വീട് ജപ്തി ചെയ്യാനെത്തിയവര്‍ കണ്ടത് ദൈന്യതയുടെ നേര്‍ച്ചിത്രം; ഒടുവില്‍ ബാങ്ക് ജീവനക്കാര്‍ ഒത്തുചേര്‍ന്ന് വീട് പണിതു നല്‍കി; നന്മയുടെ മാതൃക കൊയിലാണ്ടിയില്‍ നിന്ന്


കൊയിലാണ്ടി: ‘ശുചിമുറി ഇല്ലാതെ ഇവിടെ അമ്മ എങ്ങനെയാണ് പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നത്?’ ആ വീട്ടിലെ അവസ്ഥ കണ്ട ബാങ്ക് മാനേജര്‍ അവിടെയുള്ള അമ്മയോട് ചോദിച്ചു. രാത്രിയാകാന്‍ കാത്തിരിക്കുമെന്ന ആരും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത, ആര്‍ക്കും ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്ന അവസ്ഥയുടെ നേര്‍ച്ചിത്രമായ മറുപടിയാണ് അദ്ദേഹത്തിന് ലഭിച്ചത്. ജപ്തി ചെയ്യാനെത്തിയ വീട്ടില്‍ ആ ബാങ്ക് മാനേജര്‍ ഒരു നിമിഷം സ്തബ്ധനായി നിന്നു പോയി.

ഒരു വര്‍ഷം മുമ്പ് കൊയിലാണ്ടിയിലാണ് ഈ സംഭവം നടന്നത്. ബാഗ് നിര്‍മ്മാണ സംരംഭം തുടങ്ങാനായി കാപ്പാട് നോര്‍ത്ത് വികാസ് നഗറിലെ പാണാലില്‍ ശശി അഞ്ച് വര്‍ഷം മുമ്പാണ് 50,000 രൂപ വായ്പ്പയെടുത്തത്. എന്നാല്‍ പക്ഷാഘാതം വന്ന് ശശിയുടെ വലതുവശം തളര്‍ന്നതോടെ വായ്പ്പയുടെ തിരിച്ചടവ് മുടങ്ങി. ചേമഞ്ചേരി പഞ്ചായത്തും അഭയം പാലിയറ്റീവ് കെയറും ചേര്‍ന്ന് ഒരുക്കി നല്‍കിയ ചെറിയ കട മാത്രമാണ് കുടുംബത്തിന്റെ ആശ്രയം.

എഴുപതിനായിരം രൂപയോളം തിരിച്ചടയ്ക്കാനുള്ള സമയത്താണ് 2021 ഫെബ്രുവരിയില്‍ കൊയിലാണ്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എസ്.എം.ഇ ബ്രാഞ്ചിലെ ചീഫ് മാനേജരായ എം.മുരഹരി ജപ്തി ചെയ്യാനായി ആ വീട്ടിലെത്തിയത്. എന്നാല്‍ ശുചിമുറി പോലുമില്ലാതെ നിസഹായരായി കഴിയുന്ന കുടുംബം താമസിക്കുന്ന വീട് ജപ്തി ചെയ്യാന്‍ മാനേജര്‍ക്കും ഒപ്പമുള്ളവര്‍ക്കും സാധിച്ചില്ല.

ഇതിന് ശേഷം തിരികെ ബാങ്കിലെത്തിയഅദ്ദേഹം ഇക്കാര്യം സഹപ്രവര്‍ത്തകരോട് പറഞ്ഞു. തുടര്‍ന്നാണ് നന്മയുടെ നല്ല മാതൃകയുടെ കഥ അവിടെ തുടങ്ങുന്നത്.

ഇന്ന് ആ വീട്ടുകാര്‍ക്ക് സ്വസ്ഥമായി ഉറങ്ങാന്‍ അടച്ചുറപ്പുള്ള, ശുചിമുറിയും മേല്‍ക്കൂരയുമുള്ള വീടുണ്ട്. ബാങ്കിലെ ഒമ്പത് ജീവനക്കാരാണ് സ്വന്തം കയ്യില്‍ നിന്ന് പണമെടുത്ത് വീടൊരുക്കിയത്. ജപ്തി ദിവസത്തിന് ഒരു വര്‍ഷത്തിന് ശേഷം ആ അമ്മയ്ക്കും പക്ഷാഘാതം വന്ന് തളര്‍ന്ന മകനും ഇന്ന് സന്തോഷത്തോടെയാണ് ആ കൊച്ചു വീട്ടില്‍ കഴിയുന്നത്.

2021 മാര്‍ച്ചില്‍ ബാങ്ക് അദാലത്ത് സംഘടിപ്പിച്ചിരുന്നു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം ജപ്തി ഒഴിവാക്കാനുള്ള അവസരമായിരുന്നു അത്. ശശിയുടെ കുടിശികയില്‍ ഇളവുകള്‍ക്കുശേഷമുള്ള 7000 രൂപ ജീവനക്കാര്‍ കയ്യില്‍ നിന്നെടുത്ത് അടച്ചുതീര്‍ത്തു.പിന്നീടു ബാങ്കിലെ ജീവനക്കാര്‍ ചേര്‍ന്ന്, വീടു പുതുക്കി പണിയാന്‍ പണം കണ്ടെത്തി. വൈകുന്നേരം ജോലി കഴിഞ്ഞ ശേഷം ജീവനക്കാര്‍ തന്നെയാണ് റോഡില്‍നിന്ന് കല്ലും മണലും സിമന്റുമൊക്കെ ചുമന്ന് വീട്ടിലെത്തിച്ചത്. വീടിന്റെ മേല്‍ക്കൂര മാറ്റി. അടുക്കള കോണ്‍ക്രീറ്റ് ചെയ്തു. ശുചിമുറിയും പണിതുനല്‍കി.