നന്തി ശ്രീശൈലം കുന്നിലെ വാഗാഡ് ക്യാമ്പിനെതിരെ ശക്തമായ ഉപരോധ സമരവുമായി സി.പി.എം; പ്രശ്‌നം പരിഹരിക്കുമെന്ന ഉറപ്പില്‍ താല്‍ക്കാലികമായി സമരം നിര്‍ത്തി (വീഡിയോ കാണാം)


കൊയിലാണ്ടി: പ്രദേശവാസികളുടെ ജീവിതത്തെയാകെ പ്രതികൂലമായി ബാധിച്ച വാഗാഡ് കമ്പനിയുടെ നന്തി ശ്രീശൈലം കുന്നിലെ ഓഫീസും ലേബര്‍ ക്യാമ്പും ഉപരോധിച്ച് സി.പി.എം. ദേശീയപാതയുടെ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിനായുള്ള വാഗാഡിന്റെ ക്യാമ്പിനെതിരെയാണ് സമരം. നേരത്തേ നല്‍കിയ ഉറപ്പുകള്‍ കമ്പനി പാലിക്കാത്തതിനെ തുടര്‍ന്നാണ് ശക്തമായ സമരവുമായി സി.പി.എം രംഗത്തെത്തിയത്.

ഉപരോധ സമരം സി.പി.എം ലോക്കല്‍ സെക്രട്ടറി വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം കെ.ജീവാനന്ദന്‍ അധ്യക്ഷനായി. രാവിലെ എട്ട് മണിയോടെ തുടങ്ങിയ സമരം ആര്‍.ഡി.ഒ, തഹസില്‍ദാര്‍ തുടങ്ങിയ ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് താല്‍ക്കാലികമായി അവസാനിപ്പിച്ചു.

നാലാം ഘട്ട സമരമാണ് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഇന്ന് നടന്നതെന്ന് ആക്ഷന്‍ കമ്മിറ്റിയുടെ കണ്‍വീനര്‍ എന്‍.കെ.കുഞ്ഞിരാമന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം കമ്പനിക്കെതിരെ ഇവിടെ ധര്‍ണ്ണ നടത്തിയിരുന്നു. പ്രദേശവാസികള്‍ക്ക് കുടിവെള്ളം ഉള്‍പ്പെടെ എത്തിക്കാമെന്ന ഉറപ്പ് കമ്പനി പാലിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സി.പി.എം പ്രവര്‍ത്തകരാണ് ജനങ്ങള്‍ക്ക് വെള്ളം എത്തിച്ചു നല്‍കിയത്.

വാഗാഡ് കമ്പനി അശാസ്ത്രീയമായി നിര്‍മ്മിച്ച തൊഴിലാളി ക്യാമ്പില്‍ നിന്നുള്ള കക്കൂസ് മാലിന്യം നേരത്തേ ഏതാനും കിണറുകളില്‍ മാത്രമാണ് ഒഴുകിയെത്തിയതെങ്കില്‍ കഴിഞ്ഞ ദിവസം മഴ പെയ്തതോടെ ഇത് സമീപത്തെ 19 കിണറുകളിലേക്ക് ഒഴുകിയെത്തി. ഇത് കൂടുതല്‍ കിണറുകളിലേക്ക് എത്തുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. ഈ വീട്ടുകാരുടെ കുടിവെള്ളം മുട്ടിയതോടെയാണ് സമരം ശക്തമായത്.

ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എന്‍.കെ.കുഞ്ഞിരാമന്‍, ചെയര്‍മാന്‍ ശശി പുത്തലത്ത്, ജോയിന്റ് കണ്‍വീനര്‍ സി.വി.പ്രകാശ് ബാബു, വൈസ് ചെയര്‍മാന്‍ വി.കെ.രാജീവന്‍ തുടങ്ങിയവര്‍ ഇന്നത്തെ സമരത്തിന് നേതൃത്വം നല്‍കി. വാഗാഡ് കമ്പനിയെ ഉപരോധിച്ചു കൊണ്ടുള്ള സമരം തുടങ്ങിയതോടെ ആര്‍.ഡി.ഒ, തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് ഭരണസമിതി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്.

കിണറുകള്‍ മലിനമാക്കപ്പെട്ട വീടുകളില്‍ ഇന്ന് വൈകീട്ട് നാല് മണിയോടെ ആയിരം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കുകളും ആയിരം ലിറ്റര്‍ വെള്ളവും എത്തിക്കുമെന്ന് ചര്‍ച്ചയില്‍ സമരസമിതിക്ക് ഉറപ്പ് ലഭിച്ചു. പഞ്ചായത്ത് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഇതിന് ചിലവാകുന്ന പണം വാഗാഡ് കമ്പനി പഞ്ചായത്തിന് നല്‍കും.

ഇതിനു പുറമെ ശ്രീശൈലം കുന്നിലെ വാഗാഡിന്റെ ലേബര്‍ ക്യാമ്പ് അടച്ചുപൂട്ടാനും തീരുമാനിച്ചു. പ്രദേശവാസികള്‍ക്ക് ഭീഷണിയാവാത്ത തരത്തില്‍ ശാസ്ത്രീയമായ രീതിയില്‍ പുനര്‍നിര്‍മ്മിച്ച ശേഷമേ ഇനി ഇവിടെ ലേബര്‍ ക്യാമ്പ് തുടര്‍ന്ന് പ്രവര്‍ത്തിക്കൂ. അതുവരെ സുരക്ഷാ ജീവനക്കാരും ഓഫീസ് ജീവനക്കാരും മാത്രമേ ഇവിടെ ഉണ്ടാകൂ. ജനങ്ങള്‍ക്ക് വേണ്ടി ആര്‍.ഡി.ഒ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങളും മലിനീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളും നിരീക്ഷിക്കുമെന്ന് സമരസമിതി കണ്‍വീനര്‍ കുഞ്ഞിരാമന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കുന്നിടിച്ച് എടുത്ത മണ്ണും പ്രദേശത്തെ വീടുകള്‍ക്ക് ഭീഷണിയാണ്. മണ്ണിട്ടതിന് താഴെയുള്ള വീടുകളിലുള്ളവര്‍ ഭീതിയോടെയാണ് കഴിയുന്നത്. ഇതിന് പരിഹാരമായി നിലവിലുള്ള മതില്‍ ബലപ്പെടുത്താനായി ജിയോളജിക്കല്‍ വകുപ്പിലെ എഞ്ചിനീയര്‍മാര്‍ ഇവിടെയെത്തി പരിശോധന നടത്തുകയും മതില്‍ ബലപ്പെടുത്തുകയും ചെയ്യുമെന്ന ഉറപ്പും ചര്‍ച്ചയില്‍ സമരക്കാര്‍ക്ക് ലഭിച്ചു.

പഞ്ചായത്ത് ഭരണസമിതി ഉള്‍പ്പെടെയുള്ളവരുടെ ഉറപ്പുകള്‍ മാനിച്ചാണ് സമരം അവസാനിപ്പിച്ചതെന്ന് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എന്‍.കെ.കുഞ്ഞിരാമന്‍ പറഞ്ഞു. ഈ ഉറപ്പുകള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് സമരസമിതി നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാവിലെ എട്ട് മണിക്ക് ആരംഭിച്ച ഉപരോധ സമരം ചര്‍ച്ചയ്ക്ക് ശേഷം ഉച്ചയ്ക്ക് 12 മണിയോടെയാണ് അവസാനിപ്പിച്ചത്.

വീഡിയോ കാണാം: