ഏഴ് ഗജവീരന്മാർ അണിനിരക്കും, വരവുകളും വെടിക്കെട്ടും താളമേളങ്ങളും മാറ്റുകൂട്ടും; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം ഗംഭീരമായി ആഘോഷിക്കാന്‍ ട്രസ്റ്റി ബോര്‍ഡ്


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വർഷത്തെ കാളിയാട്ട മഹോത്സവം ഗംഭീരമായി ആഘോഷിക്കാന്‍ ട്രസ്റ്റി ബോര്‍ഡ് യോഗത്തില്‍ തീരുമാനം. ആഘോഷ പരിപാടികളും അന്നദാനവും ഒഴിവാക്കി ക്ഷേത്രാചരങ്ങള്‍ മാത്രമായാണ് നടത്തുക. മാര്‍ച്ച് 29 ന് ഉത്സവത്തിന് കൊടിയേറും. ഏപ്രില്‍ അഞ്ചിനാണ് കാളിയാട്ടം. മലബാറിലെ പ്രധാന ഉത്സവങ്ങളിലൊന്നാണ് കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം.

കൊടിയേറ്റം മുതല്‍ ചെറിയ വിളക്കുവരെ ശീവേലിക്ക് അഞ്ച് കൊമ്പനാനകള്‍ ഉണ്ടാവും. ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ നാന്ദകം എഴുന്നള്ളിപ്പിനുള്ള രണ്ട് പിടിയാനകള്‍ ഉള്‍പ്പെടെ ഏഴ് ഗജവീരന്മാര്‍ അണിനിരക്കും. വിവിധ ഭാഗങ്ങളില്‍ നിന്ന് ക്ഷേത്രത്തിലേക്ക് ആചാര പ്രകാരമുള്ള വരവുകള്‍ ഇത്തവണയും ഉണ്ടാവും. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് എല്ലാ ചടങ്ങുകളും നടത്തുകയെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.വേണു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

വാദ്യപോകരണങ്ങളുടെ ശബ്ദത്താല്‍ ക്ഷേത്രപരിസരം ഇത്തവണയും ഭക്തി സാന്ദ്രമാകും. കൊമ്പ്, ചെണ്ട, കുഴല്‍, മദ്ദളം, ഇലത്താളം ഉള്‍പ്പെടെയുള്ള നാദസ്വരങ്ങളുടെ വാദ്യമേളവും ഉത്സവത്തിന് മാറ്റുകൂട്ടും. 80 വാദ്യകലാകാരന്മാരാണ് ഇതില്‍ അണിനിരക്കുക. ആഘോഷ പരിപാടികള്‍ ഒന്നുമില്ലെങ്കിലും ക്ഷേത്രോത്സവത്തിന്റെ പഴയകാല പ്രൗഡി വിളിച്ചോതുന്ന തരത്തിലാണ് ആചാരങ്ങള്‍ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

വലിയവിളക്കിനും, കാളിയാട്ടത്തിനും മാറ്റുകൂട്ടാന്‍ വെടിക്കെട്ടുമുണ്ടാവും. മുന്‍ വര്‍ഷങ്ങളിലേതിന് സമാനമായാണ് ഇത്തവണയും വെടിക്കെട്ട് നടത്തുക. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഉത്സവത്തിന് ക്ഷേത്രാങ്കണത്തിലേക്ക് ഒഴുകിയെത്താറ്. വിവിധ ഭാഗങ്ങളില്‍ നിന്നും വരവ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വരവുകളുമുണ്ടാവും. ഇത്തവണയും ചടങ്ങുകള്‍ക്കൊന്നും മാറ്റമില്ല.

യോഗത്തില്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കൊട്ടിലകത്ത് ബാലന്‍ നായര്‍, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ഇളയേടത്ത് വേണു ഗോപാല്‍, കീഴയില്‍ ബാലന്‍ നായര്‍, സി.നാരായണന്‍കുട്ടി നായര്‍, എ.പി സുധീഷ്, പ്രമോദ് തുന്നോത്ത്, പി.പി രാധാകൃഷ്ണന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.