ബിജെപി ഓഫീസിലിരുന്ന് യാത്ര ചെയ്തതുപോലെ, കയറേണ്ടിയിരുന്നില്ല; വന്ദേഭാരത് യാത്ര വി.മുരളീധരന്റെ ഇലക്ഷന്‍ പര്യടനമാണോയെന്ന് തോന്നിയെന്ന് കെ.മുരളീധരന്‍ എം.പി
കോഴിക്കോട്: ബിജെപി ഓഫീസിലിരുന്നു യാത്ര ചെയ്യുന്ന പ്രതീതിയായിരുന്നു വന്ദേഭാരതില്‍ യാത്ര ചെയ്തപ്പോഴൊന്നും, കയറേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയെന്നും കെ.മുരളീധരന്‍ എം.പി. വന്ദേഭാരതിന്റെ സ്വീകരണയാത്ര ബിജെപി തരംതാണ രാഷ്ട്രീയത്തിന് ഉപയോഗിച്ചെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രാദേശിക എംഎല്‍എയെ ക്ഷണിച്ചിട്ടും സംസാരിക്കാന്‍ അനുവദിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടല്ല, ഓണ്‍ലൈനായാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത് എന്നോര്‍ക്കണം. എംഎല്‍എയെ സംസാരിക്കാന്‍ അനുവദിക്കാതിരുന്നത് മുതല്‍ തറക്കളി ആരംഭിച്ചു.
വന്ദേഭാരതിനായി എല്ലാ എം.പിമാരും കൂട്ടായ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അവരുടേതായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. പക്ഷേ, കൊടിയും പിടിച്ച് ബി.ജെ.പിക്കാര്‍ ട്രെയിനില്‍ കയറി അവരുടെ നേതാക്കള്‍ക്ക് മുദ്രാവാക്യം വിളിച്ചത് ദൗര്‍ഭാഗ്യകരമാണ്. മേലാല്‍ ഇത് ആവര്‍ത്തിക്കരുതെന്നും അദ്ധേഹം പറഞ്ഞു.
കേരളത്തിൽനിന്നു ജയിച്ച എംഎൽഎയെയോ എംപിയെയോ സ്വീകരിക്കാനുള്ള ഭാഗ്യം ആ പാർട്ടിക്കില്ലല്ലോ. എന്നാൽപ്പിന്നെ ട്രെയിനിലെങ്കിലും സ്വീകരിച്ചോട്ടെ എന്നു കരുതി ഞാൻ മിണ്ടാതിരുന്നു. ആലപ്പുഴയിൽ എത്താറായപ്പോൾ എല്ലാ സീമയും ലംഘിച്ചു. എറണാകുളം മുതൽ ആലപ്പുഴ വരെ പാസഞ്ചർ ട്രെയിൻ പോലെയാണ് വന്ദേഭാരത് സഞ്ചരിച്ചത്. ഉദ്ഘാടനത്തിനു സ്പെഷൽ ഷെഡ്യൂൾ ആണെന്നായിരുന്നു ഇതിനു മറുപടി.

പലയിടങ്ങളിലും ട്രെയിൻ പിടിച്ചിട്ടു. ഇതു മറ്റു ട്രെയിനുകളെ വൈകിപ്പിച്ചു. വേണാട് എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകി. ആലപ്പുഴയിൽ ബിജെപി പ്രവർത്തകരുടെ ജാഥയും പ്രകടനവുമായിരുന്നു. ആദ്യ ദിവസം തന്നെ ട്രെയിന്റെ ചില്ല് പൊട്ടുമെന്ന് വിചാരിച്ചു. കേരളത്തിലെ എല്ലാ ബിജെപിക്കാരെയും അണിനിരത്തി. ഇതിൽക്കൂടുതൽ ബിജെപിക്കാർ ഇവിടെയില്ല. ഇവിടങ്ങളിലെല്ലാം കേന്ദ്രമന്ത്രി വി.മുരളീധരൻ ഇറങ്ങി സ്വീകരണം ഏറ്റുവാങ്ങുകയായിരുന്നുവെന്നും അദ്ധേഹം പറഞ്ഞു
വി.മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണമാണോയെന്ന് സംശയം തോന്നി. ഇദ്ദേഹത്തിനു വേണ്ടി ഓരോ പോയിന്റിലും 10 മിനിറ്റ് ട്രെയിൻ നിർത്തിയിട്ടു. ആലപ്പുഴയിൽ അരമണിക്കൂറോളം നേരം സ്വീകരണം നീണ്ടു. അടച്ച വാതിൽ വീണ്ടും തുറക്കുകയും ചെയ്തു. അദ്ധേഹമാണ് അനാവശ്യമായി ഈ ആഘോഷത്തിന് നേതൃത്വം നല്‍കിയതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. കേന്ദ്ര സഹമന്ത്രിമാര്‍ കേരളത്തില്‍ വന്ന് ഇല്ലാത്ത പത്രാസ് കാണിക്കരുത്. സഹമന്ത്രിമാരുടെ ജോലി എന്താണെന്ന് കൃത്യമായി അറിയാം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം ആര്‍ക്കുമുണ്ട്. മത്സരിക്കുന്നവര്‍ക്ക് ജയിക്കുമോ തോല്‍ക്കും എന്ന ടെന്‍ഷന്‍ ഉണ്ടാകും. അങ്ങനത്തെ ടെന്‍ഷന് പോലും വി.മുരളീധരന് ഉണ്ടാകാന്‍ ഇടയില്ല. കേരളത്തിന് വല്ലതും അനുവദിക്കുമ്പോള്‍ ഞാന്‍ അറിയാതെ കൊടുക്കരുതെന്ന് പറയുന്നയാളാണ് മുരളീധരന്‍. ഇരിക്കുന്ന പദവിയില്‍ ഒരു മാന്യതയും ഇല്ലാത്ത ആള്‍, കെ മുരളീധരന്‍ പറഞ്ഞു.
അതേ സമയം, കേരളത്തില്‍ രണ്ടാം വന്ദേഭാരത് വന്നത് സന്തോഷമുള്ള കാര്യമാണെന്നും കാസര്‍ഗോഡും തിരുവനന്തപുരവും തമ്മിലുള്ള അകലം കുറഞ്ഞെന്നും അദ്ധേഹം പറഞ്ഞു.