പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു


കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. പാറേപ്പടിയിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. . ഏഴാം വയസ് മുതല്‍ മ്യൂസിക് ട്രൂപ്പുകളില്‍ ഹിന്ദി ഗാനങ്ങള്‍ ആലപിച്ചു തുടങ്ങിയ റംല ബീഗം മതവിലക്കുകള്‍ മറികടന്ന് മാപ്പിളപ്പാട്ട് അവതരിപ്പിച്ച ആദ്യ മുസ്ലീം വനിതയാണ്.

ആലപ്പുഴ സക്കറിയ ബസാറില്‍ ഹുസൈന്‍ യൂസഫ് യമാന- മറിയം ബീവി ദമ്പതികളുടെ ഇളയമകളായി 1946 നവംബര്‍ മൂന്നിന് ജനനം. ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പിലൂടെയായിരുന്നു അരങ്ങേറ്റം. മാപ്പിളപ്പാട്ട് ഗായിക എന്നതിനൊപ്പം കഥാപ്രാസംഗിക എന്ന നിലയിലും റംല ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഹു​സ്നു​ല്‍ ജ​മാ​ല്‍ ബ​ദ്​​റു​ല്‍ മു​നീ​ര്‍ എന്ന കഥാപാത്രസംഗത്തിലൂടെ ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടു. ഇസ്ലാമിക കഥകള്‍ക്ക് പുറമെ ഓടയില്‍ നിന്ന്, ശാകുന്തളം, നളിനി, തുടങ്ങിയ കഥകളും കഥാപ്രസംഗരൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി, ഫോക് ലോര്‍ അക്കാദമി, മാപ്പിള കലാ അക്കാദമി, കെ.എം.സി.സി അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്‌.