സോഫ്റ്റ് ഡ്രിങ്ക് കുടിക്കാൻ കാരണങ്ങളുണ്ടാകാം; എന്നാൽ ദിവസം ഒരു ​ഗ്ലാസ് കുടിച്ചാൽ തന്നെ അതീവ അപകടം, അറിയാം…


ചൂടുകാലമായതോടെ പലരും ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ സോഫ്റ്റ് ഡ്രിങ്കുകളുടെ പിറകെ പോവുകയാണ്. കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകളുടെ പലരുടെയും പ്രിയപ്പെട്ട പാനീയം. വ്യത്യസ്ത ഫ്ലേവറുകളിലും നിറത്തിലുമെല്ലാം ഇന്ന് ഇവ വിപണികളിൽ ലഭ്യമാണ്. ദാഹിച്ച് വലഞ്ഞ് വരുമ്പോൾ സോഫ്റ്റ്ഡ്രിങ്കുകൾ താൽക്കാലിക ആശ്വാസം നൽകും.

പക്ഷേ സോഫ്റ്റ് ഡ്രിങ്കുകൾ കുടിക്കാതിരിക്കാൻ 45ഓളം കാരണങ്ങൾ നിരത്താൻ കഴിയുമെന്നാണ് ​ഗവേഷകർ പറയുന്നത്. ഇത്തരത്തിലുള്ള പാനീയങ്ങൾ ഒരു ഗ്ലാസ് കുടിച്ചാൽ പോലും നിരവധി ആരോഗ്യപ്രശ്‌നങ്ങളായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്. പ്രമേഹം, പൊണ്ണത്തടി, അമിത രക്തസമ്മർദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങൾ എല്ലാം ഈ ലിസ്റ്റിൽ പെടുന്നു.

ഇതിനെല്ലാം പുറമെ ദന്തക്ഷയം, ശ്വാസകോശ പ്രശ്‌നങ്ങൾ, വിഷാദം എന്നിങ്ങനെ വേറെയും ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. സോഫ്റ്റ് ഡ്രിങ്കികള് കുടിക്കുന്നത് പൂർണ്ണമായും ഒറ്റയടിക്ക് നിർത്തിയില്ലെങ്കിലും ആഴ്ച്ചയിൽ ഒന്ന് എന്ന നിലയിലേക്ക് ഉപയോഗം കുറയ്ക്കണമെന്നാണ് വിദഗ്ധർ പറയുന്നത്.

ഒരു മനുഷ്യൻ ഒരു ദിവസം കഴിക്കാവുന്ന പഞ്ചസാരയുടെ അളവ് 25 ഗ്രാം ആണ്, അതായത് ഏകദേശം ആറ് ടീസ്പൂൺ. അതുകൊണ്ട് ആഴ്ച്ചയിൽ ഒരിക്കൽ 200-355 എംഎൽ മാത്രമേ സോഫ്റ്റ് ഡ്രിങ്കുകൾ കുടിക്കാവൂ. അമിതമായി പഞ്ചസാര അടങ്ങിയ ഇത്തരം പാനീയങ്ങൾക്ക് പകരം തേങ്ങാവെള്ളം, ഫ്രഷ് ജ്യസ് തുടങ്ങിയ ഓപ്ഷനുകൾ സ്വീകരിക്കാനാണ് വിദഗ്ധർ പറയുന്നത്.