‘മാണിക്യം വിളി’ക്ക് ശേഷം ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ കൊടിയുയര്‍ന്നു; മുചുകുന്നിന് ഇനി ഉത്സവനാളുകള്‍; കോട്ട-കോവിലകം ക്ഷേത്രം ആറാട്ട് മഹോത്സവത്തിന്റെ വിശേഷങ്ങള്‍ (വീഡിയോ കാണാം)


സ്വന്തം ലേഖകൻ

കൊയിലാണ്ടി: മലബാറിലെ പ്രസിദ്ധമായ മുചുകുന്ന് കോട്ട-കോവിലകം ക്ഷേത്രം ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ബുധനാഴ്ച രാത്രിയില്‍ നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ കോട്ടയില്‍ ക്ഷേത്രാങ്കണത്തിലാണ് കൊടിയേറ്റം നടന്നത്. കോട്ടയില്‍ ക്ഷേത്രം തന്ത്രി മേപ്പള്ളിമന ഉണ്ണികൃഷ്ണന്‍ അടിതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു കൊടിയേറ്റം.

കൊടിയേറ്റ ദിവസമായ ഇന്നലെ പകല്‍ കോവിലകം ക്ഷേത്രത്തില്‍ കലവറ നിറയ്ക്കല്‍ ഉണ്ടായി. വൈകീട്ട് നാല് മണിക്ക് കോട്ടയകത്ത് നിന്ന് തണ്ടാന്റെ മേലേരി വരവോട് കൂടി കോട്ടയില്‍ ക്ഷേത്രത്തിലേക്ക് കൊടിമരവരവ് നടന്നു.

വൈകീട്ട് ഏഴരയോടെ എടമന ഇല്ലത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കോവിലകം ക്ഷേത്രത്തില്‍ നിന്ന് കോട്ടയില്‍ ക്ഷേത്രത്തിലേക്ക് ചമയങ്ങളില്ലാത്ത കൊമ്പനാനപ്പുറത്ത് അനാര്‍ഭാടമായി തിടമ്പെഴുന്നള്ളിച്ചു.


കൊടിയേറ്റത്തിന് മുമ്പായി നടന്ന എഴുന്നള്ളത്ത്


തിടമ്പെഴുന്നള്ളിപ്പ് കോട്ടയില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച ശേഷം ഐതീഹ്യപരമായി പ്രാധാന്യമുള്ള ചടങ്ങായ ‘മാണിക്യം വിളി’ നടന്നു. ഇതിന് ശേഷമാണ് കൊടിയേറിയത്. കൊടിയേറ്റത്തിന് ശേഷം ശ്രീഭൂതബലി, സോപാനനൃത്തം, അരുളപ്പാട് എന്നിവ നടന്നു. മാര്‍ച്ച് 14 ന് രാത്രി കോവിലകം ക്ഷേത്രത്തിലാണ് ആറാട്ട് നടക്കുക. മാര്‍ച്ച് 15 ന് വൈകീട്ടുള്ള മടക്കെഴുന്നള്ളിപ്പോടെ ഉത്സവത്തിന് സമാപനമാകും.

‘മാണിക്യം വിളി’യുടെ ഐതീഹ്യം

മുചുകുന്ന് കോട്ടയില്‍ ക്ഷേത്രത്തിന്റെ ചരിത്രവും ഐതീഹ്യവുമായി ബന്ധപ്പെട്ട് കിടക്കുന്ന അപൂര്‍വ്വമായ ചടങ്ങാണ് മാണിക്യം വിളി. എടമന ഇല്ലത്തെ നമ്പൂതിരിയാണ് മാണിക്യം വിളിച്ച് തുടങ്ങിയതെന്ന് മുചുകുന്ന് കോട്ട-കോവിലകം ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മങ്കൂട്ടില്‍ ഗംഗാധരന്‍ നായര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

എല്ലാ വര്‍ഷവും കൊടിയേറ്റ ദിവസം വൈകീട്ട് കോവിലകം ക്ഷേത്രത്തില്‍ നിന്ന് ഭഗവാന്റെ തിടമ്പ് കോട്ടയില്‍ ക്ഷേത്രത്തിലേക്ക് ചമയങ്ങളില്ലാത്ത കൊമ്പനാനപ്പുറത്ത് എഴുന്നള്ളിച്ച് കൊണ്ടുപോകുന്നത് മുചുകുന്ന് എടമന ഇല്ലത്തു നിന്നുള്ള പ്രതിനിധിയാണ്. ഈ എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തിയ ശേഷം തിടമ്പെഴുന്നള്ളിച്ച് വന്ന എടമന ഇല്ലത്തെ പ്രതിനിധി കുത്തുവിളക്കിന്റെ അകമ്പടിയോടെ കോട്ടയില്‍ ക്ഷേത്രത്തിന്റെ പിറക് വശത്തെത്തി വാതില്‍ തുറന്ന് ‘മങ്ങാട്ട് മാണിക്യേ….’ എന്ന് ഉറക്കെ വിളിക്കുകയും കാട്ടില്‍ നിന്ന് അതിന് മറുപടി ലഭിക്കുകയും ചെയ്യുന്നതാണ് ലളിതവും എന്നാല്‍ അതീവ പ്രാധാന്യമുള്ളതുമായ ഈ ചടങ്ങ്.


മുചുകുന്ന് കോവിലകം ക്ഷേത്രം


ക്ഷേത്രോല്‍പ്പത്തിയുമായി ബന്ധപ്പെട്ട ചടങ്ങാണ് ഇത്. ഐതീഹ്യപ്രകാരമുള്ള കഥ ഇങ്ങനെ: നിബിഡവനമായിരുന്ന ഈ പ്രദേശത്തിന്റെ മധ്യത്തിലാണ് കോട്ടയില്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുചുകുന്ദ മഹര്‍ഷി ഇവിടെ തപസ് ചെയ്ത് പരമശിവനെ പ്രത്യക്ഷപ്പെടുത്തി എന്നാണ് വിശ്വാസം. പരിവാരസമേതം പ്രത്യക്ഷപ്പെട്ട പരമശിവനും അദ്ദേഹത്തിന് ആരാധിക്കാനെത്തിയ ദേവന്മാരും ആദിത്യഭഗവാനുമെല്ലാം സ്വയംഭൂ ശിലകളായി മാറി അപ്രത്യക്ഷരായി.

തപസ്വികളായ ഋഷിവര്യന്മാരുടെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം ഭക്തിയും വിശ്വാസവുമെല്ലാം കുറയാന്‍ തുടങ്ങി. ഇതോടെ നിത്യപൂജാദി കര്‍മ്മങ്ങളും മുടങ്ങി. കൊടുംവനത്തില്‍ വെറുതേ കിടന്ന സ്വയംഭൂ ശിലകള്‍ക്ക് ദേവന്മാര്‍ പൂജ ചെയ്തു. ഇന്നും കോട്ടയില്‍ ക്ഷേത്രത്തില്‍ രാത്രികാലങ്ങളില്‍ പൂജകള്‍ നടക്കുന്നില്ല. രാത്രിയിലെ നിത്യപൂജ ചെയ്യുന്നത് ദേവന്മാരാണ് എന്നാണ് സങ്കല്‍പ്പം.

ഐതീഹ്യപ്രകാരം പണ്ടൊരിക്കൽ ഇവിടെ വിറക് ശേഖരിക്കാനായി എത്തിയ ഒരാള്‍ തന്റെ ആയുധം മൂര്‍ച്ച കൂട്ടുന്നതിനിടെ അവിടെ ഉണ്ടായിരുന്ന കല്ലില്‍ നിന്ന് രക്തം വന്നത് കണ്ട് ഭയന്നോടി അല്‍പ്പം ദൂരെയുള്ള എടമന ഇല്ലത്തെത്തി വിവരം അറിയിച്ചു. വിവരമറിഞ്ഞ് എടമന ഇല്ലത്തെ നമ്പൂതിരി കാടിനുള്ളിലെത്തി സ്വയംഭൂവായ ശിലകള്‍ ദര്‍ശിച്ചു.


മുചുകുന്ന് കോട്ടയിൽ ക്ഷേത്രം


സ്വയംഭൂ ശിലകള്‍ കണ്ട ശേഷം എടമന ഇല്ലത്തെ നമ്പൂതിരി അതിന് തൊട്ടടുത്തുള്ള മങ്ങാട്ട് വീട്ടിലെ മാണിക്യം എന്ന സ്ത്രീയെ വിളിച്ചു വരുത്തി സ്ഥലം ശുദ്ധിയാക്കി ചൊട്ടയിലയില്‍ നിവേദ്യം സമര്‍പ്പിച്ചുവെന്നാണ് കോട്ടയില്‍ ക്ഷേത്രത്തിന്റെ ഉല്‍പ്പത്തിയുമായി ബന്ധപ്പെട്ട ഐതീഹ്യം.

സ്വയംഭൂവായ ശിലകള്‍ ആദ്യമായി ദര്‍ശിച്ചതിന്റെ പ്രതീകാത്മകമായ ചടങ്ങുകളാണ് ഉത്സവത്തിന്റെ കൊടിയേറ്റ ദിവസം ഇവിടെ നടക്കുന്നത്. മങ്ങാട്ട് വീട്ടിലെ മാണിക്യത്തെ എടമന ഇല്ലത്തെ പ്രതിനിധി വിളിക്കുന്ന ചടങ്ങാണ് ‘മാണിക്യം വിളി’ എന്നറിയപ്പെടുന്നത്.

എല്ലാ വര്‍ഷവും ഉത്സവത്തിന്റെ കൊടിയേറ്റ ദിവസം എടമന ഇല്ലത്തെ പ്രതിനിധി കോവിലകം ക്ഷേത്രത്തില്‍ നിന്ന് തിടമ്പെഴുന്നള്ളിച്ച് കോട്ടയില്‍ ക്ഷേത്രത്തിലെത്തിയ ശേഷം പടിഞ്ഞാറു ഭാഗത്തുള്ള വാതില്‍ തുറന്ന് കാടിനപ്പുറത്തേക്ക് ലക്ഷ്യം വച്ച് ‘മങ്ങാട്ട് മാണിക്യേ…’ എന്ന് നീട്ടി വിളിക്കും. ഇതിന് മറുപടിയായി മങ്ങാട്ട് വീട്ടിലെ പ്രതിനിധി വിളികേള്‍ക്കുകയും ചെയ്യും. നിബിഡവനത്തിനു നടുവില്‍, പരിമിതമായ പ്രകാശമുള്ള, നിശബ്ദവും ഭക്തിസാന്ദ്രവുമായ അന്തരീക്ഷത്തില്‍ വച്ചാണ് ഇതെല്ലാം നടക്കുക.

കോട്ടയില്‍ ക്ഷേത്രത്തിലെ വാതില്‍കാപ്പവരെ നേരിട്ട് കണ്ട ശേഷം മുചുകുന്ന് എടമന ഇല്ലത്തെ നമ്പൂതിരി സമാധിയില്‍ ലയിച്ചുവെന്നാണ് ഐതീഹ്യം. ഈ സങ്കല്‍പ്പം ഇപ്പോഴും എടമന ഇല്ലത്തെ പടിഞ്ഞാറ്റയില്‍ ഉണ്ട്. ഇവിടെ നെയ് വിളക്ക് തെളിയിച്ച് പ്രാര്‍ത്ഥിച്ച ശേഷമാണ് എടമന ഇല്ലത്തെ പ്രതിനിധി കൊടിയേറ്റ ദിവസത്തെ എഴുന്നള്ളിപ്പിനായി പുറപ്പെടുക.

വീഡിയോ കാണാം: 

ഉത്സവ ചടങ്ങുകള്‍

മാര്‍ച്ച് 10: പതിവ് ക്ഷേത്ര പൂജകള്‍. കോവിലകം ക്ഷേത്രാങ്കണത്തില്‍ ദീപാരാധനയ്ക്ക് ശേഷം മുചുകുന്ന് ശശി മാരാരുടെ മേല്‍നോട്ടത്തില്‍ കാഞ്ഞിലശ്ശേരി അരവിന്ദന്റെ ശിക്ഷണത്തില്‍ കുറുംകുഴല്‍ അഭ്യസിച്ച വാദ്യസംഘത്തിന്റെ അരങ്ങേറ്റം.

മാര്‍ച്ച് 11: കോട്ടയില്‍ ക്ഷേത്രത്തില്‍ പതിവ് ഉത്സവ ചടങ്ങുകള്‍, ശുദ്ധിക്രിയകള്‍, ഹോമങ്ങള്‍, ചതുഃശ്ശതപൂജ, വൈകീട്ട് ആറ് മണിക്ക് സര്‍പ്പബലി. കോവിലകം ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ക്ക് ശേഷം വൈകീട്ട് ഏഴ് മണിക്ക് കോല്‍ക്കളി.

മാര്‍ച്ച് 12: ഇരുക്ഷേത്രങ്ങളിലും പതിവ് പൂജകളും ചടങ്ങുകളും. കോട്ടയില്‍ ക്ഷേത്രാങ്കണത്തില്‍ രാവിലെ 11 മണിക്ക് പൊതിയില്‍ നാരായണ ചാക്യാര്‍ (പാലക്കാട്) അവതരിപ്പിക്കുന്ന ചാക്യാര്‍ കൂത്ത്. വൈകീട്ട് ആറ് മണിക്ക് കോട്ടയകത്ത് നിന്ന് കോവിലകം ക്ഷേത്രത്തിലേക്ക് തണ്ടാന്റെ മേലേരി വരവ്. തുടര്‍ന്ന് തായമ്പക, കോവിലകം ക്ഷേത്രം തന്ത്രി മുണ്ടോട്ട് പുളിയപടമ്പ് കുബേരന്‍ സോമയാജിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ അത്താഴപൂജ, കിഴക്കേ ആല്‍ത്തറയിലേക്ക് മുല്ലക്കല്‍ പാട്ടിന് എഴുന്നള്ളത്ത്, ഭഗവതിക്ക് കളമെഴുത്തും പാട്ടും, ഈടും കൂറും, കളപൂജ, കളനൃത്തം കളം മായ്ക്കല്‍, അരുളപ്പാട്.

മാര്‍ച്ച് 13: ഇരുക്ഷേത്രങ്ങളിലും പതിവ് പൂജകളും ചടങ്ങുകളും. കോട്ടയില്‍ ക്ഷേത്രത്തില്‍ രാവിലെ 11 മണിക്ക് പൊതിയില്‍ നാരായണ ചാക്യാര്‍ (പാലക്കാട്) അവതരിപ്പിക്കുന്ന ചാക്യാര്‍ കൂത്ത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് മുചുകുന്ന് പത്മനാഭനും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍. വൈകീട്ട് നാല് മണിക്ക് ശേഷം കോവിഡ് മാനദണ്ഡ പ്രകാരം നടക്കുന്ന വിവിധ വരവുകള്‍ കോട്ടയില്‍ ക്ഷേത്രത്തിലെത്തും.

രാത്രി എട്ട് മണിക്ക് കോട്ടയില്‍ ക്ഷേത്രത്തില്‍ നിന്നും കോവിലകം ക്ഷേത്രത്തിലേക്ക് പള്ളിവേട്ട എഴുന്നള്ളത്ത്. കോവിലകം ക്ഷേത്ര നടയില്‍ മുചുകുന്ന് ശശി മാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളം. തുടര്‍ന്ന് ഈടും കൂറും, കളപൂജ കളനൃത്തം കളം മായ്ക്കല്‍, അരുളപ്പാട്.

മാര്‍ച്ച് 14: ഇരുക്ഷേത്രങ്ങളിലും പതിവ് പൂജകളും ചടങ്ങുകളും. വൈകീട്ട് നാല് മണിക്ക് കോവിലകം ക്ഷേത്രത്തില്‍ നിന്ന് കോട്ടയില്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്. കോട്ടയില്‍ ക്ഷേത്രത്തില്‍ ഇളനീരാട്ടം. വൈകീട്ട് നാല് മണിക്ക് വാഴയില്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള വാളെഴുന്നള്ളത്ത് കോവിലകം ക്ഷേത്രത്തിലെ പ്രത്യേകം നിശ്ചയിച്ച ദേവസ്ഥാനത്തേക്ക് പ്രവേശിക്കും. കോവിലകം ക്ഷേത്രാങ്കണത്തില്‍ വൈകീട്ട് 4:30 ന് മുചുകുന്ന് പത്മനാഭനും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍.

രാത്രി എട്ട് മണിക്ക് കോട്ടയില്‍ ക്ഷേത്രത്തില്‍ നിന്ന് കോവിലകം ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്. പത്ത് മണിയോടെ കോവിലകം ക്ഷേത്രനടയില്‍ കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളം. തുടര്‍ന്ന് ആചാരവെടിക്കെട്ട്, ഈടുംകൂറും, അരുളപ്പാട്, ഇരുക്ഷേത്രങ്ങളിലെയും തന്ത്രിമാരുടെ നേതൃത്വത്തില്‍ കുളിച്ചാറാട്ട്. കോട്ടയില്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, മാണിക്യം വിളി.

മാര്‍ച്ച് 15: വൈകീട്ട് നാല് മണിയോടെ കോട്ടയില്‍ ക്ഷേത്രത്തില്‍ നിന്ന് കോവിലകം ക്ഷേത്രത്തിലേക്ക് മടക്കെഴുന്നള്ളത്ത്. എഴുന്നള്ളത്ത് കോവിലകം ക്ഷേത്രത്തില്‍ പ്രവേശിച്ച ശേഷം നടക്കുന്ന ശുദ്ധികലശത്തോടെ ഉത്സവത്തിന് സമാപനം.