അപകട ഭീഷണിയായി കൊയിലാണ്ടി നഗരത്തിലെ ഡിവൈഡറുകള്‍; ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു


കൊയിലാണ്ടി: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സൗന്ദര്യവല്‍ക്കരണത്തിനുമായി ദേശീയപാതയില്‍ സ്ഥാപിച്ച ഡിവൈഡറുകള്‍ അപകടഭീഷണി ഉയര്‍ത്തുന്നു. പാലക്കാട് നിന്ന് വരികയായിരുന്ന ബൈക്ക് യാത്രക്കാരനാണ് കഴിഞ്ഞ രാത്രി ഇവിടെ അപകടത്തില്‍ പെട്ടത്. ഗുരുതരമായി പരിക്കേറ്റ മണിയൂര്‍ സ്വദേശി മൊയ്തീനെ (22) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡിവൈഡറുകള്‍ക്ക് മേലെ റിഫ്‌ളക്ടറുകള്‍ ഇല്ലാത്തതാണ് പ്രധാനമായി അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. കൂടാതെ വെളിച്ചക്കുറവും വാഹനങ്ങള്‍ക്ക് ഭീഷണിയാവുന്നു. ഈ പ്രശ്‌നത്തിന് അടിയന്തിരമായി പരിഹാരം കണ്ടില്ലെങ്കില്‍ ഇനിയും അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ഫെബ്രുവരി ആദ്യമാണ് കൊയിലാണ്ടി നഗരഹൃദയത്തിലെ ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാനായി കോണ്‍ക്രീറ്റ് ഡിവൈഡറുകള്‍ സ്ഥാപിച്ചത്. കോടതിക്ക് മുന്നിലുള്ള ഭാഗത്താണ് ഇവ സ്ഥാപിച്ചത്.

നേരത്തേ മണല്‍ച്ചാക്കുകള്‍ ഉപയോഗിച്ച് ഇവിടെ താല്‍ക്കാലിക ഡിവൈഡര്‍ സ്ഥാപിച്ചിരുന്നു. ഇത് ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സഹായിക്കുന്നുവെന്ന് കണ്ടതിനെ തുടര്‍ന്നാണ് സ്ഥിരം ഡിവൈഡര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.