അനധികൃതമായി മാഹി മദ്യം കടത്താന്‍ ശ്രമം; വ്യത്യസ്ത കേസുകളിലായി രണ്ട് പേര്‍ അറസ്റ്റില്‍


നാദാപുരം: മാഹിയില്‍ നിന്ന് അനധികൃതമായി കടത്തുകയായിരുന്ന വിദേശ മദ്യവുമായി രണ്ട് പേര്‍ അറസ്റ്റില്‍. അയനിക്കാട് മഠത്തില്‍ വീട്ടില്‍ പ്രദീപന്‍ (44) നെ വടകര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ രാമചന്ദ്രന്‍ തറോലും സംഘവും വളയം കല്ലുനിര പൂങ്കുളം സ്വദേശി പിലാവുള്ള കുന്നുമ്മല്‍ രജി (43) നെ വളയം പോലീസുമാണ് അറസ്റ്റ് ചെയ്തത്.

മാഹി റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് 15 കുപ്പി മദ്യവുമായി പ്രദീപനെ എക്സൈസ് പിടികൂടിയത്. പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ജിജു, ഡ്രൈവര്‍ ബബിന്‍ എന്നിവരും പങ്കെടുത്തു. വടകര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കല്ലുനിര-പൂങ്കുളം റോഡില്‍ വാഹന പരിശോധനക്കിടെ സംശയാസ്പദ സാഹചര്യത്തില്‍ കണ്ട ഇരു ചക്രവാഹനം പരിശോധിച്ചപ്പോഴാണ് രജിയുടെ കൈവശമുണ്ടായിരുന്ന മദ്യം കണ്ടെടുത്തത്. മാഹിയില്‍ മാത്രം വില്‍ക്കാന്‍ അനുവാദമുള്ള 500 എംഎല്ലിന്റെ ഒന്‍പത് കുപ്പി മദ്യം ഇയാളില്‍ നിന്നും പോലീസ് കണ്ടെടുത്തു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ സഞ്ചരിച്ചിരുന്ന സ്‌ക്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.