‘കപ്പടിക്കാത്തതില്‍ നിരാശയുണ്ട്, പക്ഷേ ബ്ലാസ്റ്റേഴ്‌സ് എന്നും ഇടനെഞ്ചില്‍ തന്നെ’; ഐ.എസ്.എല്‍ ഫൈനല്‍ തോല്‍വിയിലും കേരള ബ്ലാസ്‌റ്റേഴ്‌സിനെ ചേര്‍ത്ത് പിടിച്ച് കൊയിലാണ്ടിയിലെ ആരാധകര്‍ (വീഡിയോ കാണാം)


കൊയിലാണ്ടി: കേരളാ ബ്ലാസ്റ്റേഴ്‌സിെേന്റ ലക്ഷക്കണക്കിന് ആരാധകരുടെ ചങ്കിലേക്കാണ് ഹൈദരാബാദിന്റെ താരങ്ങള്‍ ഇന്നലെ ഷൂട്ടൗട്ടില്‍ നിറയൊഴിച്ചത്. ദിവസങ്ങള്‍ നീണ്ട ആവേശം സങ്കടക്കടലാകുന്ന കാഴ്ചയായിരുന്നു ഇന്നലെ കേരളത്തിലുടനീളം കാണാന്‍ കഴിഞ്ഞത്. പലരുടെയും കണ്ണ് നിറയുന്നത് പോലും കണ്ടിരുന്നു.

കൊയിലാണ്ടിയിലും വലിയ ആവേശത്തോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരായ മഞ്ഞപ്പട ഐ.എസ്.എല്‍ ഫൈനലിനെ എതിരേറ്റത്. പലയിടത്തും വലിയ സ്‌ക്രീനുകള്‍ ഒരുക്കി നൂറുകണക്കിന് ആരാധകര്‍ ഒന്നിച്ചാണ് കളി കാണാനെത്തിയത്. ആര്‍ത്തിരമ്പിയ ഓരോ വേദികളും പക്ഷേ ഷൂട്ടൗട്ടിന് ശേഷം ശോകമൂകമായി.

എന്നാല്‍ ചാരത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന ഫീനിക്‌സ് പക്ഷിയെ പോലെ, നിരന്തരമായ പരാജയങ്ങള്‍ക്കും മോശം പ്രകടനങ്ങള്‍ക്കും ശേഷം ആരാധകരെ പോലും അമ്പരപ്പിച്ചുകൊണ്ട് കെട്ടുറപ്പുള്ള ടീമായി, സ്ഥിരതയാര്‍ന്ന പ്രകടനവുമായി ഉയര്‍ന്നുവന്ന കേരളാ ബ്ലാസ്റ്റേഴ്‌സാണ് ഇത്തവണ ഐ.എസ്.എല്ലിനെത്തിയത്. ഇവാന്‍ വുകുമനോവിച്ച് എന്ന സെര്‍ബിയന്‍ പരിശീലകന് കീഴിലാണ് ഐ.എസ്.എല്‍ തുടങ്ങിയ ശേഷം ഇന്ന് വരെ കാണാത്ത തരത്തിലുള്ള പ്രകടനത്തിലേക്ക് കേരളാ ബ്ലാസ്റ്റേഴ്‌സിനെ എത്തിച്ചത്.

സിൽക്ക് ബസാറിലെ ബിഗ് സ്ക്രീനിന് മുന്നിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ

കേവലം ഭാഗ്യത്തിനപ്പുറം മികച്ച കളി പുറത്തെടുത്താണ് ഈ സീസണിലെ ആദ്യ കളി മുതല്‍ ഫൈനല്‍ വരെ ബ്ലാസ്റ്റേഴ്‌സ് എത്തിയത്. പഴയ ബ്ലാസ്റ്റേഴ്‌സിന്റെ നിരാശാജനകമായ പ്രകടനം കാരണം നിരവധി ആരാധകര്‍ മഞ്ഞപ്പടയെ എഴുതിത്തള്ളുകയും വിട്ട് പോകുകയും ചെയ്തിരുന്നു. എന്നാല്‍ സെമി ഫൈനല്‍ എത്തിയപ്പോഴേക്കും വിട്ട് പോയ ആരാധകരെല്ലാം ബ്ലാസ്‌റ്റേഴ്‌സിനെ ചേര്‍ത്ത് പിടിച്ചുകൊണ്ട് തിരികെയെത്തിയിരുന്നു. കാരണം അവര്‍ ആഗ്രഹിച്ച ടീമായി ബ്ലാസ്റ്റേഴ്‌സ് മാറി എന്നത് തന്നെ.

ഇന്നലെ ഫൈനലില്‍ ഹൈദരാബാദിനോട് ഷൂട്ടൗട്ടില്‍ പൊരുതി തോറ്റെങ്കിലും പഴയത് പോലെ ആരാധകര്‍ ബ്ലാസ്‌റ്റേഴ്‌സിനെ കൈവിട്ടിട്ടില്ല. പകരം ചേര്‍ത്ത് പിടിക്കുകയാണ് ചെയ്തത്. പരാജയത്തിന്റെ നിരാശ ഉണ്ടെങ്കിലും ടീമിന്റെ മികച്ച പ്രകടനം ആരാധകരെ ആനന്ദത്തിലാഴ്ത്തുന്നതായിരുന്നു. കേവലം നിര്‍ഭാഗ്യം മാത്രമാണ് ഇന്നലത്തെ ബ്ലാസ്റ്റേഴ്‌സിന്റെ പരാജയത്തിന് കാരണം എന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

പുളിയഞ്ചേരിയിലെ ബിഗ് സ്ക്രീനിന് മുന്നിൽ നിന്നുള്ള കാഴ്ച

ബ്ലാസ്റ്റേഴ്‌സിന് കിരീടമുയര്‍ത്താന്‍ കഴിയാത്തതില്‍ സങ്കടമുണ്ടെന്ന് കൊയിലാണ്ടി സില്‍ക്ക് ബസാറിലെ ആരാധകന്‍ അഭിജിത്ത് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അവസാന നിമിഷം വരെ പൊരുതി നിന്നാണ് ബ്ലാസ്റ്റേഴ്‌സ് കീഴടങ്ങിയതെന്നും അതിനാല്‍ തലയുയര്‍ത്തി തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് മടങ്ങുന്നതെന്നും അഭിജിത്ത് പറഞ്ഞു. സില്‍ക്ക് ബസാറില്‍ ഒരുക്കിയ ബിഗ് സ്‌ക്രീനിലാണ് അഭിജിത്ത് ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ ഇന്നലെ ആവേശത്തോടെ ഐ.എസ്.എല്‍ ഫൈനല്‍ കണ്ടത്.

ഐ.എസ്.എല്‍ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും മികച്ച ടീമാണ് ഇപ്പോഴത്തെ കേരള ബ്ലാസ്‌റ്റേഴ്‌സ് എന്ന് പുളിയഞ്ചേരിയിലെ മഞ്ഞപ്പട ആരാധകന്‍ ഷെഹനാബ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇന്നലെ കപ്പടിക്കാത്തതില്‍ നിരാശയുണ്ട്. പക്ഷേ അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാകും കപ്പുയര്‍ത്തുക എന്ന പ്രതീക്ഷയും ഷെഹനാബ് പങ്കുവച്ചു.

ഷെഹനാബിനെയും അഭിജിത്തിനെയും പോലെ ലക്ഷക്കണക്കിന് പേരാണ് കേരളത്തിന്റെ സ്വന്തം കൊമ്പന്മാര്‍ ഐ.എസ്.എല്‍ കിരീടമുയര്‍ത്തുന്നത് കാണാനായി തകാത്തിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ പരസ്യത്തില്‍ പറയുന്നത് പോലെ ഇത് പതിനൊന്നു പേരുടെ ടീമല്ല, ലക്ഷക്കണക്കിന് പേരുടെ വികാരമാണ്. അവരുടെ ഇടനെഞ്ചിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥാനം. നമുക്കും കാത്തിരിക്കാം, നമ്മുടെ സ്വന്തം മഞ്ഞപ്പട ഐ.എസ്.എല്‍ കപ്പുയര്‍ത്തുന്ന ആ ദിവസത്തിനായി….

ബ്ലാസ്‌റ്റേഴ്‌സ് ഗോളടിച്ചപ്പോള്‍ സില്‍ക്ക് ബസാറിലെ ബിഗ് സ്‌ക്രീനിന് മുന്നില്‍ നിന്നുള്ള ദൃശ്യം-വീഡിയോ കാണാം: