മൂരാട് പാലത്തില്‍ ഗതാഗത നിയന്ത്രണം എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം; ശക്തമായ നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടറുടെ മുന്നറിയിപ്പ്


പയ്യോളി: മൂരാട് പാലത്തില്‍ ഇന്ന് മുതല്‍ നവംബര്‍ 25 വരെ ഗതാഗത നിയന്ത്രണമെന്ന തരത്തില്‍ കോഴിക്കോട് ജില്ലാ കലക്ടറുടെ പേരില്‍ വ്യാജ പ്രചരണം. നേരത്തെ ഇത്തരത്തില്‍ കലക്ടറിട്ട പോസ്റ്റില്‍ തിയ്യതി മാറ്റിക്കൊണ്ടാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ ഇത് വലിയ തോതില്‍ പ്രചരിക്കപ്പെട്ട സാഹചര്യത്തില്‍ വാര്‍ത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ച് ജില്ലാ കലക്ടര്‍ തന്നെ രംഗത്തുവന്നിരിക്കുകയാണ്.

ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്:

”മുരാട് പാലത്തില്‍ 18.11.2023. മുതല്‍ 26.11 2023 വരെ ഗതാഗത നിയന്ത്രണം എന്ന പേരില്‍ ഒരു വ്യാജ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ യാതൊരു വിധ നിയന്ത്രണങ്ങളും നിലവില്‍ ഏര്‍പ്പെടുത്തിയിട്ടില്ല. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും.’