നന്തിയില്‍ പൊതുവഴിയില്‍ മാലിന്യമിട്ടയാളെ കണ്ടെത്തി നീക്കം ചെയ്യിച്ചു, പൊലീസ് കേസെടുത്തു; കണ്ടെത്താന്‍ സഹായിച്ചത് സി.സി.ടി.വി ദൃശ്യങ്ങള്‍ (വീഡിയോ കാണാം)


കൊയിലാണ്ടി: നന്തിയില്‍ പൊതുവഴിയില്‍ മാലിന്യമിട്ടയാളെ കണ്ടെത്തി നീക്കം ചെയ്യിച്ചു. മൂടാടി പഞ്ചായത്തിലെ 16, 17 വാര്‍ഡുകളുടെ അതിര്‍ത്തിയായ കൂടത്തില്‍ മുക്ക് മണിക്കണ്ടം മുക്ക് പാത്ത് വേയില്‍ വീട്ടുമാലിന്യം തള്ളിയ പൊന്നംകണ്ടി യൂസഫിനെയാണ് സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

അടുത്തിടെയാണ് ഈ വഴി പഞ്ചായത്ത് കോണ്‍ക്രീറ്റ് ചെയ്തത്. മുമ്പും പലപ്പോഴും ഇവിടെ മാലിന്യം തള്ളിയിട്ടുണ്ടെങ്കിലും ആളെ പിടിക്കുന്നത് ഇതാദ്യമായാണ്. സമീപത്തെ വീട്ടിലെ സി.സി.ടി.വി ക്യാമറയില്‍ മാലിന്യമിട്ടയാളെയും ഇയാളുടെ വണ്ടി നമ്പര്‍ ഉള്‍പ്പെടെ പതിഞ്ഞതുമാണ് ആളെ തിരിച്ചറിയാന്‍ സഹായകമായത്. സി.സി.ടി.വി ദൃശ്യം വാര്‍ത്തയുടെ അവസാന ഭാഗത്ത് കാണാം.

തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് പൊന്നംകണ്ടി യൂസഫ് തന്റെ KL-56-V-7291 ആക്റ്റീവ സ്‌കൂട്ടറിലെത്തി പാത്ത് വേയില്‍ മാലിന്യം നിറച്ച സഞ്ചി തള്ളിയത്. വൈകുന്നേരത്തോടെ നാട്ടുകാര്‍ ആളെ തിരിച്ചറിയുകയും മാലിന്യം നീക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും മോശം പ്രതികരണമാണ് ഉണ്ടായതെന്ന് പ്രദേശവാസിയായ ആര്‍.പി.കെ.രാജീവന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

തുടര്‍ന്നാണ് പ്രദേശത്തെ വീട്ടുകാരുടെ കൂട്ടായ്മയായ നര്‍വ്വ റെസിഡന്‍സ് അസോസിയേഷന്‍ പൊലീസില്‍ പരാതി നല്‍കിയത്. കൊയിലാണ്ടി എസ്.ഐ പൊന്നംകണ്ടി യൂസഫിനെ ബന്ധപ്പെട്ട് മാലിന്യം നീക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പൊതുവഴിയില്‍ മാലിന്യം നിക്ഷേപിച്ചതിന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

റെസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പതിവായി വൃത്തിയാക്കുന്ന വഴിയിലാണ് ഇയാള്‍ മാലിന്യം തള്ളിയത്. ചിക്കന്‍ വേസ്റ്റ്, പാമ്പേഴ്‌സ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് ഇയാള്‍ ഇവിടെ തള്ളിയത്. ഇതില്‍ പഴുനുരയ്ക്കുന്നുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഓട്ടിസം ഉള്‍പ്പെടെയുള്ള രോഗം ബാധിച്ച നിരവധി രോഗികളുള്ള ഇവിടെ മാലിന്യം തള്ളുന്നത് പ്രദേശവാസികള്‍ക്കാകെ ബുദ്ധിമുട്ടാകുമെന്നതിനാലാണ് അസോസിയേന്‍ നിയമനടപടിയുമായി മുന്നോട്ട് പോയത്. പ്രദേശത്തെ കിണറുകളിലേക്ക് ഈ മാലിന്യമെത്തിയാല്‍ കുടിവെള്ളവും മുട്ടും. സി.സി.ടി.വികള്‍ സ്ഥാപിച്ച് ഇത്തരം പ്രവണതകള്‍ തടയാനുള്ള നടപടികളെ കുറിച്ച് ആലോചിക്കുകയാണ് റെയിഡന്‍സ് അസോസിയേഷന്‍.

വീഡിയോ കാണാം: