സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള അഞ്ച് വയസുകാരിയുടെ നില ഗുരുതരം


കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ചുവയസുകാരിയാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. മലപ്പുറം മൂന്നിയൂർ സ്വദേശിയായ കുട്ടിയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിലുള്ളത്.

കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോഴാണ് അമീബ ശരീരത്തില്‍ എത്തിയതെന്നാണ് വിവരം. കേരളത്തില്‍ മുമ്പ് ചുരുക്കം ചിലര്‍ക്ക് മാത്രമാണ് അമീബിക് മസ്ഷ്ക ജ്വരം ബാധിച്ചിട്ടുള്ളത്. അതേസമയം, ചികിത്സയ്ക്ക് ആവശ്യമായ ഒരു മരുന്ന് കേരളത്തിൽ ലഭ്യമല്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സമാനമായ രോഗ ലക്ഷണങ്ങളുമായി മറ്റു നാലു കുട്ടികളെക്കൂടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.