മഞ്ഞപ്പടയ്ക്ക് ഇത്തവണയും നിരാശ, ഐ.എസ്.എല്‍ കിരീടമുയര്‍ത്തി ഹൈദരാബാദ്; വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കീഴടങ്ങിയത് ഷൂട്ടൗട്ടില്‍ (വീഡിയോ കാണാം)


പനാജി: ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് വീണ്ടും നിരാശ. ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്ത് ഹൈദരാബാദ് എഫ്.സി ഈ വര്‍ഷത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഉയര്‍ത്തി. നിശ്ചിത സമയത്തും എക്‌സ്ട്രാ സമയത്തും വാശിയേറിയ പോരാട്ടം നടത്തിയ ബ്ലാസ്‌റ്റേഴ്‌സ് ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കീഴടങ്ങിയത്. ഒന്നിനെതിരെ മുന്ന് ഗോളുകള്‍ക്കാണ് ഹൈദരാബാദ് ഐ.എസ്.എല്‍ കപ്പുയര്‍ത്തിയത്. ഇത് മൂന്നാം തവണയാണ് ഐ.എസ്.എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുന്നത്.

നേരത്തേ നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു. രണ്ടാം പകുതിയിലാണ് ഇരു ടീമുകളും സമനില ഗോള്‍ നേടിയത്. നിശ്ചിത സമയമായ 90 മിനുറ്റിലും തുടര്‍ന്നുള്ള എക്‌സ്ട്രാ സമയമായ 30 മിനുറ്റിലും സമനില തുടര്‍ന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

ഹൈദരാബാദ് എഫ്.സി ആരാധകരുടെ വിജയാഹ്ളാദം

68-ാം മിനിറ്റില്‍ രാഹുല്‍ കെ.പിയാണ് ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോള്‍ നേടിയത്. പോസ്റ്റിന് പുറത്ത് നിന്ന് രാഹുല്‍ തൊടുത്ത ഷോട്ട് ഹൈദരാബാദിന്റെ ഗോളി ലക്ഷ്മികാന്ത് കട്ടിമണിയുടെ കൈയ്യില്‍ തട്ടി പോസ്റ്റിലേക്ക് വീഴുകയായിരുന്നു. എന്നാല്‍ 88-ാം മിനിറ്റില്‍ സാഹില്‍ ടവോരയിലൂടെ ഹൈദരാബാദ് സമനില പിടിച്ചു. ബോക്‌സിന് പുറത്ത് നിന്ന് ടവോര തൊടുത്ത ഷോട്ടാണ് ഗോളില്‍ കലാശിച്ചത്.

തുടക്കം മുതല്‍ ഇരുടീമുകളും ആക്രമണ ഫുട്‌ബോളാണ് ഇരുടീമുകളും സ്വീകരിച്ചത്. രണ്ട് തവണ ഹൈദരാബാദിന്റെ ബോക്‌സിലേക്ക് മുന്നേറാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചെങ്കിലും ലക്ഷ്യത്തിലേക്ക് കുതിക്കാനായില്ല. ഹൈദരാബാദിന്റെ യാസിറിനെ ഫൗള്‍ ചെയ്തതിന് ബ്ലാസ്റ്റേഴ്‌സിന്റെ സന്ദീപിന് മഞ്ഞക്കാര്‍ഡ് ലഭിക്കുകയും ചെയ്തു.

രാഹുല്‍ കെ.പി

15-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ കാത്തിരുന്ന ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റം വന്നത്. എതിര്‍ ബോക്‌സിന്റെ ഇടതു വശത്ത് നിന്ന് ലഭിച്ച ത്രോയില്‍ നിന്നായിരുന്നു തുടക്കം. ബോക്‌സിലുള്ള പെരേര ഡയാസിനെ ലക്ഷ്യമാക്കിക്കൊണ്ട് ഖബ്രയുടെ അളന്നു മുറിച്ചുള്ള ക്രോസ്. ഉയര്‍ന്ന് വന്ന പന്ത് ഹെഡ് ചെയ്യാന്‍ ഡയാസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

തുടക്കത്തിലെ ആക്രമണങ്ങള്‍ക്ക് ശേഷം തണുപ്പിക്കുന്ന പതിവ് രീതി ആയിരുന്നില്ല ബ്ലാസ്റ്റേഴ്‌സിന്റെത്. മികച്ച ബില്‍ഡപ്പുകളോടെ ശ്രമങ്ങള്‍ തുടര്‍ന്നു. രാഹുല്‍ കെപിയുടേയും അഡ്രിയാന്‍ ലൂണയുടേയും ഷോട്ടുകള്‍ വന്നെങ്കിലും ഗോള്‍ അകന്നു നിന്നു. സീസണിലെ ടോപ് സ്‌കോററായ ഒഗ്ബച്ചയെ നിശബ്ദനാക്കി നിര്‍ത്താനും ബ്ലാസ്റ്റേഴ്‌സിനായി.

38-ാം മിനിറ്റില്‍ ആല്‍വാരൊ വാസ്‌ക്വസിന്റെ തീപാറുന്ന ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയത് ആരാധകരെ നിരാശരാക്കി. എന്നാല്‍ ആദ്യ പകുതിയുടെ അവസാന നിമിഷം ഗോളിന്റെ തൊട്ടരികില്‍ ഹൈദരാബാദ് എത്തി. പകരക്കാരനായി എത്തിയ സിവയേറോയുടെ ഹെഡര്‍. എന്നാല്‍ ഗില്ലിന്റെ മികച്ച സേവ് ഗോള്‍ നിഷേധിച്ചു.

രാഹുലിന്റെ ഗോൾ-വീഡിയോ കാണാം: