‘എന്റെ വീട്ടിന്റെ അടുത്തുള്ള കുഞ്ഞാണേ, അരമണിക്കൂറായി ഇവളെ കാണാനില്ല പെട്ടെന്ന് ഷെയര്‍ ചെയ്യണേ…’; വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്ന മെസേജിന്റെ സത്യാവസ്ഥ അറിയാം


കൊയിലാണ്ടി: ഏതാനും ദിവസങ്ങളായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഒരു വീഡിയോ മെസേജ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ഒരു പെണ്‍കുട്ടിയെ കാണാനില്ലെന്നും ഈ മെസേജ് എല്ലാ ഗ്രൂപ്പുകളിലേക്കും ഷെയര്‍ ചെയ്യണമെന്നുമാണ് ഈ മെസേജിന്റെ ഉള്ളടക്കം. ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ച് നിരവധി പേര്‍ വടകര ഡോട് ന്യൂസിലേക്ക്‌ മെസേജ് അയച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്.

കാണാതായ കുട്ടിയുടെ ചിത്രവും ഒരു വോയിസ് മെസേജും കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ വീഡിയോ ആണ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്. ‘ഈ കുട്ടിയെ കാണാനില്ല. വേഗം എല്ലാ ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്യുക.’ എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് ഒപ്പമുണ്ട്. വടകരയിലെ ഉള്‍പ്പെടെ നിരവധി പ്രാദേശിക-കുടുംബ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഈ മെസേജ് വ്യാപകമായി പ്രചരിക്കുന്നുണ്ട്.

‘ഹലോ ഫ്രണ്ട്‌സ്, ഇത് എന്റെ വീട്ടിന്റെ അടുത്തുള്ള കുഞ്ഞാണേ. ഇപ്പൊ ഒരു അര മണിക്കൂറായി ഇവളെ കാണാനില്ല. എന്റെ വീടിന്റെ തൊട്ടടുത്താണ്. എത്രയും പെട്ടെന്ന് നിങ്ങളിത് മറ്റ് ഗ്രൂപ്പുകളിലേക്ക് മെസേജ് ചെയ്യണം. ഞാനിത് കിട്ടിക്കഴിഞ്ഞ് മറുപടി പറയാം. പെട്ടെന്ന്. ഞങ്ങളെല്ലാവരും ഇവിടെയുണ്ട്. ഭയങ്കര വിഷമത്തിലാണ്. മൂന്നോ നാലോ ദിവസമായേ ഉള്ളൂ ഈ കൊച്ച് ഗള്‍ഫീന്ന് വന്നിട്ട്. ഒന്ന് വേഗം നിങ്ങളിത് മറ്റ് ഗ്രൂപ്പുകളിലേക്ക് മെസേജ് ചെയ്യണം, പെട്ടെന്ന്…’

ഇതാണ് വീഡിയോയിലുള്ള ശബ്ദസന്ദേശത്തില്‍ പറയുന്നത്. ഒരു സ്ത്രീ ആണ് ഇത് പറയുന്നത്. മെസേജിനൊപ്പം ഇത് എവിടെ നടന്ന സംഭവമാണെന്നോ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറോ പൊലീസ് സ്റ്റേഷന്റെ വിവരമോ എന്നാണ് നടന്നതെന്നോ ഒന്നും ഇല്ല.

എന്താണ് ഇതിന്റെ വസ്തുത?

ഈ മെസേജ് നിരവധി പേരില്‍ നിന്ന് ലഭിച്ചതോടെ വടകര ഡോട് ന്യൂസിലെ മാധ്യമപ്രവര്‍ത്തകര്‍ ഇതിന് പിന്നിലെ സത്യാവസ്ഥ എന്താണ് എന്ന് അന്വേഷിക്കാന്‍ ആരംഭിച്ചു. ഏറെ വൈകാതെ തന്നെ ഞങ്ങള്‍ക്ക് ഈ മെസേജിനെ കുറിച്ചുള്ള വസ്തുതകള്‍ ലഭിച്ചു.

ചിത്രത്തില്‍ കാണുന്ന പെണ്‍കുട്ടിയെ കാണാതായി എന്ന വാര്‍ത്ത സത്യമാണ്. ഈ വര്‍ഷം ഓഗസ്റ്റിലാണ് കുട്ടിയെ കാണാതായത്. കാണാതായതിന്റെ അടുത്ത ദിവസം തന്നെ കുട്ടിയെ സുരക്ഷിതമായി കണ്ടെത്തിയെന്നാണ് ഞങ്ങളുടെ അന്വേഷണത്തില്‍ ലഭിച്ച വിവരം. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര സ്വദേശിയാണ് ഈ കുട്ടി. കുട്ടിയുടെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സ്വകര്യത മാനിച്ച് ഞങ്ങള്‍ ഇവിടെ ചേര്‍ക്കുന്നില്ല.

 

വാട്ട്‌സ്ആപ്പില്‍ ലഭിക്കുന്ന ഇത്തരം മെസേജുകളുടെ സത്യാവസ്ഥ ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഗ്രൂപ്പുകളിലേക്കും മറ്റും അയക്കാവൂ എന്ന് വടകര ഡോട് ന്യൂസിന്റെ വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.

English Summary: Message spreading in whatsapp group saying a child is missing. It is an old message. Fact check is here.