കോഴിക്കോട്, വടകര റീജ്യണൽ ആർ ടി എ യോഗം; ബസ് റൂട്ടിലെ മാറ്റം ഉൾപ്പടെ സ്വീകരിച്ചത് 304 അപേക്ഷകൾ


വടകര: കോഴിക്കോട്, വടകര റീജ്യണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ ടി എ) യുടെ യോഗം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്നു. ജില്ലയിൽ പുതിയ ബസ്, ഓട്ടോ സർവീസുകൾ ആരംഭിക്കുന്നതിനുള്ള അപേക്ഷകൾ, സ്റ്റേജ് കാരിയേജ് വാഹനങ്ങളുടെ നിലവിലെ പെർമിറ്റ് കൈമാറ്റം, പുതുക്കൽ, ബസ് റൂട്ടിലെ മാറ്റം ഉൾപ്പടെ വിവിധ തരത്തിലുള്ള 304 അപേക്ഷകൾ യോഗത്തിൽ സ്വീകരിച്ചു.

ബസ് സർവീസുകളുടെ പെർമിറ്റിന്റെ കാലാവധി പുതുക്കാനുള്ള അപേക്ഷകളും പുതിയ ബസ് സ്റ്റോപ്പ്‌ അനുവദിക്കുന്നതിനുള്ള അപേക്ഷകളും ബസ് സർവീസ് പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷകളും യോഗം ചർച്ച ചെയ്തു.

കോഴിക്കോട് ആർടിഒക്ക് കീഴിൽ 153 അപേക്ഷകളും വടകര ആർടിഒ ക്ക് കീഴിൽ 151 അപേക്ഷകളുമാണ് പരിഗണിച്ചത്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ കോഴിക്കോട് റൂറൽ എസ്.പി ഡോ. അരവിന്ദ് സുകുമാർ, ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ ആർ രാജീവ്‌, കോഴിക്കോട് ആർടിഒ പി ആർ സുമേഷ്, വടകര ആർടിഒ വി എ സഹദേവൻ, വിവിധ ബസ്സ് സംഘടന പ്രതിനിധികൾ, പൊതു പ്രവർത്തകർ എന്നിവർ പങ്കെടുത്തു.