കരിമ്പനകള്‍ നട്ടുവളര്‍ത്തിയും കൃത്രിമ പാറക്കൂട്ടങ്ങള്‍ സൃഷ്ടിച്ചും കടലെടുക്കുന്ന തീരദ്ദേശങ്ങളെയും ദ്വീപുകളെയും വീണ്ടെടുക്കുന്ന തൂത്തുക്കുടി


‘നമ്മള്‍ പ്രകൃതിയെ സംരക്ഷിക്കുമ്പോള്‍, പ്രത്യുപകാരമായി പ്രകൃതി നമ്മെ സംരക്ഷിക്കുന്നു’ ഈ വാചകത്തിന് വലിയ അര്‍ത്ഥമുണ്ട്. അതിനുള്ള തെളിവുകള്‍ നമ്മുടെ തൊട്ടുത്തുള്ള അയല്‍ സംസ്ഥാനത്ത് തന്നെ കാണാന്‍ കഴിയും. തമിഴ്നാട്ടിലെ തൂത്തുക്കുടി തീരദേശ ജില്ല ഇപ്പോള്‍ ലോകശ്രദ്ധ നേടിക്കൊണ്ടിയിരിക്കുകയാണ്. കടലെടുക്കുന്ന തൂത്തുക്കുടി തീരദേശങ്ങളെ കരിമ്പനകള്‍ നട്ടുവളര്‍ത്തി വീണ്ടെടുത്തും പ്രദേശത്തെ ദ്വീപുകളില്‍ കൃത്രിമ പാറക്കൂട്ടങ്ങള്‍ സൃഷ്ടിച്ച് പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള സജീവമായ പ്രവര്‍ത്തനങ്ങളുമൊക്കെയാണ് ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. തൂത്തുക്കുടിയില്‍ കഴിഞ്ഞ കുറച്ച് നാളുകളായി വ്യാപകമായ രീതിയില്‍ സാമൂഹിക പങ്കാളിത്തത്തോടെ കരിമ്പന നടീലിനെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ജില്ല ഭരണകൂടം. ജില്ലാ കളക്ടര്‍ കെ സെന്തില്‍ രാജ് മുമ്പ് വെളിപ്പെടുത്തിയത്, തൂത്തുക്കുടി തീരത്തെ മാന്നാര്‍ ഉള്‍ക്കടല്‍ ദ്വീപുകളില്‍, ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പ്രദേശവാസികളുടെ സഹകരണത്തോടെ കരിമ്പന നടീല്‍ പദ്ധതി കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണെന്നാണ്.

ഈ സീസണിലേക്ക് ശേഖരിച്ച കരിമ്പന വിത്തുകള്‍ പ്രദേശത്ത് ഫലപ്രദമായി ഉപയോഗപ്പെടുത്തിക്കഴിഞ്ഞു. തൂത്തുക്കുടി ഡിവിഷനിലെ ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ അഭിഷേക് തോമറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കരിമ്പന വിത്തുകളുടെ നടീലിനും വിതരണത്തിനായുമൊക്കെ പ്രവര്‍ത്തിക്കുന്നത്. പ്രദേശത്തെ കടലെടുക്കുന്ന അവസഥയെ കരിമ്പനകള്‍ ഫലപ്രദമായി നിയന്ത്രിക്കുകയും ദ്വീപുകള്‍ക്ക് ചുറ്റുമുള്ള പവിഴപ്പുറ്റുകളെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ആവാസവ്യവസ്ഥ നിലനിര്‍ത്തുന്നതില്‍ പവിഴപ്പുറ്റുകള്‍ക്ക് വലിയ പങ്കുണ്ട്. അതിനാല്‍ കടലെടുത്ത പ്രദേശങ്ങളിലെല്ലാം നബാര്‍ഡിന്റെ സഹായത്തോടെ കൃത്രിമ കടല്‍ പാറകൂട്ടങ്ങള്‍ സൃഷ്ടിക്കുവാനുള്ള ശ്രമത്തിലാണ് ഭരണകൂടമെന്ന് കളക്ടര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഗള്‍ഫ് ഓഫ് മാന്നാര്‍ ദ്വീപുകളില്‍ ഉള്‍പ്പടുന്ന, 10 ദ്വീപുകളിലായി 25,000ലധികം കരിമ്പനകള്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്.

തീരപ്രദേശങ്ങളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, വനപാലകരാണ് പ്രദേശത്ത് കരിമ്പന വിത്ത് പാകിയത്. തദ്ദേശവാസിക്കളായ കാവല്‍ക്കാരുടെ പിന്തുണയും പദ്ധതിയ്ക്ക് ലഭിക്കുന്നുണ്ട്. പ്രദേശവാസികള്‍, പ്രത്യേകിച്ച് ഗള്‍ഫ് ഓഫ് മാന്നാര്‍ ബയോസ്ഫിയര്‍ റിസര്‍വ് ട്രസ്റ്റിന്റെ ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി (ഇഡിസി) അംഗങ്ങള്‍ ഈന്തപ്പന വിത്ത് ശേഖരണത്തിലും നടീല്‍ പ്രവര്‍ത്തനങ്ങളിലും പതിവായി ഏര്‍പ്പെട്ടിട്ടുണ്ട്. ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി അംഗങ്ങളും ദ്വീപ് സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഇതുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയുന്നതിനുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് പ്രധാനമായും ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി അംഗങ്ങളാണ്.

പ്രദേശത്തെ ദ്വീപുകള്‍ക്കുള്ള ഭീഷണികളെക്കുറിച്ചും അവ എങ്ങനെ ലഘൂകരിക്കാമെന്നതിനെക്കുറിച്ചും ജനങ്ങളുടെയിടയില്‍ അവബോധം സൃഷ്ടിക്കുന്നതില്‍ ഇഡിസി അംഗങ്ങള്‍ വളരെയധികം സഹായിച്ചിട്ടുണ്ട്. മാന്നാര്‍ ഗള്‍ഫ് മറൈന്‍ നാഷണല്‍ പാര്‍ക്കിലെ വൈല്‍ഡ് ലൈഫ് വാര്‍ഡിന്റെ മൊത്തത്തിലുള്ള മേല്‍നോട്ടത്തിലായിരുന്നു കരിമ്പന നടീല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നത്. കൂടാതെ, തൂത്തുക്കുടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ രഘുവരനും രാമനാഥപുരം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വെങ്കിടേഷുമാണ് ഈ നടീല്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്.

നേരത്തെ, ഗള്‍ഫ് ഓഫ് മാന്നാര്‍ ദ്വീപുകളിലെ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായ രണ്ട് ദ്വീപുകളും വളരെ വേഗത്തില്‍ നശിച്ചുകൊണ്ടിരിക്കുന്ന ഒരു ദ്വീപമായ വാന്‍ ദ്വീപിലും കൃത്രിമ പാറകള്‍ സ്ഥാപിച്ച് പുനഃസ്ഥാപിച്ചിരുന്നു. ഇന്ത്യാ-ശ്രീലങ്കാ അതിര്‍ത്തിയിലുള്ള കടലിടുക്കാണ് ഗള്‍ഫ് ഓഫ് മാന്നാര്‍. തെക്കെ ഇന്ത്യയിലെ താമരഭരണിനദിയും, ശ്രീലങ്കയിലെ മല്‍വത്തു നദിയും ഇവിടെ വെച്ചാണ് കടലില്‍ ചേരുന്നത്.

വാന്‍ദ്വീപ് സംരക്ഷിക്കാനുള്ള ഫലപ്രദമായ പദ്ധതികള്‍ ലോകശ്രദ്ധ നേടിയ ഒന്നായിരുന്നു. മന്നാര്‍ ഉള്‍ക്കടല്‍ ബയോസ്ഫിയര്‍ റിസര്‍വ് എന്ന ശക്തമായ സംരക്ഷിത ദുര്‍ബല മേഖലയുടെ തുടക്കമാണ് ഈ ദ്വീപ് എന്ന് പറയാം. ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാര്‍ന്നതും ജൈവവൈവിധ്യമുള്ളതുമായ സമുദ്രജീവികളാലും മറ്റും കാണപ്പെടുന്ന ഒരു മേഖല കൂടിയാണ് ഈ തീരപ്രദേശങ്ങള്‍. (വാന്‍ ദ്വീപ് സംരക്ഷണത്തിന്റെ വിശദമായ ബിബിസി റിപ്പോര്‍ട്ട് കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക)

ഏകദേശം 150,000 മത്സ്യത്തൊഴിലാളികള്‍ അവരുടെ ഉപജീവനത്തിനായി ഈ സമുദ്ര തീരത്തെ ആശ്രയിക്കുന്നു. എന്നാല്‍ കഴിഞ്ഞ 50 വര്‍ഷമായി അത് അതിവേഗം ചുരുങ്ങുകയാണ്. വാന്‍ ദ്വീപ് മാത്രമല്ല, ഇവിടെ മൊത്തം 21-ഓളം ദ്വീപുകള്‍ നേരത്തെയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ 19 എണ്ണം മാത്രമെയുള്ളൂ. ഈ ദ്വീപുകള്‍ തീരത്തുനിന്നും 1 മുതല്‍ 10 കിലോമീറ്റര്‍ അകലത്തിലായി സ്ഥിതിചെയ്യുന്നു. ഈ പ്രദേശങ്ങളുള്‍പ്പടെ തൂത്തുക്കുടിക്കും ധനുഷ്‌കോടിക്കുമിടയില്‍ 160 കിലോമീറ്റര്‍ നീളത്തില്‍ ‘മാന്നാര്‍ ഉള്‍ക്കടല്‍ മറൈന്‍ ദേശീയോദ്യാനം’ ആയി സംരക്ഷണ മേഖലയാക്കിരിക്കുകയാണ്.

3600-ല്‍ അധികം കടല്‍ സസ്യങ്ങളും ജീവി വര്‍ഗ്ഗങ്ങളും ഈ മേഖലയിലുള്ളതായി കണക്കാക്കിയിട്ടുണ്ട്. 2001ല്‍ യുനെസ്‌കോയുടെ ‘മാന്‍ ആന്റ് ബയൊസ്ഫിയര്‍ പ്രോഗ്രാം’ എന്ന പദ്ധതിയുടെ ഭാഗമായുള്ള ഇന്ത്യയിലെ രണ്ടാമത്തെ ബയോസ്ഫിയര്‍ റിസര്‍വാണ് ഗള്‍ഫ് ഓഫ് മാന്നാര്‍. ഇന്ത്യയിലെ 2,200 ഫിന്‍ മത്സ്യ ഇനങ്ങളില്‍ 23% ഇവിടെയാണ്, 106 ഇനം ഞണ്ടുകള്‍, 400-ലധികം ഇനം മോളസ്‌ക്കുകള്‍, ഇന്‍ഡോ-പസഫിക് ബോട്ടില്‍ നോസ് ഡോള്‍ഫിന്‍, ഫിന്‍ലെസ് പോര്‍പോയിസ്, കൂനന്‍ തിമിംഗലം, വംശനാശഭീഷണി നേരിടുന്ന കടല്‍ പശുക്കള്‍, പത്തിലധികം ഇനം കടല്‍പ്പുല്ലുകള്‍, 115 ഓളം പവിഴപ്പുറ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.