എലത്തൂരിൽ വൻ ലഹരിമരുന്ന് വേട്ട; വാടക വീട്ടിൽ നിന്ന് അഞ്ച് കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി


കോഴിക്കോട്:∙ എലത്തൂർ പുതിയങ്ങാടിയിൽ വൻ ലഹരിമരുന്ന് വേട്ട. വാടക വീട്ടിൽ നടത്തിയ റെയ്ഡിൽ അഞ്ച് കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. 750 ഗ്രാം എംഡിഎഎ, 6.160 ഗ്രാം എക്സ്റ്റസി ടാബ്‌ലറ്റ്, 80 എൽഎസ്ഡി സ്റ്റാംപുകൾ എന്നിവയാണ് പിടിച്ചെടുത്തത്. കോഴിക്കോട് നര്‍ക്കോട്ടിക് സെല്‍ ഡന്‍സാഫ് ടീമും വെള്ളയില്‍ പൊലീസും ചേര്‍ന്നണ് പിടികൂടിയത്.   

പുതിയങ്ങാടി വാടകവീട് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തുന്ന സംഘത്തില്‍ നിന്നാണ് വലിയ അളവിലുള്ള ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്. പൊലീസിനെ കണ്ട് രണ്ടു പേർ ഓടി രക്ഷപ്പെട്ടു. ഇവരെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. വിവരങ്ങളടങ്ങുന്ന രേഖകളും ഉപയോഗിച്ച 2 ബൈക്കുകളും പൊലീസ് വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് പൊലീസ് പരിശോധന നടത്തിത്.   

ടൗൺ അസിസ്റ്റന്റ് കമ്മിഷണർ കെ.ജി.സുരേഷ്കുമാർ, വെള്ളയിൽ ഇൻസ്പെക്ടർ ഹരീഷ്, നടക്കാവ് ഇൻസ്പെക്ടർ ജിജോ എന്നിവരുടെ നേതൃത്വത്തിലാണ് ലഹരിമരുന്ന് പിടികൂടിയത്. ഒരു ഗ്രാം എംഡിഎംഎ 3000 രൂപയ്ക്കാണ് വിൽപന നടത്തുന്നത്. പിടിച്ചെടുത്ത ലഹരി മരുന്നിന് 50 ലക്ഷത്തോളം രൂപ വില വരും.