‘കൊയിലാണ്ടിയിലെ ഗേൾസ് എന്നാ സുമ്മാവാ’; വീണ്ടും മിന്നും വിജയം നേടി കൊയിലാണ്ടി ഗേൾസ് സ്കൂൾ വിദ്യാർത്ഥിനികൾ


കൊയിലാണ്ടി: കോവിഡ് പ്രതിസന്ധിയും ഓൺലൈൻ വിദ്യാഭ്യാസവുമൊന്നും തങ്ങളെ പിന്നിലാക്കില്ല എന്ന് തെളിയിച്ചുകൊണ്ട് മിന്നും വിജയം നേടി കൊയിലാണ്ടി ഗേൾസ്. യു.എസ്.എസ് പരീക്ഷയിലാണ് ജില്ലയിലെ തന്നെ മികച്ച വിജയമാണ് കൊയിലാണ്ടി ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനികൾ കരസ്ഥമാക്കിയത്.

കൊയിലാണ്ടി ഉപജില്ലയിലും ഒന്നാം സ്ഥാനം ഗേൾസിനാണ്. 37 പ്രതിഭകളാണ് ഇത്തവണ സ്കോളർഷിപ്പിന് അർഹത നേടിയത്. ഇവരെക്കൂടാതെ മറ്റു വിദ്യാലയങ്ങളിൽ നിന്ന് എട്ടാം ക്ലാസിലേക്ക് പുതുതായി എത്തിച്ചേർന്ന ഏഴ് വിദ്യാർത്ഥികളും സ്കോളർഷിപ് നേടിയെടുത്തു. ഏകാഗ്രതയോടെയുള്ള ചിട്ടയായ പഠനമാണ് ഇവരെ വിജയത്തിലേക്ക് നയിച്ചത്.

കഴിഞ്ഞ വർഷങ്ങളിൽ എസ്എസ്എൽസി പരീക്ഷ വിജയത്തിലും ഈ സ്കൂൾ മികച്ച നേട്ടം കൈവരിച്ചിരുന്നു. ഗവൺമെന്റ് വിദ്യാലയങ്ങളിൽ സംസ്ഥാന തലത്തിൽ ഏഴാം സ്ഥാനമാണ് കയ്യടക്കിയത്. വിജ്ഞാനത്തിനും വിദ്യാഭ്യാസത്തിനും ഏറെ പ്രാധാന്യം കൽപ്പിക്കുന്ന ഈ സ്കൂളിന്റെ വിജയ കിരീടത്തിലേക്ക് ഒരു പൊൻതൂവൽ കൂടിയാണ് യു.എസ്.എസ് പരീക്ഷ വിജയത്തിലൂടെ പെൺകുട്ടികൾ നേടിക്കൊടുത്തത്.