കോടിയേരി ബാലകൃഷ്ണനെ അപകീർത്തിപ്പെടുത്തുന്ന കമന്റ്; ഏറാമല സ്വദേശിനിയായ അധ്യാപികയ്ക്ക് പിഴ ശിക്ഷ വിധിച്ച് വടകര കോടതി
വടകര: സി.പി.ഐ.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മരണ വാർത്തയ്ക്ക് താഴെ അപകീർത്തികരമായ കമൻറ് ഇട്ട അധ്യാപിയ്ക്ക് പിഴ ശിക്ഷ വിധിച്ചു. വടകര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് 500 രൂപ പിഴ ശിക്ഷ വിധിച്ചത്.
കൂത്തുപറമ്പ് തൊക്കിലങ്ങാടി എച്ച്.എസ്.എസ് അധ്യാപികയും ഏറാമല സ്വദേശിയുമായ ‘കൃഷ്ണ കൃപ’യിൽ കെ.വി ഗിരിജയെയാണ് മജിസ്ട്രേറ്റീവ് എ.എം ഷീജ ശിക്ഷിച്ചത്.
കോടിയേരി മരിച്ച സമയത്ത് സ്വകാര്യ ചാനൽ ഫേസ്ബുക്ക് പേജിൽ വന്ന മരണ വാർത്തയ്ക്ക് താഴെ ഗിരിജ മോശം കമന്റിട്ട എന്നാണ് പരാതി. വി.ജിജോ നൽകിയ പരാതിയിലാണ് എടച്ചേരി പോലീസ് കേസെടുത്തത്.
2022 ഒക്ടോബർ 1നാണ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചത്. അദ്ദേഹത്തിന് കേരളക്കരയാകെ വൈകാരികമായ യാത്രയയപ്പായിരുന്നു നൽകിയിരുന്നത്. മികച്ച ഭരണാധികാരി എന്ന നിലയിൽ രാഷ്ട്രീയ ഭേദമന്യേ ആളുകളുടെ മനസ്സിൽ സ്ഥാനം പിടിച്ചിരുന്ന വ്യക്തി ആയിരുന്നു കോടിയേരി ബാലകൃഷ്ണൻ. അദ്ദേഹത്തിൻറെ വിയോഗത്തിൽ കേരളക്കരയിൽ നിന്നാകെ അനുശോചനം രേഖപ്പെടുത്തുകയും സോഷ്യൽ മീഡിയയിലാകെ അദ്ദേഹത്തോടൊപ്പമുള്ള അനുഭവങ്ങൾ ആളുകൾ പങ്കുവെക്കുകയും ചെയ്തു. അതിനിടയിലാണ് ഏറാമല സ്വദേശിനിയായ ഈ അധ്യാപിക അദ്ദേഹത്തിനെതിരെ മോശം കമന്റിട്ടത്.