നന്മണ്ടയില്‍ ഗുണ്ടാവിളയാട്ടം; സിനിമാ നിര്‍മ്മാതാവിന് നേരെ വെടിവെച്ചു; രണ്ടുപേര്‍ കസ്റ്റഡിയില്‍


ബാലുശ്ശേരി: നന്മണ്ട 12 ല്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി ഗുണ്ടാവിളയാട്ടം. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം ഉണ്ടായത്. വൈഡൂര്യം എന്ന സിനിമയുടെ നിര്‍മ്മാതാവായ പന്ത്രണ്ടുമഠത്തില്‍ വില്‍സണ് നേരെയാണ് ആക്രമണമുണ്ടായത്.

വില്‍സണ്‍ താമസിക്കുന്ന വാടക വീട്ടിലെത്തിയ ഗുണ്ടാസംഘം വീട്ടുകാര്‍ക്കു നേരെ വെടിയുതിര്‍ത്തു. വീട്ടുസാധനങ്ങള്‍ പുറത്തേക്ക് മാറ്റിവെക്കുന്നതിനിടയിലാണ് മൂന്നംഗ ഗുണ്ടാസംഘത്തിന്റെ ആക്രമണമുണ്ടായത്. ‘വീട് ഒഴിഞ്ഞില്ലേടാ’ എന്ന് ആക്രോശിച്ചാണ് ഗുണ്ടകള്‍ വെടിയുതിര്‍ത്തത്.

തലനാരിഴയ്ക്കാണ് വില്ഡസണും കുടുംബവും വെടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. സംഭവത്തില്‍ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. മുക്കം ചെറുവാടി സ്വദേശി മുനീര്‍ (35), ഓമശ്ശേരി സ്വദേശി ഷാഫി (32) എന്നിവരാണ് പിടിയിലായത്.

2016ല്‍ പുറത്തിറങ്ങിയ സിനിമയാണ് വൈഡൂര്യം. സിനിമ നിര്‍മ്മിക്കാനായി പണം വായ്പയായി വാങ്ങിയിരുന്നു ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണമായത്. 2010ല്‍ സിനിമ നിര്‍മിക്കാന്‍ 2.65 കോടിയോളം രൂപ വില്‍സണു ചെലവായിരുന്നു. സിനിമ റിലീസ് ചെയ്യാന്‍ 50 ലക്ഷത്തോളം രൂപ ആവശ്യമായതിനെ തുടര്‍ന്ന് വായ്പയെടുത്തു. തൃശൂരില്‍ വില്‍സന്റെ പേരിലുണ്ടായിരുന്ന 32 സെന്റ് സ്ഥലം ഈടായി റജിസ്റ്റര്‍ ചെയ്തു നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ സിനിമ പരാജയപ്പെട്ടതോടെ വില്‍സണ്‍ പ്രതിസന്ധിയിലായി. പിന്നീട് വില്‍സണ്‍ സ്വന്തം പേരിലുണ്ടായിരുന്ന 32 സെന്റ് സ്ഥലം ഈടായി റജിസ്റ്റര്‍ ചെയ്തു നല്‍കിയിരുന്നു. വായ്പക്കാരന്റെ ഭാര്യയുടെ പേരിലാണു സ്ഥലം റജിസ്റ്റര്‍ ചെയ്തു കൊടുത്തിരുന്നത്. ആറു മാസത്തിനു ശേഷം 87.72 ലക്ഷം രൂപയ്ക്കു ആ സ്ഥലം വിറ്റു പണം തിരികെ നല്‍കിയിരുന്നു. എന്നാല്‍ നന്മണ്ടയിലെ സ്ഥലം വില്‍സണു തിരികെ കൊടുത്തില്ല. ഈ കേസ് കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് വില്‍സണ് നേരെ ആക്രമണമുണ്ടായത്.