‘വടകരയില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരഞ്ഞെടുക്കപ്പെടും’; ആവേശക്കടലായി വടകര, സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തിലെത്തി കെ.കെ ശൈലജ ടീച്ചർ


വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കെ കെ ശൈലജ ടീച്ചർക്ക് വടകര റെയിൽവെ സ്റ്റേഷനിൽ ഗംഭീര സ്വീകരണം. തിങ്ങിനിറഞ്ഞ പ്രവര്‍ത്തകര്‍ക്ക് നടുവിലൂടെ തുറന്ന ജീപ്പില്‍ ശൈലജ ടീച്ചര്‍ വടകര ടൗണിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. ടീച്ചറെ അഭിവാദ്യം ചെയ്യാനായി നൂറില്‍പ്പരം ആളുകളാണ് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് എത്തിയത്.

”ഈ തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണെന്നും ഈ രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍, ജനാധിപത്യപരമായ അവകാശങ്ങള്‍ സ്ഥാപിച്ചു കിട്ടാന്‍, ഇന്ത്യയെ ഏറ്റവും നല്ല ജനാധിപത്യ ഫെഡറലിസത്തിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളുടെയും യൂണിയനായി കേന്ദ്രം നില്‍ക്കുകയും, ഏറ്റവും ശക്തമായി സംസ്ഥാനങ്ങളും ഉണ്ടാവുകയും ചെയ്യണമെന്നാണ് ഈ തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷം ആഗ്രഹിക്കുന്നതെന്ന്” ശൈലജ ടീച്ചര്‍ പറഞ്ഞു.

വടകര പാര്‍ലിമെന്റ് നിയോജക മണ്ഡലത്തില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ ഇത്തവണ ഇടത്പക്ഷ ജനാധിപത്യ മുന്നണി തിരഞ്ഞെടുക്കപ്പെടുമെന്ന് എന്നതിന്റെ കേളികൊട്ടാണ് ഇന്നിവിടെ ഉയര്‍ന്നതെന്നും, എല്‍ഡിഎഫിന്റെ പ്രവര്‍ത്തകര്‍ മാത്രമല്ല നിഷ്പക്ഷരായ ഒട്ടേറെ സഹോദരങ്ങള്‍ വടകരയിലെ ഇടത്പക്ഷത്തിന്റെ വിജയത്തിനായി ഞങ്ങളോടൊപ്പം ഉണ്ട് എന്നത് ഏറെ ആശ്വാസകരമായിട്ടുള്ള കാര്യമാണെന്നും, നല്ലൊരു വിജയം ഈ നിയോജക മണ്ഡലത്തില്‍ നേടുമെന്നും കേരളത്തിലുടനീളം ഇടത്പക്ഷം കരുത്തുറ്റ വിജയം നേടുമെന്നും മഹാഭൂരിപക്ഷം സീറ്റുകളിലും ഇടത്പക്ഷ ജനാധിപത്യ മുന്നണി വിജയിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

”ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ബിജെപി ഇതര ഗവണ്‍മെന്റ് ഉയരാന്‍ എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് ഉത്സാഹിക്കുന്നുണ്ട്. വടകരയില്‍ നിന്നും ജയിച്ചാല്‍ വടകരയിലെ ഏറ്റവും ഉയര്‍ന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും ഈ നാട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങള്‍ എന്നെ തിരഞ്ഞെടുക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നുവെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.