ചേനായി കടവ് പാലം യാഥാർത്ഥ്യമാക്കാനായി ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും യോഗം നാളെ; എം.എൽ.എ പങ്കെടുക്കും


പേരാമ്പ്ര: വേളം-പേരാമ്പ്ര പഞ്ചായത്തുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന എടവരാട്, വേളം, പെരുവയൽ നിവാസികളുടെ ചിരകാല സ്വപ്നമായ ചേനായി കടവ് പാലം യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിളിച്ച ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും വിപുലമായ യോഗം വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്ക് എടവരാട് ചേനായി എ.എം.എൽ.പി സ്കൂളിൽ ചേരും. യോഗത്തിൽ പേരാമ്പ്ര എം.എൽ.എ ടി.പി.രാമകൃഷ്ണൻ പങ്കെടുക്കും.

പരിപാടി വിജയിപ്പിക്കുന്നതിനായി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ശ്രീലജ പുതിയെടുത്ത് ഉദ്ഘാടനം ചെയ്തു. എൻ.പത്മജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ടി.കെ.കുഞ്ഞമ്മത് ഫൈസി, കെ.കുഞ്ഞബ്ദുല്ല മാസ്റ്റർ, അഡ്വ.മുഹമ്മദ്, ഒ.കുഞ്ഞികൃഷ്ണക്കുറുപ്പ്, കെ.എം.സുധാകരൻ, വി.പി.രാജൻ, കെ.പി.നിഷ, കെ.പി.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ്, ജില്ലാ പഞ്ചായത്ത് മെമ്പർ സി.എം.ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ടി.അഷ്റഫ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ശ്രീലജ പുതിയെടുത്ത്, റസ്മിന തങ്കേക്കണ്ടി തുടങ്ങിയവർ നാളെ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും.