“ബസ് ഓടിക്കാനൊന്നും പെൺകുട്ടികൾക്ക് പറ്റില്ലെന്നാണ് ചിലരൊക്കെ വിചാരിക്കുന്നത്, എന്നാൽ എന്റെ കരുത്ത് അതാണ്”; പേരാമ്പ്ര-വടകര റൂട്ടിലെ ആദ്യ വനിതാ ബസ് ഡ്രൈവർ അനുഗ്രഹ മനസ് തുറക്കുന്നു


പേരാമ്പ്ര: ബസ് ഡ്രെെവിം​ഗൊന്നും പെൺകുട്ടികൾക്ക് പറ്റില്ലെന്ന ചിന്തയാണ് പലർക്കും. പെൺകുട്ട്യാണല്ലോ, തിരക്കുള്ള റോഡിലൂടെ വലിയ വണ്ടി ഓടിക്കൽ അവർക്ക് സാധിക്കുമോയെന്ന സംശയമാണ് പലരുടെയുമുള്ളിൽ. എതിരെ ചിറിപ്പാഞ്ഞ് വാഹനങ്ങൾ വരുമ്പോഴും ആത്മവിശ്വാസത്തോടെയാണ് നോവ ബസിന്റെ വളയം പിടിക്കുന്നതെന്ന് മേപ്പയ്യൂർ സ്വദേശിനി അനു​ഗ്രഹ പറയുന്നു.

പെൺകുട്ട്യാണല്ലോ പറ്റുമോ എന്നൊരു പേടി പലർക്കുമുണ്ടായിരുന്നു. അവരെ ഞാൻ കുറ്റം പറയില്ല. ആർക്കായാലും ഒരു ടെൻഷൻ ഉണ്ടാകും. ഒരു പെൺകുട്ടിക്ക് പറ്റൂലായെന്നോരു വിശ്വാസം. തിരക്കുള്ള റോഡിലൂടെ വലിയ വണ്ടിയിൽ ഇത്രയും ആൾക്കാരെയും കൊണ്ട് പോകാൻ സാധിക്കില്ലെന്ന ചിന്തയാവാം. അതൊന്നും എനിക്ക് പ്രശ്നമല്ല. അതിനേക്കാളേറെ എത്രയോ പേരെന്നെ സപ്പോർട്ട് ചെയ്യുന്നുണ്ട്. നേരിട്ടും ഫോണിലൂടെയും അല്ലാതെയും ആശംസയും അഭിന്ദനവും അർപ്പിച്ചവർ ഏറെയാണ്. അത് മതിയെനിക്ക്. ഞാൻ തുടങ്ങി വെച്ചിട്ടുണ്ട്, കൂടുതൽ പേർ ഈ മേഖലയിലേക്ക് എത്തട്ടെയെന്നും അനു​ഗ്രഹ പറയുന്നു.

കുഞ്ഞന്നാൾ മുതൽ ഡ്രെെവിം​ഗ് ഇഷ്ടമായിരുന്നു. സ്കൂട്ടറും കാറുമെല്ലാം ഓടിക്കും. പതിനെട്ട് വയസായപ്പോഴേക്കും ലെെസൻസെടുത്തിരുന്നു. പിറന്നാളാകുന്നതിന് മുന്നേ ലെെസൻസ് എടുക്കുന്നതിനേ പറ്റി അച്ഛൻ പറഞ്ഞിരുന്നു. അങ്ങനെയാണ് ലെെസൻസ് എടുക്കുന്നത്- അനു​ഗ്രഹ പറഞ്ഞു. ജോലി രാജിവെച്ച് വീട്ടിലിരുന്നതാണ് ജീവിത്തിൽ പുതിയ വഴിത്തിരിവുണ്ടാക്കിയത്. ഹെവി ലെെസൻസ് എടുക്കുന്നതിനെ പറ്റി ചിന്തിച്ചത് അപ്പോഴായിരുന്നു. വീട്ടുകാരോട് പറഞ്ഞപ്പോൾ അവരും സപ്പോർട്ട് ചെയ്തു. അച്ഛനാണ് എല്ലാത്തിനും മുൻപന്തിയിലുണ്ടായിരുന്നത്.

ഒരു ആ​ഗ്രഹം പെൺകുട്ടി പറഞ്ഞാൽ രക്ഷിതാക്കളും ബന്ധുക്കളും അയൽക്കാർ ഉൾപ്പെടെയുള്ളവർ കൂടെനിന്ന് പിന്തുണ നൽകണം. അവരുടെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ ചേർത്ത് പിടിക്കണം. വീട്ടുകാർ എനിക്ക് നൽകിയ പിന്തുണയാണ് തന്റെ വിജയത്തിന് പിന്നിലെന്ന് അനു​ഗ്രഹ പറയുന്നു. ‍

പേരാമ്പ്ര-വടകര റൂട്ടില്‍ ഓടുന്ന നോവ ബസ്സിലെ ഡ്രൈവര്‍ സീറ്റില്‍ ഞായറാഴ്ച്ച മുതലാണ് ഈ 24 കാരി വളയം പിടിച്ചു തുടങ്ങിയത്. മേപ്പയ്യൂര്‍ എടത്തില്‍ മുക്ക് മുരളീധരന്‍ (മാച്ചു)-ചന്ദ്രിക ദമ്പതിമാരുടെ മകളാണ് ലോജിസ്റ്റിക്കില്‍ മാസ്റ്റര്‍ ബിരുദധാരിയായ അനുഗ്രഹ.