നാടാകെയിനി ഉത്സവമേളം; കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവത്തിന് കൊടിയേറി


ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറ്റം. ക്ഷേത്രം തന്ത്രി മേൽപ്പള്ളി മനയ്ക്കൽ ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റച്ചടങ്ങ്.

നാളെ രാവിലെ മുതൽ താന്ത്രിക പ്രധാനമായ ഉത്സവബലി, കലാമണ്ഡലം മാണി വാസുദേവ ചാക്യാരും സംഘവും അവതരിപ്പിക്കുന്ന മത്തവിലാസം കൂത്ത്, വൈകീട്ട് ഗാനാമൃതം, തായമ്പക എന്നിവ നടക്കും.

ഫെബ്രുവരി 26 ന് ഗാനാഞ്ജലി, പത്മനാഭൻ കാഞ്ഞിലശ്ശേരിയും സരുൺ മാധവും ചേർന്ന് ഇരട്ടത്തായമ്പക ഒരുക്കും. രാത്രി പ്രാദേശിക പ്രതിഭകൾ അവതരിപ്പിക്കുന്ന സർഗ്ഗ രാവ് .

27 ന് കാലത്ത് ചെമ്പട മേളത്തിൽ കലാമണ്ഡലം ശിവദാസിന്റെ നേതൃത്വത്തിൽ കാഴ്ചശീവേലി, ഭജൻസ്, വിശേഷാൽ തായമ്പക, ശാസ്ത്രീയ നൃത്ത സമന്വയം.

28 ന് സർവ്വൈശ്വര്യ പൂജ, അഞ്ചടന്ത മേളത്തോടെ കാഴ്ചശീവേലി, പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക് മൃത്യുഞ്ജയ പുരസ്ക്കാര സമർപ്പണം, ഉച്ചയ്ക്ക് സമൂഹ സദ്യ , വൈകീട്ട് മലക്കെഴുന്നെള്ളിപ്പ്, ക്ലാസിക്കൽ ഭജൻസ്, മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരുടെ പ്രമാണത്തിൽ 101 വാദ്യ പ്രതിഭകൾ അവതരിപ്പിക്കുന്ന ആലിൻകീഴ് മേളം.

മാർച്ച് ഒന്നിന് മഹാശിവരാത്രി ദിനത്തിൽ വിശേഷാൽ സഹസ്ര കുംഭാഭിഷേകം, ചതുഃശ്ശതപ്പായസനിവേദ്യം, പ്രബന്ധക്കൂത്ത്, മുറജപം, ഓട്ടൻതുള്ളൽ, പ്രസാദ ഊട്ട്, ഭക്തി ഗാനാമൃതം, ശയനപ്രദക്ഷിണം, ഗാനമേള, ഇരട്ടത്തായമ്പക. 2 ന് പള്ളിവേട്ട. 3 ന് കുളിച്ചാറാട്ട്.