ഇനി വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും സർഗാത്മകതയുടെയും നാല് നാൾ; മടപ്പള്ളി കോളേജിൽ ‘മാച്ചിനാരി ഫെസ്റ്റിന്’ തുടക്കമായി


വടകര: മടപ്പള്ളി കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മാച്ചിനാരി ഫെസ്റ്റിന് ഇന്ന് തുടക്കമായി. ഡിസംബർ 6,7,8,9 തീയ്യതികളിലായാണ് മടപ്പള്ളി കോളേജിൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും സർഗാ ത്മകതയുടെയും അരങ്ങായിത്തീരുന്ന രീതിയിലാണ് ഫെസ്റ്റിന്റെ ഘടന ക്രമീകരിച്ചിട്ടുള്ളത്.

കോളേജിലെ 10 ഡിപ്പാർട്ട്മെന്റുകൾ അവരുടെ മേഖലയുമായി ബന്ധപ്പെട്ട സ്റ്റാളുകൾ പ്രദർശിപ്പിക്കും. ഇതിനു പുറമെ പരിയാരം മെഡിക്കൽ കോളേജ്, കളരി, എക്‌സൈസ്, ഹാൻഡ്‌ലൂം, അഗ്രികൾച്ചർ, പെയിന്റിംഗ്, തണൽ, സർഗാലയ, ഐ ക്ലിനിക് എന്നിവയുമായി ബന്ധപ്പെട്ട സ്റ്റാളുകളും ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാവും.

വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും ഫെസ്റ്റിന്റെ മുഖ്യ ആകർഷണീയതയാണ്. രാവിലെ 9:30 മുതൽ വൈകുന്നേരം 4:30 വരെയാണ് സ്റ്റാളുകളുടെ പ്രദർശനം ക്രമീകരിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് 50 രൂപയും വിദ്യാർത്ഥികൾക്ക് 20 രൂപയുമാണ് പ്രവേശനനിരക്ക്.

മടപ്പള്ളി കോളേജിലെ വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. കോളേജിലെ വിദ്യാർത്ഥികൾക്കായി വൈകുന്നേരങ്ങളിൽ കലാപരിപാടികളും അരങ്ങേറും.