം നന്തി ലോക്കൽ സെക്രട്ടറിയും ബ്രാഞ്ച് അംഗങ്ങളും കമ്പനി അധികൃതരുമായി സമവായ ചർച്ച നടത്തിയിരുന്നു. ലേബർ ക്യാമ്പിലെ സെപ്റ്റിക് ടാങ്ക് നിർമ്മാണവും പൊടിശല്യവും ചുറ്റുമതിൽ ബലപ്പെടുത്തുന്നതുമായിരുന്നു ചർച്ചയിലെ പ്രധാന വിഷയങ്ങൾ. ഇതെല്ലാം പരിഹരിക്കാമെന്ന് കമ്പനിയുടെ റീജിയണൽ ഓഫീസർ വാക്കാൽ ഉറപ്പ് നൽകിയിരുന്നുവെന്നും സി.പി.എം പറയുന്നു.

എന്നാൽ ഇക്കാലമത്രയും കമ്പനി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് സി.പി.എം ആരോപിച്ചു. തൊഴിലാളികൾ മലമൂത്രവിസർജ്ജനം നടത്തുന്നത് തുറസ്സായ സ്ഥലങ്ങളിലാണ്. കമ്പനി ക്യാമ്പിൽ സ്ഥാപിച്ച കക്കൂസ് ടാങ്കുകൾ പ്രദേശത്ത് കോളറ, മലേറിയ ഉൾപ്പെടെയുള്ള രോഗങ്ങൾ തിരിച്ച് വരാൻ കാരണമാവും. വെറും മണ്ണിൽ ജെ.സി.ബി ഉപയോഗിച്ച് കുഴികുത്തി കല്ല് കെട്ടാതെയും സ്ലാബ് ഇട്ട് മൂടാതെയുമാണ് ടാങ്കുകൾ നിർമ്മിച്ചത്.

ഇതെല്ലാം നേരിട്ട് ബോധ്യപ്പെട്ട സാഹചര്യത്തിൽ സി.പി.എം ഇന്നലെ അടിയന്തിര യോഗം ചേർന്നു. ഇതിന് ശേഷമാണ് സി.പി.എം നന്തി ലോക്കൽ സെക്രട്ടറി വിജയരാഘവൻ മാസ്റ്ററുടെ നേതൃത്വത്തിൽ വീരവഞ്ചേരി, വീരവഞ്ചേരി വെസ്റ്റ്, പാറക്കാട് ബ്രാഞ്ച് അംഗങ്ങളും സി.പി.എം പ്രവർത്തകരും എത്തി ക്യാമ്പ് ഉപരോധിക്കുകയും ഓഫീസ് പ്രവർത്തനം സ്തംഭിപ്പിക്കുകയും ചെയ്തു.

ഇതിനെ തുടർന്ന് അധികൃതർ തുറന്നിട്ട കക്കൂസ് കുഴികൾ മണ്ണിട്ട് മൂടി. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് പുതിയ ടാങ്കുകളുടെ നിർമ്മാണം ഇന്നുതന്നെ തുടങ്ങുമെന്നും കമ്പനി രേഖാമൂലം ഉറപ്പുനൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

വീഡിയോ കാണാം: