ആയഞ്ചേരിയില്‍ ഇടിമിന്നലില്‍ തേങ്ങാക്കൂട കത്തിനശിച്ചു; ഒരുലക്ഷത്തോളം രൂപയുടെ നഷ്ടം


ആയഞ്ചേരി: ആയഞ്ചേരിയില്‍ ഇന്നലെ ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ തേങ്ങാക്കൂട കത്തി നശിച്ചു. ആയഞ്ചേരി ചേറ്റുകെട്ടിയിലെ താമരശ്ശേരി കുഞ്ഞമ്മദ് ഹാജിയുടെ തേങ്ങാക്കൂടയാണ് കത്തിനശിച്ചത്.

രണ്ടായിരത്തോളം തേങ്ങയും നൂറുകണക്കിന് വൈക്കോല്‍ക്കെട്ടുകളും കത്തി നശിച്ചു. ഇടിമിന്നലിനെത്തുടര്‍ന്ന് ഷോട്ട് സര്‍ക്യൂട്ട് ഉണ്ടായതാവാം അപകടത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം.

വിവരമറിയിച്ചതിനെത്തുടര്‍ന്ന് വടകരയില്‍ നിന്നും രണ്ട് അഗ്നിരക്ഷാ യൂണിറ്റുകളെത്തി തീയണച്ചു. സേനയുടെ ഇടപെടലിനെത്തുടര്‍ന്ന് ചുറ്റുപാടുമുള്ള സ്ഥാപനങ്ങളിലേക്ക് തീപടരാതിരിക്കാന്‍ സാധിച്ചു. ഏകദേശം ഒരുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.