ഇത് തീക്കളി; വേനൽ കനത്തതോടെ അഗ്നിബാധകൾ വർധിക്കുന്നു; വേണം അതീവ ജാഗ്രത


കോഴിക്കോട്: വേനൽ കനക്കുകയാണ്. കിണറുകളും കുളങ്ങളും എല്ലാ വരൾച്ചയിലായി. പുല്ലുകളും ചെടികളും ഉണങ്ങി കരിഞ്ഞു. മനുഷ്യരും ഉരുകി പോയേക്കുമെന്ന അവസ്ഥയിലാണ്. എന്നാൽ ഇക്കാലത്ത് ഏറെ ഭീതിപരത്തുന്ന ഒന്നാണ് തീപിടിത്തം മൂലമുണ്ടാകുന്ന അപകടങ്ങൾ. കേരളത്തിൽ ഇത്തരം നിരവധി കേസുകളാണ് ഈയിടെയായി റിപ്പോർട്ട് ചെയ്യുന്നത്. കൊയിലാണ്ടിയിലും തീപ്പിടുത്തം ഒരു സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്.

കരുതലുണ്ടായേ മതിയാവു…. തീപിടുത്തത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഷോർട്ട് സർക്യൂട്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് വഴിയുള്ള തീപ്പിടിത്തം ഒഴിവാക്കാൻ വയറിങ്ങും വൈദ്യുതോപകരണങ്ങളും കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണം . വൈദ്യുത ലൈനിലെ അപാകതകൾ കണ്ടെത്തി ബന്ധം വിച്ഛേദിക്കാന്‍ കഴിയുന്ന എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കറുകള്‍ ഉപയോഗിക്കാവുന്നതാണ്. പഴയ വീടുകളിലെ വയറിങ്ങുകള്‍ ഇതിലേക്കു മാറ്റാൻ ശ്രദ്ധിക്കണം.

സ്വിച്ച് ബോര്‍ഡുകള്‍ക്കു സമീപം എളുപ്പം തീപിടിക്കാവുന്ന വസ്തുക്കള്‍ വയ്ക്കുന്നത് ഒഴിവാക്കണം. കാലപ്പഴക്കമുള്ള വയറിങിലേക്ക് പുതിയ വയറുകള്‍ ഒരിക്കലും കൂട്ടിച്ചേര്‍ക്കരുത്. അധികവൈദ്യുതി ആവശ്യമായി വരുന്ന ഉപകരണങ്ങള്‍ ഒരേസമയം പ്രവര്‍ത്തിപ്പിക്കുന്നതും ഷോര്‍ട്ട് സര്‍ക്യൂട്ടിനു കാരണമാകാവുന്നതാണ്.

ഓട്ടോമാറ്റിക് സ്വിച്ച് ഓഫ് സംവിധാനമില്ലാത്ത മൈക്രോവേവ് ഓവന്‍, ഹീറ്ററുകള്‍ തുടങ്ങിയവയും അപകടത്തിനിടയാക്കാവുന്നവയാണ്. പാചകവാതക സിലിന്‍ഡറുകള്‍ വീടിനുള്ളില്‍ നിന്ന് പുറത്തേക്കു മാറ്റാൻ ശ്രദ്ധിക്കണം.

വീട്ടിലെ വയറിങ്ങിലേക്ക് നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകുമ്പോൾ ഇന്‍വര്‍ട്ടറുകളും പണിമുടക്കും. എന്നാൽ വൈദ്യുതി മുടങ്ങുമ്പോള്‍ ബാറ്ററിയില്‍ സ്വയം പ്രവര്‍ത്തിക്കുന്ന ലൈറ്റുകള്‍ ഇടനാഴികളിലോ പ്രധാന ഹാളിലോ സ്ഥാപിക്കുന്നത് ഉപകാരപ്പെടുന്നവയാണ്.

വര്‍ക്കലയിലുണ്ടായ അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത് വീടിനുള്ളില്‍ നിര്‍മിച്ചിരുന്ന ഫാള്‍സ് സീലിങ്ങായിരുന്നു. ഇതിലൂടെയാണ് വയറിങ്ങില്‍ നിന്നു മുകളിലേക്ക് പടര്‍ന്ന തീ മറ്റു മുറികളിലെത്തിയത് . ഇത്തരത്തിൽ തീപടരാന്‍ സാധ്യതയുള്ള വസ്തുക്കള്‍ ഉപയോഗിച്ചുള്ള സീലിങ്ങുകളടക്കം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം

ഇത്തരത്തിലുള്ള അപകടങ്ങൾ ഉണ്ടാവുകയാണെങ്കിൽ അവയുടെ വ്യാപ്തിയും നാശനഷ്ട്ങ്ങൾ കുറയ്ക്കുവാനുള്ള മുൻ കരുതലുകളും എടുക്കേണ്ടതാണ്. തീ പിടുത്തമുണ്ടായാൽ ഉയരുന്ന പുകയും ഒരു പ്രധാന വില്ലനാണ്. പുക ഉയര്‍ന്നാല്‍ അലാറം മുഴക്കുന്ന സ്‌മോക് സെന്‍സറുകള്‍ വീടുകളിലും കെട്ടിടങ്ങളിലും ഘടിപ്പിക്കാന്‍ ശ്രദ്ധിക്കണം.

തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ വീടിനകത്ത് സൂക്ഷിക്കുന്നത് കഴിയുന്നതും ഒഴിവാക്കാൻ ശ്രദ്ധിക്കണം. എ.സി യൂണിറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ അറ്റകുറ്റപ്പണി നടത്തേണ്ടതാണ്.

അശ്രദ്ധ മൂലമുള്ള അപകടങ്ങൾ നമുക്ക് ഒഴിവാക്കാവുന്നതേയുള്ളു… കരുതലുണ്ടാവണേ.