‘വിടവാങ്ങിയത് ഒഞ്ചിയത്തിൻ്റെ ഉശിരനായ പോരാളി’; ഇ എം ദയാനന്ദന്റെ വിയോ​ഗത്തിൽ അനുശോചിച്ച് സർവ്വകക്ഷി യോ​ഗം


ഒഞ്ചിയം: സിപിഎം മുൻ ഏരിയാ സെക്രട്ടറിയും ധീരനായ കമ്യൂണിസ്റ്റുമായ ഇ എം ദയാനന്ദന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി നേതാക്കളും പ്രവർത്തകരും. വിടവാങ്ങിയത് ഒഞ്ചിയത്തിൻ്റെ ഉശിരനായ പോരാളിയെന്ന് സർവ്വകക്ഷി അനുശോചന യോഗം അഭിപ്രായപ്പെട്ടു. പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാനും സമാനാതകളില്ലാത്ത കടന്നാക്രമണങ്ങളെ ചെറുക്കാനും നാടിനെ സമരോത്സുകമാക്കിയ സമർപ്പിത ജീവിതമായിരുന്ന് ദയാനൻ്റേതന്ന് നേതാക്കൾ പറഞ്ഞു.

അര്‍ബുദബാധയെ തുടർന്ന് ദീര്‍ഘനാളായി ചികിത്സയില്‍ കഴിയുന്ന അദ്ദേഹം ബുധനാഴ്ച പുലര്‍ച്ചയോടെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെടുന്നത്. പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കാൻ നിരവധി പേരാണ് എത്തിയത്.

സിപിഎം ഏരിയാ സെക്രട്ടറി ടി പി ബി നീഷ് അധ്യക്ഷനായി. ചോമ്പാല ലോക്കൽ സെക്രട്ടറി എം പി ബാബു സ്വാഗതം പറഞ്ഞു. ഏരിയാ കമ്മറ്റിയംഗം വി പി ഗോപാലകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.

ജില്ലാ സെക്രട്ടറി പി മോഹനൻ, സംസ്ഥാന കമ്മറ്റിയംഗം പി ജയരാജൻ, മുൻ മന്ത്രി സി കെ നാണു, കാനത്തിൽ ജമീല എംഎൽഎ,സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരൻ, ഏരിയാ കമ്മറ്റിയംഗം ആർ ഗോപാലൻ, സി പി ഐ നേതാവ് ടി കെ രാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എ ടി ശ്രീധരൻ, പി ബാബുരാജ്, അൻവർ ഹാജി, പി എം അശോകൻ, പി സത്യനാഥ്, ബാബു പറമ്പത്ത്, മുബാ സ്കല്ലേരി, യുഎൽ സി സി എസ് ചെയർമാൻ രമേശൻ പാലേരി, എൻ ഉദയൻ (ലൈബ്രറി കൗൺസിൽ) പ്രദീപ് ചോമ്പാല (കേരള കോൺഗ്രസ്ൻ – ബി ) വൻമേരി രാജിവൻ (നവോദയ ലൈബ്രറി ചിറയിൽപീടിക) റീന രയരോത്ത് (വാർഡംഗം) എന്നിവർ സംസാരിച്ചു.