കീഴരിയൂരില്‍ പൊള്ളലേറ്റു മരിച്ച ശോഭയുടെ മൃതദേഹം സംസ്‌കരിച്ചു; വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും വീട്ടിലെത്തി പരിശോധന നടത്തി


മേപ്പയ്യൂര്‍: കീഴരിയൂരില്‍ പൊള്ളലേറ്റു മരിച്ച മധ്യവയസ്‌കയുടെ മൃതദേഹം സംസ്‌കരിച്ചു. നടുക്കണ്ടി മുക്കില്‍ പുതിയോട്ടില്‍ ശോഭയുടെ (55) മൃതദേഹമാണ് അല്‍പ്പസമയം മുമ്പ് വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു ശോഭയ്ക്ക് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ ശോഭയെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.

സംഭവത്തില്‍ കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. എസ്.ഐ ടി.കെ.ഷിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. വടകരയില്‍ നിന്ന് വിരലടയാള വിദഗ്ധന്‍ രഞ്ജിത്.കെയുടെ നേതൃത്വത്തിലുള്ള സംഘവും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

രാധാകൃഷ്ണനാണ് ശോഭയുടെ ഭര്‍ത്താവ്. മക്കള്‍ രാഹുല്‍, രാഗിത.