ഒരു തുള്ളി വെള്ളമില്ല, കൃഷി കരിഞ്ഞുണങ്ങി; കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാല്‍ ജലം ലഭിക്കാത്തതിനെ തുടർന്ന് നശിക്കുന്നത് ഏക്കറുകളോളം സ്ഥലത്തെ കൃഷി; അതിദയനീയാവസ്ഥയിൽ കൊയിലാണ്ടിയിലെ കർഷകർ


കൊയിലാണ്ടി: കനാല്‍വെളളമെത്തിയില്ല, തിരിച്ചടിയേറ്റ് കർഷകർ. കോവിഡ് പ്രതിസന്ധികൾ തകർത്ത ജീവിതത്തിൽ നിന്ന് തിരികെ കയറാനൊരുങ്ങി ഏറെ പ്രതീക്ഷകളുമായാണ് കർഷകർ രണ്ടാം ജീവിതത്തിലേക്കുള്ള വിത്തുകളെറിഞ്ഞത്. എന്നാൽ ഇത്തവണ വില്ലനായത് ജലക്ഷാമം. കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാല്‍ ജലം കൊയിലാണ്ടി മേഖലയിലേക്ക് ഇനിയും എത്താത്തത് കാരണം നാടിൻറെ അവസ്ഥ അതി ദയനീയമാണ്.

കിണറുകളും കുളങ്ങളും വറ്റി വരണ്ട അവസ്ഥയിലാണ്. കിണർ വറ്റി വെള്ളം കുടി മുട്ടിയതിനോടൊപ്പം ഒരു നാട് കരിഞ്ഞുണങ്ങുകയാണ്. പ്രത്യേകിച്ച് വയലുള്ള ഭാഗങ്ങളെയാണ് വരൾച്ച കൂടുതലായി ബാധിച്ചത്. നെല്ല്, പച്ചക്കറി,വാഴ തുടങ്ങിയവ കൃഷി ചെയ്യുന്ന കർഷകരുടെ അവസ്ഥ അതിദയനീയമാണ്. കനാൽ ജലം ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ദിവസേന വെള്ളമൊഴിക്കാനാവാത്തതിനാൽ കൃഷികൾ നശിച്ച് തുടങ്ങിയ അവസ്ഥയിലാണ്.

ഏക്കറുകളോളം സ്ഥലത്തുള്ള കൃഷികളാണ് നശിക്കുന്നത്. ഇത്തരത്തിൽ ജലക്ഷാമം മൂലം വളരെയധികം ബുദ്ധിമുട്ടിലായി കർഷകനാണ് എളാട്ടേരി തെക്കേ നമ്പാറമ്പത്ത് ദിനേശന്‍. ചെങ്ങോട്ടുകാവ് പഞ്ചായത്ത് ഓഫീസിന് പിന്‍വശത്ത് ഒരു ഏക്കറോളം സ്ഥലത്ത് കൈപ്പ കൃഷി മാത്രം നടത്തി വരുകയായിരുന്നു ഇയാൾ. എന്നാൽ ഇപ്പോൾ കൃഷി മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാതെ വലിയ പ്രയാസത്തിലാണ്.

പഞ്ചായത്ത് ഓഫീസിന് പിന്നിലെ കുളത്തിലെ ആശ്രയിച്ചാണ് ദിനേശൻ കൃതി ചെയ്തിരുന്നത്. കുളത്തിൽ നിന്ന് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം നേരെ തോട്ടത്തിലേക്ക്. എന്നാൽ വേനൽകാലമിങ്ങെത്തിയതോടെ കുളത്തിലെ വെളളം പൂര്‍ണ്ണമായി വറ്റി. ഇതോടെ വിളവെടുത്ത് തുടങ്ങിയ കൈപ്പകൃഷിയ്ക്ക് വെള്ളം നല്കാനാവാതെ ബുദ്ധിമുട്ടി. വരൾച്ച മൂലം കൃഷിയിൽ നേരിട്ട തിരിച്ചടിയെ പറ്റി ദിനേശൻ പറയുന്നതിങ്ങനെ: ‘ഇതു വരെ നൂറ് കിലോ കൈപ്പ മാത്രമാണ് വിപണിയിലെത്തിക്കാന്‍ സാധിച്ചത്. കൈപ്പയ്ക്ക് കൃത്യമായ നന ഉണ്ടെങ്കിൽ മാത്രമേ പൂവും കായും നന്നായി ഉണ്ടാവുകയുള്ളു. എല്ലാ വർഷവും കൈപ്പ കൃഷിയിലൂടെ മികച്ച വരുമാനമാണ് ഉണ്ടക്കിയിരുന്നത്. എന്നാൽ ഇത്തവണ സ്ഥിതി എന്താകുമെന്ന് യാതൊരു ഉറപ്പുമില്ല. കഴിഞ്ഞ 10 വര്‍ഷമായി ഈ പറമ്പിൽ കൃഷി ചെയ്യുന്നുണ്ടെങ്കിലും ഇക്കൊല്ലമാണ് കനാല്‍ വെളളം ചതിച്ചത്’.

ദിനേശനെ പോലെ നിരവധി കർഷകരാണ് ജലക്ഷാമം മൂലം വലയുന്നത്. പൂക്കാട്, ചേമഞ്ചേരി, വിയ്യൂര്, പുളിയഞ്ചേരി, മൂടാടി, നടേരി, കാവുംവട്ടം, മൂഴിക്ക് മീത്തല്‍, കുറുവങ്ങാട്, മേലൂര്, ചെങ്ങോട്ടുകാവ്, പൊയില്‍ക്കാവ് എന്നി മേഖലകളിൽ കനാല്‍ വെളളമെത്താത്തത് കാരണം കടുത്ത ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. കനാൽ വെളളമെത്താത്തതിനെ തുടർന്ന് കടുത്ത പ്രതിഷേധത്തിലാണ് കർഷകർ. ജല വിതരണത്തില്‍ താമസമുണ്ടാവുകയാണെങ്കിൽ ജനപ്രതിനിധികളെയും കര്‍ഷകരെയും അണിനിരത്തി പെരുവണ്ണാമൂഴി ജലസേചന വകുപ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനമെന്ന് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് പറഞ്ഞു.

എന്നാൽ ബുധനാഴ്ചയോടെ കൊയിലാണ്ടി, ചേമഞ്ചേരി ഭാഗത്തേക്ക് വെളളം തുറന്നു വിടുമെന്നാണ് ജലസേചന വകുപ്പ് അധികൃതര്‍ ഉറപ്പ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.