കേരളത്തില്‍ കാലവര്‍ഷമെത്തി, ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്; കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷമെത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, പ്രതീക്ഷിച്ചതിലും മൂന്ന് ദിവസം വൈകിയാണ് കാലവര്‍ഷമെത്തിയത്. സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുള്ളതതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്.

പത്ത് ജില്ലകളിലാണ് നിലവില്‍ മഴ മുന്നറിയിപ്പുള്ളത്. കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. പത്തനംതിട്ട മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂണ്‍ ഒമ്പതിന് എട്ട് ജില്ലകളിലും 10ന് അഞ്ച് ജില്ലകളിലും മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജൂണ്‍ നാലിന് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാല്‍, മൂന്ന് ദിവസം കഴിഞ്ഞാണ് എത്തിയത്. കേരളത്തില്‍ ശരാശരി മഴ ലഭിക്കുന്നതിനുള്ള എല്ലാ അന്തരീക്ഷ ഘടകങ്ങളും അനകൂലമാണെന്ന് കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.