കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (07/03/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

മേട്രൺ കം റസിഡന്റ് ട്യൂട്ടർ നിയമനം

കോഴിക്കോട് ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസറ്റലുകളിലേക്ക് രാത്രികാല പഠന-മേൽനോട്ട ചുമതലകൾക്കായി മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദവും, ബി എഡും നേടിയവരായിരിക്കണം. താത്പര്യമുളളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും, പകർപ്പും സഹിതം മാർച്ച് 11 രാവിലെ 10.30ന് കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിവരങ്ങൾക്ക് ഫോൺ: 0495 2370379

ടെൻഡർ

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കുന്ദമംഗലം ശിശു വികസന കാര്യാലയത്തിന് പരിധിയിലെ 184 അങ്കണവാടികൾക്കാവശ്യമായ കോവിഡ് പ്രതിരോധ സാധനങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. അവസാന തീയതി മാർച്ച് 14 രാവിലെ 11 മണി. അന്നേ ദിവസം ഉച്ചക്ക് 1 മണിക്ക് ടെൻഡർ തുറക്കുന്നതായിരിക്കും. ഫോൺ : 0495 2800 682 , 758947159

സൗജന്യ പ്രവേശനം

മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള സരോവരം ബയോപാർക്ക്, കാപ്പാട് ബ്ലൂഫ്ളാഗ് ബീച്ച്, വടകര സാൻഡ് ബാങ്ക്സ് ബീച്ച്, അരിപ്പാറ വെള്ളച്ചാട്ടം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വനിതകൾക്ക് സൗജന്യ പ്രവേശനം നൽകുമെന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു.

ലോട്ടറി ഏജന്റുമാർക്ക് ബോധവത്ക്കരണ ക്ലാസ്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഏജന്റുമാർക്കുള്ള ബോധവത്ക്കരണ ക്ലാസ് മാർച്ച് 14 വൈകുന്നേരം 3 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ രണ്ടായിരത്തിൽ കൂടുതൽ ടിക്കറ്റെടുക്കുന്ന മുഴുവൻ ഏജന്റുമാരും പങ്കെടുക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസർ അറിയിച്ചു.

വനിതാ കമ്മീഷൻ അദാലത്ത്: 13 പരാതികൾ തീർപ്പാക്കി

കോഴിക്കോട് ടൗൺഹാളിൽ നടന്ന വനിതാകമ്മീഷൻ അദാലത്തിൽ 13 പരാതികൾ തീർപ്പാക്കി. 62 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. രണ്ട് പരാതികൾ പോലീസ് അന്വേഷണത്തിന് വിട്ടു. മാറ്റി വെച്ച 47കേസുകൾ അടുത്ത അദാലത്തിൽ പരിഗണിക്കും.

വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി സതീദേവി, കമ്മിഷൻ അംഗം അഡ്വ. എം.എസ് താര, ഡയറക്ടർ ഷാജു സുഗുണൻ, സി ഐ ജോസ് കുര്യൻ എന്നിവർ പങ്കെടുത്തു.

രാമല്ലൂർ – ചാലങ്കോട്ടുമല റോഡ് ഉദ്ഘാടനം ചെയ്തു

കാക്കൂർ ഗ്രാമപഞ്ചായത്തിലെ രാമല്ലൂർ – ചാലങ്കോട്ടുമല റോഡ് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. ചാലങ്കോട്ട് മലയിൽ നിന്നും ഇരു ഭാഗങ്ങളിലേക്കും ഒരുപോലെ യാത്ര ചെയ്യാൻ കഴിയുന്ന രീതിയിൽ റോഡിന്റെ ഇരുവശങ്ങളും കെട്ടി ഉയർത്തിയാണ് പൂർണമായും ഗതാഗതയോഗ്യമാക്കി തീർത്തത്.

കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എം ഷാജി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മംഗലശ്ശേരി ഷാജി, വാർഡ് വികസന സമിതി കൺവീനർ വിവേക് വി.കെ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

മുക്കംകടവ് – പടിവച്ചംകണ്ടി തീരദേശ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു

കക്കോടി ഗ്രാമപഞ്ചായത്തിലെ മുക്കംകടവ് – പടിവച്ചംകണ്ടി തീരദേശ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു. ബദിരൂർ ചിറ്റടത്തിൽ താഴത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബ അധ്യക്ഷത വഹിച്ചു.

തീരദേശ വികസന വകുപ്പിന്റെ 44.70 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിന്റെ നിർമ്മാണം നടത്തുക. ബദിരൂർ റോഡിൽ നിന്നും ആരംഭിച്ച് നല്ലുള്ളതിൽ താഴം അവസാനിക്കുന്ന റോഡിന്റെ നീളം 552 മീറ്ററും വീതി മൂന്ന് മീറ്ററും ആണ്. റോഡ് സുരക്ഷയ്ക്കായി ആവശ്യമായ ഭാഗങ്ങളിൽ കരിങ്കൽ സംരക്ഷണ ഭിത്തിയും അതിനു മുകളിൽ കോൺക്രീറ്റ് ബെൽറ്റും നിർമ്മിക്കും. ആറുമാസമാണ് പ്രവൃത്തി പൂർത്തീകരണ കാലാവധി.

തുറമുഖ വകുപ്പ് അസി.എൻജിനീയർ എ.സതീശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ടി വിനോദ്, സ്ഥിരം സമിതി അംഗങ്ങളായ താഴത്തിൽ ജുമൈലത്ത്, കൈതമോളി മോഹനൻ, പുനത്തിൽ മല്ലിക, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.ഫാസിൽ, ഗ്രാമ പഞ്ചായത്ത് അംഗം എൻ. പ്രമീള, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

കട്ടിൽ വിതരണം ചെയ്തു

ചോറോട് ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ മാസ്റ്റർ നിർവഹിച്ചു. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കട്ടിലുകൾ വിതരണം ചെയ്തത്.സിഡിഎസ് സൂപ്പർവൈസർ സീന, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള പൂവേരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. നാരായണൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്സ് ആൻഡ് കൊമേഷ്യൽ എസാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്, കോഴിക്കോട് ജില്ലാ ഓഫീസിൽ അംഗത്വം ലഭിച്ച തൊഴിലാളികളുടെ മക്കളിൽ 2020-21 അദ്ധ്യയന വർഷത്തിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിൽ 60 ശതമാനത്തിൽ കുറയാതെ മാർക്ക് വാങ്ങി ഉന്നത വിജയം നേടിയവരിൽ നിന്നും ക്യാഷ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. പരീക്ഷയിൽ ലഭിച്ച മാർക്ക് ലിസ്റ്റുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അനുബന്ധ രേഖകളും സഹിതം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. അവസാന തീയതി മാർച്ച് 31. ഫോൺ: 0495 2372434

ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം

കേരളഷോപ്സ് ആൻഡ് കൊമേഴ്‌സ്യൽ എസാബ്ലിഷ്മെന്റ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്, കോഴിക്കോട് ജില്ലാ ഓഫീസിൽ നിന്നും പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ മാർച്ച് 20നകം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുകയോ, ഓഫീസിൽ നേരിട്ട് ഹാജരാകുകയോ ചെയ്യേണ്ടാതണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ : 0495 2372434

ബോധവത്കണ ക്ലാസ് സംഘടിപ്പിച്ചു

ടാങ്കർ ലോറി അപകടത്തിൽ പെട്ടാൽ സ്വീകരിക്കേണ്ട മുൻകരുതലുകളുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഒ.എം.പി.എൽ ചീഫ് മാനേജർ പ്രമോദ് കുന്നത്ത്, ഡെപ്യൂട്ടി മാനേജർ എഫ് & എസ് ഒ.എം.പി.എൽ പ്രവീൺ എൻ കുറുപ്പ് എന്നിവർ ക്ലാസെടുത്തു.

കലക്ട്രേറ്റിൽ നടന്ന പരിപാടിയിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജൂനിയർ സുപ്രണ്ട് ജെ.എസ് ബിന്ദു, എൻ.സി.ആർ.എം.പി ജില്ലാ കോ-ഓഡിനേറ്റർ കെ.വി റംഷിന, പോലീസ്, ഫയർ ഫോഴ്സ്, ആരോഗ്യം ഉൾപ്പെടെ വിവിധ വകുപ്പുകളിൽ നിന്നുള്ളവരും പങ്കെടുത്തു. ഡെപ്യൂട്ടി കലക്ടർ ഇ.അനിതകുമാരി സ്വാഗതവും ഒ.എം.പി.എൽ മാർക്കറ്റിംഗ് മാനേജർ വി.ഗോപിനാഥ് നന്ദിയും പറഞ്ഞു.

ആട് വളർത്തൽ പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ മാർച്ച് 10 രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ ആട് വളർത്തൽ പരിശീലനം ഉണ്ടായിരിക്കുമെന്ന് അസി. ഡയറക്ടർ അറിയിച്ചു. പങ്കെടുക്കുന്നവർ 0491-2815454 എന്ന നമ്പറിലേക്ക് വിളിച്ച് മൂൻകൂട്ടി രജിസ്റ്റർ ചെയ്യണം.

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ബീഡി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ നിർവഹിച്ചു.

ചീഫ് മെഡിക്കൽ ഓഫീസർമാരായ ഡോ. ഹുസൈൻ, ഡോ. രാമു, ജനറൽ മെഡിസിൻ വിഭാഗം. ഡോ ജോൺ ബാബു, ഇ.എൻ.ടി വിഭാഗം ഡോ. മുഹമ്മദ് ഇർഫാൻ, കണ്ണ് രോഗവിഭാഗം ഡോ. ഷാദിയ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.രോഗികൾക്ക് ആവശ്യമായ മരുന്നുകളും വിതരണം ചെയ്തു.

ഗതാഗത നിയന്ത്രണം

ദേശീയപാത 66-ല്‍ രാമനാട്ടുകര, പൂവന്നൂര്‍ പള്ളിക്ക് സമീപം കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ മാര്‍ച്ച് 8 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ദേശീയപാത വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസിദ്ധീകരിക്കുന്ന ടൂറിസം ഡയറക്ടറി, ടെലഫോണ്‍ ഡയറക്ടറി എന്നിവയുടെ ഡിസൈനിങ്, പ്രിന്റിങ് എന്നിവ നിര്‍വഹിക്കുന്നതിന് ജില്ലയിലെ പ്രധാന സ്ഥാപനങ്ങളില്‍നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അവസാന തീയതി – മാര്‍ച്ച് 14 വൈകീട്ട് 4 മണിവരെ. അന്നേദിവസം വൈകീട്ട് 5 മണിക്ക് ക്വട്ടേഷനുകള്‍ തുറക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2370225

‘സ്ത്രീശക്തി കലാജാഥ’യുടെ ഉദ്ഘാടനം നാളെ (മാര്‍ച്ച് 8)

അന്താരാഷ്ട്ര വനിതാ ദിനമായ നാളെ (മാര്‍ച്ച് 8) രാവിലെ 9.30ന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ ‘സ്ത്രീശക്തി കലാജാഥ’യുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും. സ്ത്രീധനത്തിനെതിരായും സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ക്കെതിരായും സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായാണ് കലാജാഥ സംഘടിപ്പിക്കുന്നത്.

ജലഗുണനിലവാര പരിശോധനാ ലാബ് ഉദ്ഘാടനം ചെയ്തു

ഹരിതകേരളം മിഷൻ ജലഉപമിഷന്റെ ഭാഗമായി നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സ്ഥാപിച്ച ജലഗുണനിലവാര പരിശോധനാ ലാബ് എംഎൽഎ ലിന്റോ ജോസഫ് നാടിനു സമർപ്പിച്ചു. ഹയർ സെക്കൻഡറി സ്‌ക്കൂളുകളിലെ കെമിസ്ട്രി ലാബുകൾ പ്രയോജനപ്പെടുത്തി ഹരിത കേരളം മിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവമ്പാടി മുൻ എംഎൽഎ ജോർജ്ജ് എം തോമസിന്റെ പ്രത്യേക വികസന നിധിയിൽ നിന്നും 1.6 ലക്ഷം രൂപ വകയിരുത്തിയാണ് ലാബ് സജ്ജീകരിച്ചത്.

ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് പ്രാഥമിക ലാബ് സൗകര്യം എല്ലാ തദ്ദേശഭരണ സ്ഥാപനതലത്തിലും സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി വിഭാവനം ചെയ്തത്. ജലപരിശോധനയുമായി ബന്ധപ്പെട്ട് ജലത്തിന്റെ നിറം, ഗന്ധം, പി.എച്ച് മൂല്യം, വൈദ്യുത ചാലകത, ലവണ സാന്നിധ്യം, ലയിച്ചു ചേർന്നിട്ടുള്ള ഖര പദാർത്ഥങ്ങളുടെ അളവ്, നൈട്രേറ്റിന്റെ അളവ്, അമോണിയയുടെ അളവ്, കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം എന്നിവയാണ് ഈ ലാബുകളിൽ പ്രധാനമായും പരിശോധിക്കുന്നത്. സ്‌കൂളിലെ കെമിസ്ട്രി അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ കൂടെ പങ്കാളിത്തത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജലപരിശോധന സംബന്ധിച്ച് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഇതിനോടകം ഓൺലൈൻ പരിശീലനം നൽകിയിട്ടുണ്ട്.

നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ മുക്കം നഗരസഭാ കൗൺസിലർ പി ടി ബാബു അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ പി പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ പ്രജിത പ്രദീപ്, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഇ സത്യനാരായണൻ, കൗൺസിലർമാരായ അനിത കുമാരി, കല്ല്യാണികുട്ടി, വേണുഗോബാലൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ കെ വി അബ്ദുൾ മജീദ്, പ്രിൻസിപ്പാൾ വി കെ പ്രസാദ്, പി ടി എ പ്രസിഡന്റ് എം കെ യാസർ, പി വി സാദിഖ്, വിദ്യാർത്ഥികൾ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.