കരള്‍രോഗം തളര്‍ത്തിയ മണിയൂര്‍ സ്വദേശി അഭിരാമിക്കുവേണം തുടര്‍ചികിത്സക്ക് 30ലക്ഷം രൂപയും കേറിക്കിടക്കാന്‍ അടച്ചുറപ്പുള്ള വീടും; സഹായത്തിനായ് കൈകോര്‍ത്ത് നാട്


മണിയൂര്‍: കരള്‍രോഗം തളര്‍ത്തിയ മണിയൂര്‍ സ്വദേശി അഭിരാമിയുടെ തുടര്‍ ചികിത്സയ്ക്കായ് കൈകോര്‍ത്ത് നാട്. മണിയൂര്‍ മുതുവനയിലെ മണങ്ങാട്ട് ചാലില്‍ സുരേഷിന്റെയും രമയുടെയും മകള്‍ അഭിരാമിയെന്ന പതിനാറുകാരിക്കായാണ് നാട്ടുകാര്‍ ഒരുമിക്കുന്നത്. അതോടൊപ്പം സുമനസ്സുകളുടെ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നത്.

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ അഭിരാമി നാലുമാസമായി കരള്‍രോഗം ബാധിച്ച് ചികിത്സയിലാണ്. ചെന്നൈയിലെ റെല ആശുപത്രിയില്‍ ചികിത്സ നടത്തുന്ന അഭിരാമിയുടെ കരള്‍ മാറ്റിവെക്കല്‍ മാത്രമാണ് രോഗത്തില്‍ നിന്നും രക്ഷ നേടാനുള്ള പ്രതിവിധിയെന്നാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അഭിരാമിയ്ക്ക് കരള്‍ നല്‍കാന്‍ അമ്മ തയ്യാറാണ് പക്ഷെ ശസ്ത്രക്രിയയ്ക്കും അനുബന്ധചെലവുകള്‍ക്കുമായി വേണ്ട 30 ലക്ഷത്തോളം രൂപ സമാഹരിക്കുകയാണ് കുടുംബം നേരിടുന്ന വെല്ലുവിളി.

കൂലിപ്പണിക്കാരനാണ് സുരേഷ്, രമ തൊഴിലുറപ്പ് തൊഴിലാളിയും. സുരേഷും ഭാര്യയും രണ്ട് മക്കളും സുരേഷിന്റെ പ്രായമായ അമ്മയും ഉള്‍പ്പെടുന്ന കുടുംബം ഇന്നും ഒറ്റമുറിക്കുടിലിലാണ് താമസം. ഇതിനിടയിലാണ് അഭിരാമിയുടെ കരള്‍രോഗം കുടുംബത്തെ തളര്‍ത്തിയത്. കുടുംബത്തിന് ഈ തുക സമാഹരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്തതാണ്. അതിനാല്‍ തന്നെ സുമനസ്സുകള്‍ കനിയണമെന്നാണ് കുടുംബത്തിന്റെ അഭ്യര്‍ത്ഥന.

ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ ചേര്‍ന്ന് വിപുലമായ കമ്മിറ്റി രൂപവത്കരിച്ച് ഫണ്ട് സമാഹരണം തുടങ്ങിയിരിക്കുന്നത്. പി.ടി.കെ. മുഹമ്മദലി (ചെയ.), കെ.പി. രാജന്‍ (കണ്‍.), പി. ഇസ്മയില്‍ (ഖജാ.) എന്നിവര്‍ ഭാരവാഹികളായി ചികിത്സാസഹായക്കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.

ആക്‌സിസ് ബാങ്കിന്റെ വടകര ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 923010016847380. ഐ.എഫ്.എസ്.സി. കോഡ്- UTIB0001095. ഗൂഗിള്‍ പേനമ്പര്‍-8848892440.