കൊട്ടിയൂര്‍ വൈശാഖ മഹോത്സവം; ഇളനീരാട്ടത്തിനായി കുറ്റ്യാടിയിലെ ഇളനീര്‍ കാവുകള്‍ യാത്ര തിരിച്ചു


കുറ്റ്യാടി: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ പ്രധാന ചടങ്ങായ ഇളനീരാട്ടത്തിനുള്ള കുറ്റ്യാടിയിലെ ഇളനീര്‍ കാവുകള്‍ യാത്രയായി. കുറ്റ്യാടി കാവിലുംപാറ, കായക്കൊടി പഞ്ചായത്തുകളിലെ വിവിധ കഞ്ഞിപ്പുരകളില്‍ നിന്നുമാണ് ഇളനീര്‍കാവ് സംഘങ്ങള്‍ യാത്ര തിരിച്ചത്. കാല്‍നടയായി നാല് ദിവസം സഞ്ചരിച്ചാണ് ഇളനീര്‍ കാവുകള്‍ കൊട്ടിയൂരിലെത്തുക.

നാല്‍പ്പത്തിയൊന്ന് ദിവസത്തെ വൃതാനുഷ്ഠാനങ്ങള്‍ക്ക് ശേഷമാണ് വിവിധ സംഘങ്ങള്‍ ഇളനീര്‍ കുലകളുമായി യാത്ര പുറപ്പെട്ടത്. ഇളനീര്‍ മുറിച്ച് തോടയിട്ട് കാവുകളാക്കി ഓംകാരം ചൊല്ലിയാണ് ഇളനീര്‍ സംഘങ്ങളുടെ യാത്ര. വിഷു കഴിഞ്ഞ് പിറ്റേന്ന് മുതലാണ് ഇളനീര്‍ സംഘങ്ങള്‍ വൃതം ആരംഭിക്കുന്നത്.

പഴശ്ശിരാജയുടെ കാലത്താണ് കുറ്റ്യാടി ഭാഗങ്ങളില്‍ നിന്നുള്ള ഇളനീര്‍ കാവുകളും, ജാതീയൂര്‍ ചാമക്കാലില്‍ നിന്നുള്ള എണ്ണയും കൊട്ടീയൂരിലേക്ക് അഭിഷേകത്തിനായി കൊണ്ടുപോവാന്‍ ആരംഭിച്ചത്. ചാമക്കാലില്‍ കഞ്ഞിപ്പുരയില്‍ നിന്നുമുള്ള അവകാശികള്‍ പഴശ്ശിരാജ നല്‍കിയ ചെപ്പുകുടത്തിലാണ് എണ്ണ കൊണ്ടുപോവുന്നത്.

കൊട്ടിയൂരിലേക്കുള്ള യാത്രക്കിടയില്‍ ഇളനീര്‍കാവ് സംഘങ്ങള്‍ക്ക് താമസിക്കാന്‍ പ്രത്യേകം കഞ്ഞിപ്പുരകളുണ്ടാകും. ഇടവ മാസത്തിലെ ചോതി നക്ഷത്രം തൊട്ട് തുടങ്ങുന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങാണ് ഇളനീരാട്ടം. 28ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്നതാണ് ഇവിടുത്തെ ഉത്സവം.