ചെറുവണ്ണൂരില്‍ ലഹരിമാഫിയയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്; പ്രദേശത്ത് ലഹരി ഉപയോഗം വ്യാപകമെന്ന് നാട്ടുകാര്‍


മേപ്പയ്യൂര്‍: ചെറുവണ്ണൂരില്‍ മദ്യ-മയക്കുമരുന്നു മാഫിയയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റതായി പരാതി. കുന്നോത്ത് മീത്തല്‍ രാജേഷിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം വീട്ടിലേക്കു പോവുകയായിരുന്ന രാജേഷിനെ ലഹരിമാഫിയ മര്‍ദ്ദിക്കുകയായിരുന്നു. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തെ തുടര്‍ന്ന് മദ്യ-മയക്കുമരുന്ന് സംഘങ്ങളെ നിയന്ത്രിക്കാന്‍ നാട്ടുകാര്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആയുര്‍വേദ ആശുപത്രി-കാഞ്ഞോട്ടുമീത്തല്‍ പ്രദേശത്ത് മദ്യ-മയക്കുമരുന്ന് മാഫിയ അഴിഞ്ഞാടുന്നതായി പരാതിയുണ്ട്. കൂടാതെ ബിവറേജ് ഔട്ട്‌ലറ്റുകളില്‍നിന്ന് മദ്യം വാങ്ങി പ്രദേശത്ത് ഒരു വീട് കേന്ദ്രീകരിച്ച് വില്‍പന നടക്കുന്നതായും ആരോപണമുണ്ട്.


Also Read: സംസ്ഥാനത്ത് ഇന്ന് 256 പേർക്ക് കോവിഡ്; കോഴിക്കോട് ജില്ലയിൽ 29 രോഗികൾ; ഇന്നത്തെ കോവിഡ് കണക്കുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക


പ്രദേശവാസികള്‍ പലതവണ എക്‌സൈസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് പറയുന്നു. മദ്യത്തിനൊപ്പം ലഹരിവസ്തുക്കളുടെ വില്‍പനയും പ്രദേശത്ത് തകൃതിയായി നടക്കുന്നുണ്ട്. പകല്‍പോലും പരസ്യ മദ്യപാനം നടക്കുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.

സര്‍വകക്ഷി യോഗത്തില്‍ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു. സര്‍വകക്ഷി യോഗത്തില്‍ 101 അംഗ കമ്മിറ്റി രൂപവത്കരിച്ചു. വാര്‍ഡ് അംഗങ്ങളായ എ.കെ. ഉമ്മര്‍, ആര്‍.ബി. ഷോഭീഷ് എന്നിവര്‍ രക്ഷാധികാരികളായും എം. പ്രകാശന്‍ ചെയര്‍മാനും പി.പി. ദാമോദരന്‍ കണ്‍വീനറുമാണ്. പ്രദേശത്ത് നടക്കുന്ന മദ്യ-ലഹരി വില്‍പനക്കെതിരെ ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കാനും ജനകീയ പ്രതിരോധം നടത്താനും യോഗം തീരുമാനിച്ചു.