വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങൾക്ക് ജീവൻ നൽകി , ‘ഷിറ്റ്’ ലൂടെ ജില്ലാ കലോത്സവത്തിൽ മികച്ച നടനായി മേമുണ്ട ഹയർസെക്കൻഡറി സ്കൂളിലെ ഫിദൽ ഗൗതം


പേരാമ്പ്ര: ഹൈസ്കൂൾ വിഭാഗത്തിൽ മലയാള നാടക മത്സരത്തിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട് ഫിദൽ ഗൗതം. മേമുണ്ട ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഫിദൽ.

ചെറുപ്പം മുതലേ അഭിനയത്തോട് താല്പര്യം തോന്നിയിരുന്നു. ബാലസംഘം വേനൽതുമ്പി കലാജാഥയിൽ അംഗമായതോടെ അഭിനയിക്കാനുള്ള മോഹവും ഒപ്പം കൂടി. അങ്ങനെയാണ് സ്കൂളിൽ നിന്നുള്ള നാടകത്തിലേക്കുള്ള സെലക്ഷൻ ക്യാമ്പിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ മാസം നടന്ന ജില്ലാ ശാസ്ത്ര നാടകത്തിലും ഫിദൽ അഭിനയിച്ചിരുന്നു. ജില്ലാതലത്തിൽ മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു.

ഷിറ്റ് എന്ന നാടകത്തിൽ ചേരിയിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ ഉണ്ടാകുന്ന സംഘർഷങ്ങളാണ് പ്രേമേയമായത്. വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് ഫിദൽ ഈ നേട്ടം കൈവരിച്ചത്. വൃദ്ധൻ, ചേരിയിലെ കുട്ടി, ഡയറക്ടർ എന്നിങ്ങനെ മൂന്ന് കഥാപാത്രത്തിന് ഫിദൽ ജീവൻ നൽകുകയായിരുന്നു.

വടകര സ്റ്റേഷൻ എ എസ് ഐ പ്രവീൺ, മായ ദമ്പതികളുടെ മകനാണ് ഫിദൽ ഗൗതം. ഫിദലിന് അഭിനയിക്കാനുള്ള കഴിവ് കിട്ടിയത് ഒരുപക്ഷേ അമ്മയിൽ നിന്നാകാം. ചെറുപ്പം മുതലേ കഥാപ്രസംഗത്തിലും മോണോക്റ്റിലും കഴിവ് തെളിയിച്ച ആളാണ് അമ്മ മായ. സഹോദരി അൻഹ നയോമിയും ഫിദലിന് പ്രോത്സാഹനവുമായുണ്ട്.

നല്ലൊരു നടനാകാനാണ് ഫിദലിന്റെ ആഗ്രഹം. ഇനിയും അഭിനയിക്കാൻ കിട്ടുന്ന അവസരങ്ങൾ എല്ലാം ഉപയോഗിക്കുമെന്നും ഫിദൽ പറയുന്നു.