വടകരയില്‍ എൻഫോഴ്സ്മെന്റ് പരിശോധന; 50 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു, ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴ


വടകര: ജില്ലാതല എൻഫോഴ്സ്മെന്റ് ടീമിന്റെ പരിശോധനയില്‍ വടകരയില്‍ നിന്നും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് പ്രകാരം മുനിസിപ്പാലിറ്റിയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് 50 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്‌.

നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളായ ക്യാരിബാഗുകൾ, കപ്പുകൾ, ഇയർ ബഡു കൾ, സ്പൂൺ, പ്ളേറ്റുകൾ, ക്യുആർകോഡ് ഇല്ലാത്ത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്. പരിശോധനയെ തുടര്‍ന്ന് ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴ ചുമത്തി. വൃത്തിഹീനമായ രീതിയിൽ ഭക്ഷണ വസ്തുക്കളുടെ പാക്കിങ് നടത്തിയതിനും ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാത്ത നിലയിൽ കണ്ടെത്തിയെതിനെ തുടര്‍ന്ന് ഒരു സ്ഥാപനത്തിന്‌ 25000 രൂപ പിഴ ചുമത്തി.

സ്വകാര്യ ഓഡിറ്റോറിയത്തിൽ നടത്തിയ പരിശോധനയിൽ പ്രവർത്തനരഹിതമായ സീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ് നന്നാക്കുവാനും പ്ലാസ്റ്റിക് കൂട്ടിയിട്ട് എയ്റോബിക് കമ്പോസ്റ്റ് ശാസ്ത്രീയമായി പ്രവർത്തിപ്പിച്ച് റിപ്പോർട്ട് ചെയ്യുന്നതിനും ഒരാഴ്ച സമയം അനുവദിച്ച് നോട്ടീസ് നൽകി .

പരിശോധനയ്ക്ക് ഇന്റേണൽ വിജിലൻസ് ഓഫീസർ ടി.ഷാഹുൽ ഹമീദ്, വടകര മുനിസിപ്പൽ സെക്രട്ടറി എൻ.കെ ഹരീഷ്, ക്ലീൻ സിറ്റി മാനേജർ കെ.പി രമേശൻ, കോഴിക്കോട് ജെഡി ഓഫീസിലെ ജൂനിയർ സൂപ്രണ്ട് കെ.വി കൃഷ്ണൻ, സ്റ്റാഫ്‌ സി.ബി ദിനചന്ദ്രൻ, നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.സി പ്രവീൺ, എസ്.എൻ സന്ധ്യ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.കെ ശ്രീമ, വിജിഷ ഗോപാലൻ, സി.വി വിനോദ് എന്നിവർ നേതൃത്വം നൽകി. പിഴ നഗരസഭയിൽ ഒരാഴ്ചക്കകം അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും.