വടകരയില്‍ തെരുവുനായയുടെ ആക്രമണം; അഞ്ച് പേര്‍ക്ക് കടിയേറ്റു


വടകര: നഗരത്തില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 5 പേര്‍ക്ക് പരുക്കേറ്റു. എടോടി, കരിമ്പനപ്പാലം എന്നിവിടങ്ങളിലായിരുന്നു തെരുവു നായ ആക്രമണം. പുറങ്കര വളപ്പില്‍ ഗണേശന്‍ (62), പുതിയാപ്പ് ടി ദേവദാസ് (42), കുരിക്കിലാട് സുധീഷ് (49), കൈനാട്ടി രാജു (66), പയനീര്‍ കുന്നുമ്മല്‍ ഹമീദ് (48) എന്നിവര്‍ക്കാണ് കടിയേറ്റത്.

റെയില്‍വേ സ്റ്റേഷന് സമീപത്തെ ആര്‍എംഎസിന് മുന്നിലാണ് വളപ്പില്‍ ഗണേശനെ നായ കടിച്ചത്. എടോടിയില്‍ നിന്ന് പഴയ ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് പോകുകയായിരുന്ന ഗണേശന്റെ നേര്‍ക്ക് ചാടി കടിക്കുകയായിരുന്നു. കരിമ്പനപ്പാലത്ത് കടയുടെ പുറത്ത് വച്ചാണ് രാജുവിന് കടിയേറ്റത്. എല്ലാവരും വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.