വടകരയിൽ കോൺഗ്രസ് നേതാവിന്റെ കാർ ആക്രമിച്ച സംഭവം; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ


വടകര: കോൺഗ്രസ്സ് നേതാവും യു. ഡി. എഫ് വടകര മണ്ഡലം ചെയർമാനുമായ കോട്ടയിൽ രാധാകൃഷ്‌ണന്റെ കാർ അക്രമിച്ച് തകർത്ത സംഭവത്തിൽ രണ്ട് സി. പി. എം. പ്രവർത്തകർ അറസ്റ്റിൽ. വടകര കരിമ്പനപ്പാലം തറോൽ താഴെ ടി. പി. ജനീഷ് (36), വടകര പാക്കയിൽ ആനപ്പാന്റവിട ഷിജിൻലാൽ (33)എന്നിവരെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.

വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നവകേരള സദസ് വേദിയിൽ പ്രതിഷേധം കണക്കിലെടുത്ത് കരുതൽ തടങ്കലിലാക്കിയ പ്രവർത്തകരെ ജാമ്യത്തിൽ ഇറക്കി സ്റ്റേഷനിൽ നിന്നും പുറത്തേക്ക് വരുമ്പോഴാണ് കാറിൽ സഞ്ചരിച്ച കോട്ടയിൽ രാധാകൃഷ്‌ണനും യൂത്ത് കോൺഗ്രസ് നേതാക്കൾക്കും നേരെ അക്രമണമുണ്ടായത്.

അക്രമികള്‍ കാറിന്‍റെ മുന്‍വശത്തെ ചില്ല് അടിച്ചുതകര്‍ത്തു. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
വടകരയില്‍ യുഡിഎഫ് ചെയർമാനെ കയ്യേറ്റം ചെയ്തതിന് എതിരെ വധശ്രമത്തിലെ കേസെടുക്കണമെന്ന് കെ കെ രമ എംഎൽഎ ആവശ്യപ്പെട്ടിരുന്നു. ആയുധങ്ങളുമായി കരുതികൂട്ടിയാണ് 15ഓളം വരുന്ന അക്രമികള്‍ കാര്‍ തടഞ്ഞതെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ തണലിലാണ് അക്രമ സംഭവങ്ങൾ അരങ്ങേറുന്നതെന്നും കെ കെ രമ ആരോപിച്ചിരുന്നു.